തിരുവല്ല: തമിഴ്‌നാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത ദുര്‍മന്ത്രവാദക്കേസില്‍ കളളനോട്ട് കേസിലെ പ്രതിയെ പുളിക്കീഴ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പരുമല സ്വദേശി ചെല്ലപ്പനെയാണ് തമിഴ്‌നാട് ഉത്തമപാളയം പൊലീസിന്റെ നിര്‍ദേശപ്രകാരം പുളിക്കീഴ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. മന്ത്രവാദി ചമഞ്ഞ് പൂജകള്‍ ചെയ്ത് സാമഗ്രികള്‍ കൈമാറിയതിനാണ് ചെല്ലപ്പന്‍ പിടിയിലായിട്ടുള്ളത്.
ഉത്തമപാളയം പൊലീസ് ദുര്‍മന്ത്രവാദം ചെയ്ത വസ്തുക്കളുമായി രണ്ടു പേരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരുടെ മൊഴിപ്രകാരം അവിടെ തന്നെയുള്ള ജയിംസ് സ്വാമി എന്നയാളാണ് കൂടോത്രം കൈമാറിയതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ജയിംസ് സ്വാമിയെ ചോദ്യം ചെയ്തപ്പോഴാണ് ചെല്ലപ്പനിലേക്കെത്തുന്നത്. തമിഴ്‌നാട്ടില്‍ ദുര്‍മന്ത്രവാദവും കൂടോത്രവും ചെയ്ത് തട്ടിപ്പ് നടത്തി വരുന്നയാളാണ് ജയിംസ്. ഇയാള്‍ നാട്ടുകാരെ പറ്റിച്ചിരുന്നത് ചെല്ലപ്പനെ കാണിച്ചാണ്.
ചുട്ടകോഴിയെ പറപ്പിക്കുന്ന കേരള മന്ത്രവാദിയെന്നാണ് ചെല്ലപ്പനെ പരിചയപ്പെടുത്തിയിരുന്നത്. മുഖ്യമന്ത്രവാദിയെന്നാണ് ചെല്ലപ്പനെ അവതരിപ്പിച്ചത്. ഇയാള്‍ വണ്ടിപ്പെരിയാറില്‍ വച്ച് പൂജകള്‍ ചെയ്ത് കൂടോത്രം കൈമാറുകയാണ് ചെയ്യുന്നത്. അതിനുള്ള പണം പൂജയ്ക്ക് വരുന്നവരില്‍ നിന്ന് നേരിട്ട് കണ്ടെത്തും. ഒരു വിഹിതം ഇരകളെ എത്തിക്കുന്ന ജയിംസ് സ്വാമിക്ക് കൊടുത്ത ശേഷം ബാക്കി ചെല്ലപ്പന്‍ പോക്കറ്റിലാക്കും. ഇങ്ങനെ ചെല്ലപ്പന്‍ ചെയ്തു കൊടുത്ത കൂടോത്രവുമായി പോയവരാണ് ഉത്തമപാളയത്ത് പൊലീസ് പിടിയിലായത്. അവിടെ നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുളിക്കീഴ് പൊലീസ് ഇന്ന് വൈകിട്ട് ചെല്ലപ്പനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ കൊണ്ടു പോകുന്നതിനായി ഉത്തമപാളയം പോലീസ് പുളിക്കീഴിലേക്ക് തിരിച്ചു.