പത്തനംതിട്ട: പരീക്ഷണം എന്ന നിലയില്‍ ആദ്യമായി നടത്തിയ പൂ കൃഷിയില്‍ മികച്ച വിളവ് ലഭിച്ച സന്തോഷത്തിലാണ് ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്ത് അംഗം എം ആര്‍ മധു. ഓണക്കാലത്ത് ചെന്നീര്‍ക്കരയിലെയും സമീപ പഞ്ചായത്തുകളിലെയും അത്തപ്പൂക്കളങ്ങളില്‍ നിറയുന്നത് മധുവിന്റെ പൂന്തോട്ടത്തില്‍ നിന്നുള്ള പൂക്കളാണ്:
രണ്ടര ഏക്കര്‍ സ്ഥലത്താണ് ചെന്നീര്‍ക്കര 12-ാം വാര്‍ഡ് അംഗം മനോഹരമായ പൂന്തോട്ടം ഒരുക്കിയത്. മഞ്ഞയും ചുവപ്പും ജമന്തിപ്പൂക്കളും വാടാമുല്ല ചെടികളുമാണ് മധുവിന്റെ പൂന്തോട്ടത്തെ മനോഹരമാക്കിക്കൊണ്ട് പൂവിട്ട് നില്‍ക്കുന്നത്. തന്റെ വാര്‍ഡിനെ തരിശ് രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഗ്രാമപഞ്ചായത്തംഗത്തിന്റെ പുഷ്പ്പകൃഷി.
40 വര്‍ഷമായി തരിശായി കിടന്ന ഭൂമിയില്‍ ആദ്യമായി കൃഷിയിറക്കിയപ്പോള്‍ ചില പ്രതിസന്ധികളും ഉണ്ടായതായി മധു പറഞ്ഞു. ഇരുപതിനായിരം ചെടികള്‍ നട്ടെങ്കിലും കീടബാധയെ തുടര്‍ന്ന് പതിന്നാലായിരം മാത്രമാണ് അവശേഷിച്ചത്. ഒരു ചെടിയില്‍ നിന്നും ശരാശരി അരക്കിലോ പൂവ് ലഭിച്ചതായും മധു പറയുന്നു. മധുവിന്റെ പുകൃഷിയെപ്പറ്റി അറിഞ്ഞ് നിരവധി ആളുകളാണ് പൂന്തോട്ടം കാണാനും പുക്കള്‍ വാങ്ങാനുമായി എത്തുന്നത്. പൂന്തോട്ടം നിറയെ പൂമ്പാറ്റകളും വണ്ടുകളും തേനീച്ചകളുമെല്ലാം പറന്ന് നടക്കുന്നതും കര്‍ഷകനായ മധുവിന് ഏറെ സന്തോഷം നല്‍കുന്നുണ്ട്. എന്നാല്‍ തിരുവോണം കഴിയുന്നതോടെ വിളവെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ പൂമ്പാറ്റകള്‍ക്കും ഓണത്തുമ്പികള്‍ക്കും പൂക്കള്‍ ഇല്ലാതെയാകുമെന്ന ചെറിയൊരു സങ്കടവും മധുവിനുണ്ട്.