
പത്തനംതിട്ട: കോന്നി കൂടലിലെ ബിവറേജസ് മദ്യവില്‍പ്പനശാലയില്‍ നിന്ന് ബാങ്കില്‍ അടയ്ക്കാനുള്ള തുകയില്‍ നിന്ന് പല തവണയായി 81 ലക്ഷം രുപ തട്ടിയെടുത്ത കേസില്‍ ജീവനക്കാരന്‍ കോടതിയില്‍ കീഴടങ്ങി. എല്‍.ഡി.ക്ലാര്‍ക്ക് ആനയടി സ്വദേശി അരവിന്ദാണ് (24) പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(രണ്ട്)യില്‍ ഇന്ന് കീഴടങ്ങിയത്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ വാങ്ങുന്നതിന് നാളെ അപേക്ഷ നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കോന്നി ഡിവൈ.എസ്.പി ടി. രാജപ്പന്‍ പറഞ്ഞു.
പിതാവ് മരിച്ച ഒഴിവില്‍ ഒന്നര വര്‍ഷം മുന്‍പാണ് അരവിന്ദ് ജോലിക്ക് കയറുന്നത്. ആദ്യ നിയമനം കൂടലിലെ മദ്യവില്‍പ്പനശാലയിലായിരുന്നു. ഓരോ ദിവസത്തെയും കളക്ഷന്‍ പിറ്റേന്ന് രാവിലെയാണ് ബാങ്കില്‍ അടച്ചിരുന്നത്. ഇതില്‍ നിന്ന് അമ്പതിനായിരം, മുപ്പതിനായിരം എന്നിങ്ങനെ തുകകള്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. മദ്യവില്‍പ്പനശാലയുടെ ഇന്‍ചാര്‍ജ് കൃഷ്ണകുമാറിനെ കബളിപ്പിച്ചാണ് ഇയാള്‍ പണം തട്ടിയത്. അടയ്ക്കുന്ന തുക എത്രയെന്നുള്ളത് വേരിഫൈ ചെയ്യേണ്ടത് കൃഷ്ണകുമാര്‍ ആയിരുന്നു. പലപ്പോഴും കൃഷ്ണകുമാറിനെ വാക്ചാതുരി കൊണ്ട് വീഴ്ത്തി അരവിന്ദ് പരിശോധന ഒഴിവാക്കിയിരുന്നു. പരിശോധിച്ച് നോക്കുമെന്നുള്ള ദിവസങ്ങളില്‍ ബാങ്കില്‍ മുഴൂവന്‍ പണവും അടച്ച് സ്ലിപ്പ് കാണിക്കുകയും ചെയ്യും.
രേഖകളില്‍ കാണുന്ന വരുമാനം അക്കൗണ്ടില്‍ ചെല്ലാതെ വന്നപ്പോഴാണ് അന്വേഷണം നടന്നത്. തുടര്‍ന്ന് കൂടല്‍ പൊലീസില്‍ പരാതി നല്‍കി. പ്രാഥമിക അന്വേഷണത്തില്‍ തട്ടിപ്പ് വ്യക്തമായതിനെ തുടര്‍ന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം കോന്നി ഡിവൈ.എസ്.പി ഏറ്റെടുത്തു. അരവിന്ദിന്റെ അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്നുമാണ് ഓണ്‍ലൈന്‍ റമ്മി കളിക്കാണ് പണം വകമാറ്റിയിരുന്നതെന്ന് വ്യക്തമായത്. ഇയാളുടെ കേരള ഗ്രാമീണ്‍ ബാങ്ക് അക്കൗണ്ടില്‍ 22 ലക്ഷം രൂപയും എസ്.ബി.ഐ അക്കൗണ്ടില്‍ 51,000 രൂപയും ബാലന്‍സ് ഉണ്ടായിരുന്നു. പൊലീസ് രണ്ട് അക്കൗണ്ടുകളും ബാങ്കുകള്‍ക്ക് കത്തു കൊടുത്ത് മരവിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂണ്‍ മുതല്‍ ആരംഭിച്ച വെട്ടിപ്പ് കഴിഞ്ഞ മാസം നടന്ന ഓഡിറ്റിലാണ് കണ്ടെത്തിയത്. ബാങ്കില്‍ അടയ്ക്കാന്‍ കൊടുത്ത പണത്തില്‍ നിന്നാണ് വെട്ടിപ്പ് നടത്തിയിട്ടുള്ളത്. അരവിന്ദ് ഒളിവിലായിരുന്നു. മദ്യശാലയിലെ മറ്റു ജീവനക്കാരെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.