
പത്തനംതിട്ട: സൈബര്‍ തട്ടിപ്പുകാര്‍ക്ക് മുന്നില്‍ പൊലീസിനും രക്ഷയില്ല. പത്തനംതിട്ട എസ്പിയുടെ വാട്‌സാപ്പ് അക്കൗണ്ട് നിര്‍മിച്ച് പണം തട്ടാന്‍ ശ്രമം. ജില്ലാ പൊലീസ് മേധാവി വി. അജിത്തിന്റെ പരാതിയില്‍ പത്തനംതിട്ട സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ആന്ധ്ര ഗുണ്ടൂര്‍ സ്വദേശി പഗുലു ഗോപിക്കെതിരേയാണ് സൈബര്‍ പൊലീസ് കേസെടുത്തു. പണം തട്ടാനായിരുന്നു ശ്രമമെന്ന് കരുതുന്നു. എസ്പിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നാണ് പ്രതി ഫോട്ടോയെടുത്തത്. വാട്ട്‌സ് ആപ്പിലുടെ ജില്ലയിലെ ചില പൊലീസ് ഉദ്യോഗസ്ഥരോട് പണം ആവശ്യപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എസ്.പി ഇടപെട്ട് അക്കൗണ്ട് ബ്ലോക്ക് ചെയ്തു. ഇതേ തുടര്‍ന്ന് കര്‍ണാടകയിലെ ഒരു പൊലീസ് ഓഫീസറുടെ ഫോട്ടോ ഉപയോഗിച്ച് പ്രതി മറ്റൊരു അക്കൗണ്ട് നിര്‍മ്മിച്ചതായും കണ്ടെത്തി. ആന്ധ്ര കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് അറിയുന്നത്. അന്വേഷണം ആരംഭിച്ചതായി വി. അജിത്ത് പറഞ്ഞു.