കൊല്ലത്തെ വ്യാജബിഷപ്പിന്റെ കെണിയില്‍ വീണ് എന്‍ഡിഎ: എല്‍.ഡി.എഫും യു.ഡി.എഫും മുതലെടുപ്പിന്

0 second read
Comments Off on കൊല്ലത്തെ വ്യാജബിഷപ്പിന്റെ കെണിയില്‍ വീണ് എന്‍ഡിഎ: എല്‍.ഡി.എഫും യു.ഡി.എഫും മുതലെടുപ്പിന്
0

കൊല്ലം: എന്‍.ഡി.എ സ്ഥാനാര്‍ഥി ജി.കൃഷണകുമാറിന്റെ റോഡ് ഷോയില്‍ വ്യാജ മെത്രാനെ പങ്കെടുപ്പിച്ചതിനെ ചൊല്ലി ബി.ജെ.പി ജില്ലാ ഘടകത്തില്‍ ഭിന്നത. പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി നടത്തിയ റോഡു ഷോയിലാണ് തട്ടിപ്പുകേസുകളിലെ പ്രതിയായ വ്യാജമെത്രാന്‍ കൊല്ലം കടപ്പാക്കട റെയില്‍വേ മേല്‍പ്പാലത്തിന് സമീപം താമസിക്കുന്ന ജെയിംസ് ജോര്‍ജ് പങ്കെടുത്തത്. പരിപാടിയുടെ വാര്‍ത്തയും ഫോട്ടോയും ജന്മഭൂമി പ്രാധാന്യത്തോടെ നല്കി.പിന്നാലെ ഇത്
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നേതൃത്വം വെട്ടിലായി.ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷ്യന്‍ ഡോ.ബസേലിയോസ് മാര്‍ത്തോമ്മാ യാക്കോബ് പ്രഥമന്‍ കാതോലിക്കാ ബാവ എന്ന പേരിലാണ് ജെയിംസ് ജോര്‍ജ് റോഡ് ഷോയില്‍ പ്രത്യക്ഷപ്പെട്ടത്.

തട്ടിപ്പുകാരനാണ് എന്ന് അറിഞ്ഞിട്ടും ജെയിംസ് ജോര്‍ജിനെ പങ്കെടുപ്പിച്ചത് ചില നേതാക്കളുടെ അറിവോടുകൂടിയാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. എന്നാല്‍ ആരും ക്ഷണിക്കാതെയാണ് ഇയാള്‍ കാതോലിക്ക ബാവയുടെ വേഷത്തില്‍ എത്തിയതെന്നാണ് ഇലക്ഷന്‍ കമ്മറ്റിയുടെ ചുമതലയുള്ള നേതാക്കളുടെ വാദം. ക്ഷണിക്കാതെ എത്തിയതാണെങ്കില്‍ സ്ഥാനാര്‍ഥിക്കൊപ്പം മുന്‍നിരയില്‍ എങ്ങനെ ഇയാള്‍ക്ക് അവസരം ലഭിച്ചുവെന്ന ചോദ്യമാണ് ഉയരുന്നത്. ടൗണില്‍ തന്നെയുള്ള നേതാക്കള്‍ക്ക് ഇയാള്‍ തട്ടിപ്പുകാരനാണെന്ന് അറിയാമായിരുന്നിട്ടും മുന്‍നിരയില്‍ എത്തിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഒരു വിഭാഗം ആരോപിക്കുന്നു.

വാര്‍ത്തയും ഫോട്ടോയും എല്‍.ഡി.എഫും യുഡിഎഫും വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. തട്ടിപ്പിലൂടെ ജയിംസ് ജോര്‍ജ് സമ്പാദിച്ച സ്ഥാവര ജംഗമ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.ഈ കേസില്‍ നിന്ന് രക്ഷപെടുത്താമെന്ന് ബിജെപിക്കാര്‍ വാഗ്ദാനം ചെയ്തതിനാലാണ് വേഷം കെട്ടിച്ച് ജയിംസിനെ ഇറക്കിയതെന്ന ന്നാണ് പ്രചാരണം നടക്കുന്നത്. ഇത് മുന്നണിക്കും ബി.ജെ.പിക്കും വളരെ നാണക്കേട് ഉണ്ടാക്കി. ബിജെപിക്കാര്‍ ക്ഷണിച്ചപ്രകാരമാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് ജെയിംസ് ജോര്‍ജ് അവകാശപ്പെടുന്നത്.

ഉദ്യോഗാര്‍ഥികളില്‍ നിന്നു പണം വാങ്ങി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയെന്ന പരാതിയില്‍ 2015 ലാണ് കൊല്ലം ഈസ്റ്റ് പൊലീസ് ജെയിംസ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഇയാള്‍ നല്‍കിയിരുന്നു. ക്ലാസുകളൊന്നും നടത്താതെ തന്നെ ഇവരുടെ സ്വന്തം സ്ഥാപനത്തിന്റെ പേരിലുള്ള ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകളും പ്രതികള്‍ വില്‍പന നടത്തി.തട്ടിപ്പിലൂടെ നേടിയ കള്ളപ്പണം വെളുപ്പിക്കാനായി വിവിധ ജില്ലകളില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയതിന്റെ തെളിവു ലഭിച്ചതോടെയാണ് ഇഡി കേസ് റജിസ്റ്റര്‍ ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണു സ്വത്തുകള്‍ കണ്ടുകെട്ടിയത്.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…