
പത്തനംതിട്ട: മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഭീഷണിയുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. എ.ഡി.എം നവീന്‍ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷം തിരികെ മടങ്ങുമ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സുരേന്ദ്രന്റെ ഭീഷണി. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ശേഷം ചില മാധ്യമപ്രവര്‍ത്തകര്‍ ബി.ജെ.പിയെ അവഹേളിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കുകയാണെന്നും അത്തരക്കാരെ കൈകാര്യം ചെയ്യുമെന്നുമാണ് സുരേന്ദ്രന്റെ ഭീഷണി. പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ മറവില്‍ നൂറുക്കണക്കിന് ബലിദാനികള്‍ ജീവന്‍ നല്‍കി പടുത്തുയര്‍ത്തിയ ഒരു മഹാപ്രസ്ഥാനത്തെ കരിവാരി തേക്കാന്‍ കഴിഞ്ഞ മൂന്നാല് ദിവസങ്ങളായി മാധ്യമങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. ഇത്തരം നെറികേടുകള്‍ കാണിച്ച ഒരുത്തനേം വെറുതെ വിടില്ല. സുരേന്ദ്രന്‍ പറഞ്ഞു. കള്ളവാര്‍ത്തകള്‍ കൊടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തിട്ടുള്ളവര്‍, ഏത് കൊമ്പത്തിരിക്കുന്നവരാണെങ്കിലും അവരെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം, പാലക്കാട് നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലര്‍മാരുടെ പരസ്യ പ്രസ്താവനയെപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് സുരേന്ദ്രന്‍ ഒഴിഞ്ഞുമാറി.