ഗ്രാമസേവകനെ കലക്ടറേറ്റില്‍ നിന്നെന്നു പറഞ്ഞ് വിളിച്ച് റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചുവെന്ന് ആരോപണം: പാമ്പാടുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരേ യുഡിഎഫ്

0 second read
Comments Off on ഗ്രാമസേവകനെ കലക്ടറേറ്റില്‍ നിന്നെന്നു പറഞ്ഞ് വിളിച്ച് റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചുവെന്ന് ആരോപണം: പാമ്പാടുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരേ യുഡിഎഫ്
0

ഇടുക്കി: കലക്ടറേറ്റില്‍ നിന്നെന്ന വ്യാജേന ഗ്രാമസേവകനെ വിളിച്ച് കോള്‍ റെക്കോര്‍ഡ് ചെയ്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതില്‍ ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. പാമ്പാടുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഫോണ്‍ വിളിയാണ് നാട്ടില്‍ പുലിവാലായത്. വി.ഇ.ഒയെ കുറിച്ച് നിരന്തരം പരാതിയാണെന്നും ഓഫീസില്‍ കാണാന്‍ കഴിയില്ലെന്നും കലക്ടറേറ്റില്‍ ഇമെയില്‍ പരാതി വന്നിട്ടുണ്ടെന്നും തിങ്കളാഴ്ച കലക്ടറേറ്റില്‍ എത്തെണമെന്നുമായിരുന്നു ഫോണ്‍ സന്ദേശം. റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണം വൈസ് പ്രസിഡന്റ് തന്നെ ജീവനക്കാരും അംഗങ്ങളുമുള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇട്ടത്.ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ ഇത് മറ്റു ഗ്രൂപ്പുകളിലും പ്രചരിച്ചു.

നാട്ടില്‍ സംഭവം ചര്‍ച്ചയായതാടെ പരാതിയുമായി യുഡിഎഫും രംഗത്തുവന്നു. ആള്‍മാറാട്ടം നടത്തി ഫോണ്‍ വിളിച്ച് കബളിപ്പിച്ച വൈസ് പ്രസിഡന്റിനെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്കാനും അവര്‍ നീക്കം തുടങ്ങി. അതിനിടെ വൈസ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് സമര പരിപാടികളുമായി രംഗത്ത് വരുമെന്നും സൂചനകളുണ്ട്. ഏതാനും നാളുകളായി ഇടത് മുന്നണി ഭരിക്കുന്ന പാമ്പാടുംപാറ പഞ്ചായത്ത് വിവാദങ്ങളില്‍ ഉഴലുകയാണ്.ഇതിനിടയിലാണ് വൈസ് പ്രസിഡന്റിന്റെ കലക്ടറുടെ പേരിലുള്ള ഫോണ്‍ വിളിയും പുറത്താകുന്നത്.

വാട്‌സാപ്പില്‍ പ്രചരിച്ച ശബ്ദ സന്ദേശത്തിന്റെ പൂര്‍ണ രൂപം:

വൈസ് പ്രസിഡന്റ് : ‘നിങ്ങള്‍ പാമ്പാടുംപാറ പഞ്ചായത്തിലെ വി.ഇ.ഒ ആണോ?’

വി.ഇ.ഒ : ‘അതെ..’

വൈസ് പ്രസിഡന്റ് : ‘നിങ്ങളെ കുറിച്ച് നിരന്തരം പരാതിയാണല്ലോ ഓഫീസില്.. നിങ്ങള് ഈ ഓഫീസില്.. വി.ഇ.ഒ .. ഓഫീസില്‍ ഇല്ല.. നിങ്ങളെ വന്നാല്‍ കാണാന്‍ പറ്റത്തില്ല.. ആളുകള്‍ അവിടെ വന്ന് നിരന്തരം നിങ്ങളെ വെയ്റ്റ് ചെയ്ത് നില്‍ക്കുകയാണെന്ന് ഓഫീസില്‍ (കലക്ട്രേറ്റില്‍) പരാതിയുണ്ടല്ലോ?’

വി.ഇ.ഒ : ‘ഇല്ലാ.. ഞാന്‍ അങ്ങനെ നില്‍ക്കില്ല..ഞാന്‍.. ഫുള്‍ടൈം ഓഫീസില്‍ ഉണ്ടല്ലോ..’

വൈസ് പ്രസിഡന്റ് : ‘ഇന്നുണ്ടായിരുന്നോ ഓഫീസില്‍.. ഇന്ന് ശനിയാഴ്ചയല്ലേ? വര്‍ക്കിങ് ഡേയല്ലേ?’

വി.ഇ.ഒ: ഇന്ന് ലീവ് വച്ചിട്ടായിരുന്നു.. ശനിയാഴ്ച പോകാതിരുന്നത്..

വൈസ് പ്രസിഡന്റ് : ‘നിങ്ങള്‍ കഴിഞ്ഞ ആഴ്ചയിലും ഇതുപോലെ രണ്ടു മൂന്ന് ദിവസം ഓഫീസില്‍ ഇല്ലായിരുന്നല്ലോ?’

വി.ഇ.ഒ: ‘ഇല്ല..ഉണ്ടായിരുന്നു.. കഴിഞ്ഞ ആഴ്ച മൊത്തം ദിവസവും പഞ്ചായത്തിലുണ്ടായിരുന്നു..’

വൈസ് പ്രസിഡന്റ് : ‘അങ്ങനെ പരാതി വന്നിട്ടാണ് വിളിക്കുന്നത്..’

ഗ്രാമ സേവകന്‍: ‘..അതാര് കൊടുത്തതെന്ന് അറിയില്ല..ഞാന്‍ എല്ലാ ദിവസവും പഞ്ചായത്തിലുണ്ടായിരുന്നു.’

വൈസ് പ്രസിഡന്റ് : ‘ ഇപ്പോള്‍ എവിടാ..?

വി.ഇ.ഒ : ഇപ്പോള്‍ വീട്ടില്..’

വൈസ് പ്രസിഡന്റ് : ‘ഇന്ന് ലീവ് വച്ചിട്ടാണോ പോയത്?’

വി.ഇ.ഒ : ‘ഇന്ന് ലീവ് വച്ചിട്ടാ പോയത്.. ബ്ലോക്കില്‍ ലീവ് വച്ചിരുന്നു.’

വൈസ് പ്രസിഡന്റ് : ‘എന്നാല്‍ പരാതി ശരിയാണോയെന്ന് അന്വേഷിക്കട്ടെ.. ഇങ്ങനെ ഒരു പരാതി വന്നിട്ടുണ്ട്.. ഓഫീസില്..’

വി.ഇ.ഒ: ‘അയ്യോ…ആ..അറിയത്തില്ല.. സാറേ..നമ്മള് സ്ഥിരമായിട്ടുണ്ടായിരുന്നു അവിടെ..’

വൈസ് പ്രസിഡന്റ് : ‘ആ..നോക്കട്ടെ..വിളിക്കാം.’

സംശയം തോന്നി ഗ്രാമ സേവകന്‍ കലക്ട്രേറ്റില്‍ നിന്ന് വിളി വന്ന നമ്പരിലേക്ക് തിരിച്ചു വിളിച്ചപ്പോള്‍:

വി.ഇ.ഒ :’എവിടുന്നാ സാറേ വിളിച്ചത്?’

വൈസ് പ്രസിഡന്റ് : ‘കലക്ട്രേറ്റില്‍ നിന്നാണ്..’

വി.ഇ.ഒ: ‘ആര് അയച്ചതാണെന്നറിയില്ല..ഞാന്‍ ഉണ്ടായിരുന്നു കറക്ടായിട്ടെല്ലാം..’

വൈസ് പ്രസിഡന്റ് : ‘ഇന്ന് പതിനൊന്ന് മണിക്കൊരു മെയിലുവന്നതാണ്.. അവിടുന്ന്..’

വി.ഇ.ഒ : ‘ഇന്നോ.. ഇന്ന് പതിനൊന്നു മണിക്കോ?’

വൈസ് പ്രസിഡന്റ് : ‘അതെ.. അതെ.. അതെ..’

വി.ഇ.ഒ: ‘ങ്ങാ..’

വൈസ് പ്രസിഡന്റ് : ‘നിങ്ങളുടെ ലൈഫുമായി (ലൈഫ് ഭവന പദ്ധതി) ബന്ധപ്പെട്ട് കുറെ അലിഗേഷനും പറയുന്നുണ്ട്..’

വി.ഇ.ഒ :’നമ്മുടെ ലൈഫോ..?’

വൈസ് പ്രസിഡന്റ് :’ങാ..’

വി.ഇ.ഒ:’പാമ്പാടുംപാറേന്നോ?’

വൈസ് പ്രസിഡന്റ് :’നിങ്ങള്‍ അവിടല്ലെ വര്‍ക്ക് ചെയ്യുന്നത്..?’

വി.ഇ.ഒ:’പാമ്പാടുംപാറയാ സാറേ …’

വൈസ് പ്രസിഡന്റ് :’ ങാ..ശരി..’

വി.ഇ.ഒ:’ങാ…’

വൈസ് പ്രസിഡന്റ് :’എന്തായാലും ഓഫീസില്‍ വാ.. തിങ്കളാഴ്ച കാണാം… തിങ്കളാഴ്ച എത്തുമോ നിങ്ങള്..’

വി.ഇ.ഒ: ‘ആ.. തിങ്കളാഴ്ച കയറിക്കോളാം സാറേ …’

വൈസ് പ്രസിഡന്റ്:’ ആ.. ശരി … ആട്ടെ..’

വി.ഇ.ഒ:’എവിടാ.. സാറേ .. കലക്ട്രേറ്റിലാണോ.. സാറേ..’

വൈസ് പ്രസിഡന്റ്:’ഇല്ല വിളിച്ചോളാം..’

വി.ഇ.ഒ: ‘ങാ..’

( ഗ്രാമ സേവകന്റെ ഫോണ്‍ കട്ടായതോടെ വീണ്ടും പരിഹാസ ചിരി.)

Load More Related Articles
Load More By Veena
Load More In EXCLUSIVE
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…