
അടൂര്‍: ഒന്നിന് പിറകെ ഒന്നായി വ്യാജ നമ്പര്‍ പ്ലേറ്റുളള ഇരുചക്രവാഹനങ്ങള്‍ ഒരേ വീട്ടില്‍ നിന്ന് പിടികൂടിയ സംഭവത്തില്‍ ഒടുവില്‍ പൊലീസ് ഇടപെടല്‍. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ ഏനാത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വ്യാജ നമ്പര്‍ പ്ലേറ്റുളള പച്ച ബുള്ളറ്റ് പിടികൂടി 11 ദിവസത്തിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ട വസ്തുത. കടമ്പനാട് സ്വദേശി അഖിലിന്റെ വീട്ടില്‍ നിന്ന് ഇന്നലെ മറ്റൊരു ബജാജ് സിടി 100 ബൈക്ക് കൂടി പിടികൂടിയതിന് ശേഷമാണ് പൊലീസ് ഒന്ന് അനങ്ങിയിരിക്കുന്നത്. അതിനിടെ കേസ് അട്ടിമറിക്കാന്‍ കടമ്പനാട്ടുള്ള സിപിഎം നേതാക്കള്‍ക്ക് പിന്നാലെ കൊല്ലം ജില്ലയില്‍ നിന്നുള്ള ഉന്നത നേതാവിന്റെ വിളിയും എത്തിയിട്ടുണ്ട്. അഖില്‍ ഉപയോഗിച്ചിരുന്നത് 5000 രൂപ ബൈക്ക് ആണെന്ന വിവരവും പുറത്തു വന്നു.
വ്യാജ ബൈക്കിലേക്കുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രയാണം തുടങ്ങുന്നത് മാര്‍ച്ച് നാലിനാണ്. വാഹന പരിശോധനയ്ക്കിടെ ഒരു യുവാവ് പച്ചബുള്ളറ്റില്‍ ഹെല്‍മറ്റ് വയ്ക്കാതെ പോകുന്നത് അടൂര്‍ ജോയിന്റ് ആര്‍ടിഓഫീസിലെ എ.എം.വി.ഐ മാരായ എം.ആര്‍ മനോജ്, പി.കെ. അജയന്‍ എന്നിവര്‍ കാണുന്നു. വാഹനം കൈകാട്ടി നിര്‍ത്താനുള്ള സാവകാശം ഇവര്‍ക്ക് ലഭിച്ചില്ല. പക്ഷേ, നമ്പര്‍ മനസിലാക്കിയിരുന്നു. കെ.എല്‍.03 സി. 7433 എന്ന നമ്പരിന്റെ ഉടമയ്ക്ക് ഇതിന്‍ പ്രകാരം ഓണ്‍ലൈന്‍ ചെല്ലാന്‍ തയാറാക്കി പിഴ അടയ്ക്കാന്‍ അയച്ചു. മാര്‍ച്ച് ആറിന് മാവേലിക്കര സ്വദേശി ഇതേ നമ്പരിലുള്ള ചുവന്ന ബുള്ളറ്റുമായി അടൂര്‍ ആര്‍ടി ഓഫീസില്‍ ഹാജരായി. മാര്‍ച്ച് നാലിന് താന്‍ കടമ്പനാട് വഴി പോയിട്ടില്ലെന്നും തന്റെ രേഖകള്‍ എല്ലാം കൃത്യമാണെന്നും അദ്ദേഹം അറിയിച്ചു.
ഇതോടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പച്ച ബുള്ളറ്റ് കണ്ടെത്താന്‍ ശ്രമം തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ചോദിച്ചറിഞ്ഞും കഴിഞ്ഞ എട്ടിന് ഇവര്‍ കടമ്പനാട് സ്വദേശി അഖിലിന്റെ വീടിന്റെ പോര്‍ച്ചില്‍ വാഹനം കണ്ടെത്തി. രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യാജമാണെങ്കിലും എന്‍ജിന്‍ നമ്പര്‍ ഒറിജിനല്‍ ആയിരുന്നു. വാഹനം എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചെങ്കിലും അഖില്‍ ഉരുണ്ടു കളിക്കുകയും പരസ്പര വിരുദ്ധമായി മറുപടി നല്‍കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചെടുത്ത് അടൂര്‍ പൊലീസിന് കൈമാറി. വാഹനം മോഷ്ടിച്ചതോ കൃത്രമമായി നമ്പര്‍ ഉപയോഗിച്ച് ഓടിയതോ ആണെന്നിരിക്കേ അടൂര്‍ പൊലീസ് കേസെടുക്കാന്‍ തയാറായില്ല. പിടികൂടിയത് ഏനാത്ത് സ്‌റ്റേഷന്‍ പരിധിയിലാണെന്നതിനാല്‍ അവിടേക്ക് കൊടുക്കാന്‍ പറഞ്ഞു.
അങ്ങനെയിരിക്കുമ്പോഴാണ് ഇന്നലെ മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ അഖിലിന്റെ വീടിന് മുന്നിലൂടെ കടന്നു പോകുമ്പോള്‍ പോര്‍ച്ചില്‍ ഒരു ബജാജ് സിടി 100 ബൈക്ക് കാണുന്നത്. സംശയം തോന്നിയ ഇവര്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റില്‍ തെരഞ്ഞപ്പോള്‍ വാഹനത്തിന്റെ രേഖകള്‍ കാലഹരണപ്പെട്ടതാണെന്ന് മനസിലായത്. തുടര്‍ന്ന് വീട്ടിലെത്തി വാഹനം വിശദമായി പരിശോധിച്ചപ്പോള്‍ വാഹനത്തിന്റെ എന്‍ജിന്‍ നമ്പരും ചേസിസ് നമ്പരും വേറെയാണെന്ന് മനസിലായി. അതനുസരിച്ചുളള രജിസ്റ്റര്‍ നമ്പരായിരുന്നില്ല വാഹനത്തിലുണ്ടായിരുന്നത്. ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ അഖില്‍ ഉരുണ്ടു കളി തുടര്‍ന്നു. പതിവു പോലെ വാഹനം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഞായറാഴ്ച രാവിലെ തന്നെ ഇരുവാഹനങ്ങളും ജോയിന്റ് ആര്‍.ടിഓയുടെ റിപ്പോര്‍ട്ട് സഹിതം ഏനാത്ത് പൊലീസിന് കൈമാറി. ഉദ്യോഗസ്ഥരുടെ മൊഴി വാങ്ങി കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായി ഏനാത്ത് എസ്എച്ച്ഒ കെ.ആര്‍. മനോജ് കുമാര്‍ അറിയിച്ചു.
അഖിലിന്റെ കൈയില്‍ നിന്ന് രണ്ടാമത്തെ വാഹനവും പിടികൂടിയെന്ന് അറിഞ്ഞതോടെ സിപിഎം നേതാക്കള്‍ നെട്ടോട്ടം തുടങ്ങി. ജില്ലാ കമ്മറ്റിയംഗം, ലോക്കല്‍ കമ്മറ്റിയംഗം എന്നിവര്‍ കേസൊതുക്കാനുള്ള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. ഇതിന് പുറമേ കൊല്ലം ജില്ലയില്‍ നിന്നുള്ള നേതാവും ഇടപെടല്‍ നടത്തിയിട്ടുണ്ട്. ഒരു ലോക്കല്‍ കമ്മറ്റിയംഗത്തിന്റെ മകന്റെ ഉറ്റ സുഹൃത്ത് കൂടിയാണ് അഖില്‍. ഇത്തരം വാഹനങ്ങള്‍ക്ക് എക്‌സൈസ് ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന പേര് 5000 രൂപ ബൈക്ക് എന്നാണ്. ഇതിന്റെ കച്ചവടം നടക്കുന്നത് പത്തനംതിട്ട കുലശേഖരപതിയിലാണ്. രേഖകള്‍ ഇല്ലാത്ത ഇത്തരം ബൈക്കുകള്‍ ഉപയോഗിക്കുന്നത് കഞ്ചാവും എംഡിഎംഎയും പോലുളള ലഹരി മരുന്ന് കടത്തിന് വേണ്ടിയാണ്.