അടൂര്‍: ഓണ്‍ലൈന്‍ കെണിയില്‍ കോണ്‍ഗ്രസ് നേതാവും പെട്ടു. ദൃശ്യങ്ങള്‍ വൈറലായി. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈ.എസ്.പിക്ക് പരാതി നല്‍കി.അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോയ്‌ക്കെതിരെ മുന്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റുമായ ഏഴംകുളം അജു ഡിവൈ.എസ്.പിക്ക് പരാതി നല്‍കി.
പരാതിയില്‍ പറയുന്നത് ഇങ്ങനെ: ജനുവരി ഒന്നിന് ഫോണിലേക്ക് വാട്ട്‌സാപ്പ് കോള്‍ വന്നു. വിളിച്ചയാള്‍ ഹിന്ദിയില്‍ സംസാരിച്ചപ്പോള്‍ പരിചയമില്ലെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. പിന്നാലെ വീഡിയോ കോളില്‍ ഒരു സ്ത്രീയെയാണ് കണ്ടത്. ഉടന്‍ ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വീണ്ടും വിളിച്ച് ഒരു ലക്ഷം രൂപ ഗൂഗിള്‍ പേ ചെയ്യണമെന്നും തുക അയച്ചില്ലെങ്കില്‍ നഗ്‌ന ഫോട്ടോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണി മുഴക്കി.
പോലീസില്‍ പരാതി നല്കുമെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. വീണ്ടും വിളിച്ച് അരലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ ഫോട്ടോ മോര്‍ഫ് ചെയ്ത് കളവായുണ്ടാക്കിയ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നതായി അറിയാന്‍ കഴിഞ്ഞതോടെയാണ് പരാതി നല്കിയത്. വ്യാജമായി പ്രചരിപ്പിക്കുന്ന വീഡിയോയുടെ ഉറവിടം കണ്ടെത്തി ആളുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ പറയുന്നു.