സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: സിപിഎമ്മിന്റെ കള്ളവോട്ട് കൊണ്ട് സഹികെട്ട് പത്തനംതിട്ടയിലെ പോലീസും: തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കണമെന്ന് ജില്ലാ പോലീസ് മേധാവി സഹകരണ വകുപ്പിന് കത്തയച്ചു

0 second read
Comments Off on സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: സിപിഎമ്മിന്റെ കള്ളവോട്ട് കൊണ്ട് സഹികെട്ട് പത്തനംതിട്ടയിലെ പോലീസും: തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കണമെന്ന് ജില്ലാ പോലീസ് മേധാവി സഹകരണ വകുപ്പിന് കത്തയച്ചു
0

പത്തനംതിട്ട: ജില്ലയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സഹകരണ ബാങ്കുകളിലെ കളളവോട്ട് കൊണ്ട് പൊറുതി മുട്ടി പോലീസും. തെരഞ്ഞെടുപ്പിനെ കുറിച്ച് പരാതികള്‍ ഏറി വരുന്ന സാഹചര്യത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് വോട്ടിങ് നടത്തണമെന്ന് കാട്ടി ജില്ലാ പോലീസ് മേധാവി വി. അജിത്ത് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) കത്തയച്ചു. ജില്ലയിലെ സഹകരണ ബാങ്കുകളുടെ ഭരണം പിടിച്ചെടുക്കുന്നതിനും നിലനിര്‍ത്തുന്നതിനും വേണ്ടി സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന ആക്ഷേപം ശക്തമാണ്. ഇതിനെതിരേ പ്രതികരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടിച്ചൊതുക്കേണ്ട ഗതികേടിലാണ് പോലീസ്. ഈ സാഹചര്യത്തിലാണ് വിചിത്രമായ ഒരു കത്ത് ജില്ലാ പോലീസ് മേധാവി സഹകരണ വകുപ്പ് അധികൃതര്‍ക്ക് നല്‍കേണ്ടി വന്നിരിക്കുന്നത്.

സഹകരണ സംഘം തെരഞ്ഞെടുപ്പുകളില്‍ കള്ളവോട്ട് നടക്കുന്നുവെന്ന വിഷയം മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ തന്നെ ഉന്നയിക്കുന്നുവെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ ഇലക്ഷന്‍ ഡ്യൂട്ടിക്ക് വരുന്ന കോ-ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ കാര്‍ഡ് വ്യക്തമായി പരിശോധിക്കണം. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ ഇടയായാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും അത് ഗുരുതരമായ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് വഴി തെളിക്കുകയും ചെയ്യും. അതിനാല്‍ വോട്ടെടുപ്പ് വേളയില്‍ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് എസ്.പി ജോയിന്റ് രജിസ്ട്രാര്‍ക്ക് അയച്ച കത്തില്‍ പറയുന്നത്. എസ്.പി ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ പരിശോധിക്കണമെന്ന് അടിക്കുറിപ്പോടെ കത്ത് എല്ലാ അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍ക്കും ജോയിന്റ് രജിസ്ട്രാര്‍ അയച്ചു കൊടുത്തിട്ടുണ്ട്.
കള്ളവോട്ട് ചെയ്യുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച സംഘം സിപിഎമ്മിനുണ്ട്. ഒരാള്‍ ബൂത്തില്‍ കയറിയാല്‍ 30 വോട്ട് വീതം ചെയ്യണം. നേരത്തേ പത്തനംതിട്ടയിലും കഴിഞ്ഞയാഴ്ച തുമ്പമണിലും നടന്ന സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ ഇങ്ങനെ കള്ളവോട്ട് ചെയ്യാന്‍ വന്നവര്‍ കാമറയില്‍ കുടുങ്ങിയിരുന്നു. രണ്ട് ഇടത്തും കള്ളവോട്ട് ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തുമ്പമണില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ലാത്തി ചാര്‍ജ് ചെയ്യുക മാത്രമല്ല, നേതാക്കള്‍ക്കെതിരേ കള്ളക്കേസ് എടുക്കുകയും ചെയ്തു.

രഹസ്യമായി എടുത്ത കള്ളക്കേസ് അറിഞ്ഞ ആന്റോ ആന്റണി എം.പി എസ്.പിയെ വിളിച്ച് കയര്‍ക്കുകയും കോണ്‍ഗ്രസ് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തുകയും ചെയ്തു. തുമ്പമണില്‍ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച പോലീസുകാരന്‍ ശ്രീരാജിന്റെ പത്തനംതിട്ട കരിമ്പനാക്കുഴിയിലെ വീട്ടിലേക്ക് ബുധനാഴ്ച രാവിലെ യൂത്ത് കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മറ്റി നേതൃത്വത്തില്‍ മാര്‍ച്ചും നടത്തി.  കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. ജില്ലയിലെ സി.പി.എമ്മിന്റെ വാക്കുകേട്ട് പ്രവര്‍ത്തിക്കാന്‍ ആണ് പോലീസ് തീരുമാനം എങ്കില്‍ തെരുവില്‍ നേരിടുമെന്ന് അനീഷ്  പറഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ബലപ്രയോഗം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് നേജോ മെഴുവേലി അധ്യക്ഷത വഹിച്ചു.

പോലീസിന്റെ കള്ളക്കേസിനെതിരേ പന്തളം പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച് നടത്തിയ സമരം കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഉദ്ഘാടനം ചെയ്തത്. കളളവോട്ട് തടയാന്‍ ശ്രമിച്ച കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുകയാണ് പോലീസ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. നാണംകെട്ട പരിപാടിയാണ് പോലീസിന്റേത്. ഹൈക്കോടതി ഉത്തരവ് കാറ്റില്‍ പറത്തി. കോടതിയലക്ഷ്യമാണ് പോലീസ് ഉദ്യോഗസ്ഥര്‍ കാട്ടിയത്. കള്ളവോട്ട് ചെയ്യാന്‍ വന്നവരെ സംരക്ഷിച്ച പോലീസ് സ്ഥാനാര്‍ഥികള്‍ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചു.

പത്തനംതിട്ട ജില്ലയില്‍ പോലീസിനേയും ക്രിമിനലുകളേയും ഉപയോഗിച്ച് 21 ബാങ്കുകളാണ് സി.പി.എം പിടിച്ചെടുത്തത്. ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു ക്രിമിനല്‍ സംഘം കള്ളവോട്ട് ചെയ്യാന്‍ ഇറങ്ങിയിരിക്കുന്നു. കള്ളവോട്ട് ചെയ്യാന്‍ വന്നവര്‍ക്ക് പോലീസ് ഉദ്യോഗസ്ഥന്‍ നിര്‍ദേശം കൊടുക്കുന്ന വീഡിയോ ഞങ്ങളുടെ പക്കല്‍ ഉണ്ട്.
ആരോഗ്യമന്ത്രിയും സി.പി.എം ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് ക്രിമിനലുകളെ മാലയിട്ട് സ്വീകരിച്ചത് പത്തനംതിട്ടയിലാണ്. സി.പി.എം നേതാക്കളുടെ വീട്ട് പണിയാണ് പോലീസ് ചെയ്യുന്നത്. ഇത്തരം പോലീസുകാര്‍ ചെവിയില്‍ നുള്ളിക്കോ. ഒരാളെയും വെറുതെ വിടില്ല.

സഹകരണ മേഖല പ്രതിസന്ധിയിലാണ്. സഹകരണ ബാങ്കുകള്‍ തകരാതിരിക്കാന്‍ പ്രതിപക്ഷം ഇതുവരെ സര്‍ക്കാരിന്റെ കൂടെ നിന്നു. ഇത്തരം തോന്ന്യാസം കാണിച്ചിട്ടാണ് ഒരുമിച്ച് നില്‍ക്കണമെന്ന് സര്‍ക്കാര്‍ പ്രതിപക്ഷത്തോട് പറയുന്നത്. ഇനി ഒരുമിച്ച് നില്‍ക്കലുമില്ല. സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍ നേരിടാന്‍ സര്‍ക്കാരിന് നല്‍കിയ പിന്തുണ പ്രതിപക്ഷം പിന്‍വലിക്കുന്നു. ഗുണ്ടകളെ ഉപയോഗിച്ച് പിടിച്ചെടുത്ത ബാങ്കുകള്‍ ഭരിക്കാമെന്ന് ഒരാളും ധരിക്കണ്ട. ഇവിടങ്ങളില്‍ എന്ത് സമീപനം സ്വീകരിക്കണമെന്ന് യു.ഡി.എഫ് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ശേഷമാണ് ജില്ലാ പോലീസ് മേധാവി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ക്ക് കത്തയച്ചിരിക്കുന്നത്.

കള്ളവോട്ട് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റും തിരിച്ചറിഞ്ഞു: എസ്.വി. പ്രസന്നകുമാര്‍

പത്തനംതിട്ട: ജില്ലയില്‍ ഭരണക്കാര്‍ക്കു വേണ്ടി സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എല്ലാ കൊള്ളരുതായ്മകളും നടത്തുന്നുവെന്നും കള്ളവോട്ടുകള്‍ ചെയ്യാന്‍ സഹായിക്കുന്നുവെന്നും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനു ബോദ്ധ്യമായതിനാലാണ് ജില്ലാ പോലീസ് സൂപ്രണ്ട് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് കത്തയയ്ക്കാന്‍ നിര്‍ബന്ധിതനായതെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി എസ്.വി. പ്രസന്നകുമാര്‍ പറഞ്ഞു. സഹകരണമേഖല തകര്‍ത്തത് സഹകരണ ജീവനക്കാരും ഒരു കൂട്ടം പോലീസും സി.പി.എമ്മും ചേര്‍ന്നാണ്. പോലീസ് പോലും സഹികെട്ടു എന്നതാണ് എസ്.പിയുടെ ഉത്തരവ് വ്യക്തമാക്കുന്നത്. കള്ളവോട്ടു ചെയ്തും അക്രമത്തിലൂടെയും സി.പി.എം പിടിച്ചെടുത്ത സഹകരണ ബാങ്ക് ഭരണ സമിതികള്‍ പിരിച്ചുവിടാനും ഉത്തരവാദികളായവര്‍ക്കെതിരേ നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയാറാകണമെന്ന് ചെയ്യണമെന്ന് കോന്നി കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്‍് കൂടിയായ പ്രസന്ന കുമാര്‍ പറഞ്ഞു.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കളിയാക്കിയതിലെ വിരോധത്താല്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാന്‍ ശ്രമം: പ്രതി പിടിയില്‍

റാന്നി: കളിയാക്കിയതിലെ വിരോധത്താല്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന വയോധികനെ കത്തികൊണ്ട് കുത…