ഏഴംകുളം: പഞ്ചായത്തിലെ നാല് വാര്‍ഡുകള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബക്ഷേമ ഉപകേന്ദ്രം മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ നീക്കം നടക്കുന്നുവെന്ന് പരാതി. കൈതപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന പി.എച്ച്.സിക്ക് കീഴിലുള്ള ഉപകേന്ദ്രമാണ് ഒന്നാം വാര്‍ഡിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നത്.
പഞ്ചായത്തിലെ ഒന്നു മുതല്‍ നാലു വരെ വാര്‍ഡുകളിലുളളവര്‍ക്ക് പ്രയോജന പ്രദമായ രീതിയില്‍ തൊടുവക്കാട് ജങ്ഷനിലുള്ള കത്തോലിക്കാപ്പള്ളിക്ക് സമീപമാണ് കുടുംബക്ഷേമ ഉപകേന്ദ്രമുള്ളത്. മൂന്ന്, നാല് വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് പ്രദേശം. നാലു വാര്‍ഡിലെയും ജനങ്ങള്‍ക്ക് സൗകര്യപ്രദമായി എത്തിച്ചേരാന്‍ പറ്റുന്ന ഇടത്ത് നിന്ന് ഒന്നാം വാര്‍ഡിലേക്ക് പറിച്ചു നടാനുള്ള ശ്രമമാണ് നടക്കുന്നത്. വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തിലുള്ള ഈ നടപടിക്കെതിരേ തൊടുവക്കാട് പൗരസമിതി ആരോഗ്യമന്ത്രി, ഡെപ്യൂട്ടി സ്പീക്കര്‍, പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.
2,3,4 വാര്‍ഡുകളിലുള്ളവര്‍ക്ക് ഏറ്റവും സൗകര്യപ്രദമായ തൊടുവക്കാട് നിന്ന് കുടുംബക്ഷേമ ഉപകേന്ദ്രം മാറ്റാന്‍ അനുവദിക്കരുതെന്ന് പൗരസമിതി പ്രസിഡന്റ് വിമല്‍രാജ്, സെക്രട്ടറി റോഹന്‍ ജോര്‍ജ് എന്നിവര്‍ ആവശ്യപ്പെട്ടു.