
തിരുവല്ല: എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കള്‍ കടത്താന്‍ പത്ത് വയസുകാരനെ മറയാക്കിയ പിതാവ് അറസ്റ്റില്‍. ദീപ ജംഗ്ഷനില്‍ കോവൂര്‍ മലയില്‍ വീട്ടില്‍ മുഹമ്മദ് ഷെമീര്‍ ( 39) ആണ് പിടിയിലായത്. മകനെ മറയാക്കി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം എം.ഡി.എം.എ എത്തിച്ചു നല്‍കുകയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ആറു മാസമായി ഡാന്‍സാഫ് സംഘത്തിന്റെയും പോലീസിന്റെയും നിരീക്ഷണത്തില്‍ ആയിരുന്ന മുഹമ്മദ് ഷമീറിനെ വെള്ളിയാഴ്ച രാത്രി 10 മണിയോടെ ചുമത്രയിലെ പിതാവിന്റെതാഴ്ചയില്‍ വീട്ടില്‍ നിന്നും ആണ് പിടികൂടിയത്. ഇയാളില്‍ നിന്നും 3.78 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ബൈക്കിലോ കാറിലോ ഒപ്പം കൂട്ടി മകന്റെ ശരീരത്തില്‍ സെല്ലോ ടേപ്പ് ഉപയോഗിച്ച് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ എംഡിഎംഎ ഒട്ടിച്ചു വച്ച ശേഷം ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കുന്നതായിരുന്നു ഇയാളുടെ രീതി എന്ന് ഡിവൈ.എസ്.പി എസ്. അഷാദ് പറഞ്ഞു. പറഞ്ഞു.
തിരുവല്ലയിലെയും പരിസരപ്രദേശങ്ങളിലും സ്‌കൂള്‍, കോളേജ്, മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം എം.ഡി.എം.എ എത്തിച്ചു നല്‍കിയിരുന്നത് മുഹമ്മദ് ഷമീര്‍ ആണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ അടക്കം ഉള്ളവരെ ഏജന്റുമാരാക്കി ഇയാള്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. കര്‍ണാടക അടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നുമാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. മറ്റ് ഏതെങ്കിലും സ്ഥലത്ത് ഒളിപ്പിച്ച നിലയില്‍ കൂടുതല്‍ എം.ഡി.എം.എ ഇയാളുടെ കൈവശമുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ ഇക്കാര്യങ്ങള്‍ വ്യക്തമാവു എന്ന് പോലീസ് പറഞ്ഞു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.