
പത്തനംതിട്ട: തട്ടിപ്പു കേസില്‍ പ്രതിയായി ജയിലില്‍ കിടക്കുകയായിരുന്നിട്ടും പോലീസിലും സര്‍ക്കാരിലും തിരുവല്ല നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഉടമ എന്‍.എം. രാജുവിനുള്ള സ്വാധീനത്തിന് കുറവില്ലെന്ന് പണം പോയ നിക്ഷേപകര്‍. പോലീസില്‍ നിന്ന് നീതിയില്ല. തുറന്നിരിക്കുന്ന ശാഖകളില്‍ ചെന്നാല്‍ ജീവനക്കാരുടെ ഭീഷണി. ചികില്‍സയ്ക്കും കുട്ടികളുടെ പഠനത്തിനുമായി നിക്ഷേപിച്ചിരുന്ന ലക്ഷങ്ങള്‍ എപ്പോള്‍ തിരികെ കിട്ടുമെന്ന് അറിയാതെ ആത്മഹത്യയുടെ വക്കിലാണ് തങ്ങളെന്ന് നെടുമ്പറമ്പില്‍ നിക്ഷേപകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മൂവാറ്റുപുഴ കുറുപ്പംപടി സ്വദേശി ജോസഫ് കുര്യാക്കോസ് ഒരു അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് സാധാരണ ജീവിതം നയിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇദ്ദേഹത്തിന് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ മുഖേനെ ലഭിച്ച നഷ്ടപരിഹാരം 38 ലക്ഷം രൂപ നെടുമ്പറമ്പില്‍ ഫിനാന്‍സിന്റെ ശാഖയില്‍ നിക്ഷേപിച്ചിരുന്നു. ജീവനക്കാരിയായ മേരി മുഖേനെ ഉടമ അലന്‍ ആണ് പണം കൈപ്പറ്റിയത്. കുട്ടികളെ പഠിപ്പിക്കാന്‍ വേണ്ടി സ്വരുക്കൂട്ടിയിരുന്ന പണമാണ്. ശരീരം അനങ്ങി ജോലി ചെയ്യാന്‍ സാധിക്കാത്തതിനാല്‍ വീട്ടുചെലവിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും പ്രതിമാസം വലിയ പലിശ കിട്ടുമെന്ന കണക്കു കൂട്ടലിലാണ് പണം നിക്ഷേപിച്ചത് എന്ന് ജോസഫ് പറയുന്നു. ഇത് തിരികെ കിട്ടാതെ ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടികളുടെ സാമ്പത്തിക തട്ടിപ്പു കേസില്‍ ജയിലിലായ തിരുവല്ല നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമയും കേരളാ കോണ്‍ഗ്രസ് എം മുന്‍ സംസ്ഥാന ട്രഷററുമായ എന്‍.എം. രാജുവിനും കുടുംബത്തിനും പോലീസും രാഷ്ട്രീയക്കാരും തുണയാണെന്ന് നിക്ഷേപകര്‍ ആരോപിച്ചു. ഇതിനെതിരേ നിക്ഷേപകരുടെ യോഗം വിളിച്ചു ചേര്‍ത്ത് സമരം ശക്തമാക്കുമെന്നും അവര്‍ അറിയിച്ചു.
നിക്ഷേപത്തട്ടിപ്പിന് ഇരയായ എഴുപത്തിയഞ്ചോളം പേരാണ് നിലവില്‍ വിവിധ സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുള്ളത്. 20 കോടി രൂപയുടെ തട്ടിപ്പാണ് ഇത്രയും പേര്‍ക്ക് നേരിടേണ്ടി വന്നത്. ജില്ലയ്ക്ക് അകത്തും പുറത്തുമായി നിരവധി നിക്ഷേപകര്‍ക്ക് പണം നഷ്ടമായിട്ടുണ്ട്. എന്‍.എം.രാജുവും ഭാര്യയും രണ്ടു മക്കളും ഈ കേസില്‍ റിമാന്‍ഡിലാണ്. പല നിക്ഷേപകരുടെയും പരാതി ലഭിച്ചിട്ടും പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് ആരോപണം. ഇനി രജിസ്റ്റര്‍ ചെയ്‌തെങ്കിലും അത് കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലെന്നും നിക്ഷേപകര്‍ പറഞ്ഞു. പുളിക്കീഴ് പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി ചെന്ന നിക്ഷേപകരെ ഇറക്കി വിടുന്ന അവസ്ഥ ഉണ്ടായി. വലിയ തട്ടിപ്പ് നടത്തിയ സ്ഥാപനത്തിന്റെ ശാഖകള്‍ ഇപ്പോഴും തുറന്നു പ്രവര്‍ത്തിക്കുകയാണ്. പണം തിരികെ ആവശ്യപ്പെട്ട് ചെല്ലുന്നവരെ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ ഏബ്രഹാം ഫിലിപ്പും റീജിയണല്‍ മാനേജര്‍ കെ.എ. ജോസഫും ഭീഷണിപ്പെടുത്തുകയാണെന്ന് നിക്ഷേപകര്‍ ആരോപിച്ചു. പരാതി കൊടുത്തവര്‍ക്കും കേസുമായി പോയവര്‍ക്കും പണം തിരികെ നല്‍കില്ലെന്നാണ് ഭീഷണി.
രാഷ്ട്രീയ പിന്തുണയോടെ എന്‍.എം. രാജുവും കുടുംബവും ജാമ്യത്തില്‍ പുറത്തിറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ദീര്‍ഘനാളത്തെ ഗൂഢാലോചനകളുടെ ഫലമായാണ് നൂറുകണക്കിന് നിക്ഷേപകരെ വഞ്ചിച്ചു കൊണ്ട് ആയിരം കോടിയില്‍ അധികം രൂപ നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ്? എന്ന ധനകാര്യ സ്ഥാപനത്തിലൂടെ തട്ടിയെടുത്തതെന്ന് നിക്ഷേപകര്‍ പറഞ്ഞു. നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് മെയ് ഏഴിനാണ്? രാജുവിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്തത്. ഇപ്പോഴും മിക്ക ബ്രാഞ്ചുകളും കേരളത്തില്‍ ഉടനീളം തുറന്ന് പ്രവര്‍ത്തിക്കുന്നു. അതിലൂടെ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും വീണ്ടും ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്നു. രാഷ്ര്ടീയ സ്വാധീനങ്ങളെ തുടര്‍ന്നാണ് ബ്രാഞ്ചുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി വിവിധ ബ്രാഞ്ചുകളില്‍ പണം തിരികെ ചോദിച്ച് എത്തുന്ന നിക്ഷേപകരെ ഓരോ കാരണങ്ങള്‍ പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു. മിക്കവരുടെയും സമ്പാദ്യം മുഴുവന്‍നഷ്ടമായി. കോടികള്‍ നിക്ഷേപിച്ചവര്‍ വരെയുണ്ട്. നിക്ഷേപകരില്‍ ഭൂരിഭാഗവും പ്രായാധിക്യമുളളവരാണ്. ചികിത്സയ്ക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും, വിവാഹ ആവശ്യത്തിനും മറ്റും കരുതിയിരുന്ന പണം നഷ്ടപ്പെട്ടതിന്റെ കടുത്ത സമ്മര്‍ദ്ദത്തിലാണ് എല്ലാവരും. വഞ്ചനയുടെ വലിയ സൂത്രധാരനായിരിക്കുന്ന എബ്രഹാം ഫിലിപ്പിനെയും കെ.എ. ജോസഫിനെയും അറസ്റ്റ് ചെയ്യണമെന്ന് നിക്ഷേപകര്‍ ആവശ്യപ്പെട്ടിട്ടുംഅധികാരികള്‍ തയ്യാറായില്ല. പണം മാത്രമല്ല പണയം വച്ച സ്വര്‍ണ്ണ ഉരുപ്പടികളും എല്ലാവര്‍ക്കും നഷ്ടപ്പെട്ടു. നിക്ഷേപിച്ച പണം പലതവണയായി തിരികെ തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്‍.എം.രാജു
ഭീഷണിപ്പെടുത്തുകയായിരുന്നു.
നിക്ഷേപകരില്‍ ചിലരെ കൈയേറ്റം ചെയ്യുവാനും ശ്രമിച്ചിരുന്നു. ഇതിനെല്ലാം പോലീസ് ഒത്താശയുമുണ്ടായിരുന്നു. ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങുവാനുള്ള തയ്യാറെടുപ്പിലാണ്. നിക്ഷേപകരുടെ പരാതിയില്‍ എഫ്.ഐ.ആര്‍ എടുക്കുവാന്‍ പോലും മിക്ക പോലീസ് സ്‌റ്റേഷനുകളിലും ഉദ്യോഗസ്ഥര്‍ തയാറല്ല . ബ്രാഞ്ച് മാനേജര്‍മാര്‍ തെളിവുകള്‍ നശിപ്പിക്കാനും തുടങ്ങി. എന്‍.എം. രാജവും കുടുംബവും ജാമ്യത്തില്‍ വന്ന് അമേരിക്കയിലേക്ക് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. പോലീസ് സഹായത്തോടെ കേസ് അട്ടിമറിക്കാനും നീക്കങ്ങള്‍ നടക്കുന്നു. കേസുകള്‍ കോടതിയിലേക്ക് അയക്കാതിരിക്കുവാന്‍ കാലതാമസം വരുത്താനുള്ള പദ്ധതികളും ആസുത്രണം ചെയ്തു കഴിഞ്ഞു. ജയിലിനകത്തും സന്തോഷത്തോടെയാണ് ഇവര്‍ കഴിയുന്നത്. കൂടുതല്‍ പേര്‍ പരാതിയുമായി മുന്നോട്ട് വരുന്നുണ്ട്. ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ച് സമര പരിപാടികള്‍ ശക്തമാക്കുമെന്ന് വി. എം. മാത്യൂ, ജോസഫ് കുര്യാക്കോസ്, ഷെറി വര്‍ഗീസ്, മാത്തുക്കുട്ടി, ഷിനി ജോസ് എന്നിവര്‍ അറിയിച്ചു.