പത്തനംതിട്ട: നഗരപ്രാന്തമായ കുമ്പഴയില്‍ ടയര്‍ റീട്രേഡിങ് സ്ഥാപനത്തില്‍ വന്‍ അഗ്നിബാധ. മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്‌സ് അക്ഷീണം പരിശ്രമിച്ച് തീയണച്ചതിനാല്‍ തൊട്ടടുത്ത ഫര്‍ണിച്ചര്‍ കടയിലേക്ക് പടര്‍ന്നില്ല. കടുത്ത ദുര്‍ഗന്ധവും പ്രദേശത്ത് നിലനില്‍ക്കുന്നു.
ഇന്ന് പുലര്‍ച്ചെ ഏഴു മണിയോടെയാണ് കുമ്പഴ കിങ്‌സ്ടന്‍ ടയേഴ്‌സില്‍ തീ പടരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ടയില്‍ നിന്നും അഗ്‌നിശമന സേന എത്തിയപ്പോഴേക്കും സ്ഥാപനത്തിന് പിന്നില്‍ ടയര്‍ സൂക്ഷിക്കുന്ന ഗോഡൗണിലേക്കും തീ പടര്‍ന്ന് കഴിഞ്ഞിരുന്നു. സമീപത്തെ ഫര്‍ണിച്ചര്‍ ഗോഡൗണ്‍ അടക്കമുള്ള സ്ഥാപനങ്ങളിലേക്ക് തീ പടര്‍ന്ന് പിടിക്കാതെ മുന്‍കരുതലെടുത്തതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.
കടയുടെ ഷട്ടര്‍ തുറന്ന് അകത്ത് കയറി ഏറെ പരിശ്രമത്തിനൊടുവിലാണ് അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കാന്‍ അഗ്‌നിശമന സേനയ്ക്ക് സാധിച്ചത്. മൂന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ഒന്നര മണിക്കൂറിലേറെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ പൂര്‍ണ്ണമായും അണയ്ക്കാനായത്. നാല്‍പ്പത് ലക്ഷത്തോളം രുപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ടയര്‍ കത്തിപ്പടര്‍ന്ന പുക രൂക്ഷമായ ദുര്‍ഗന്ധവുമുണ്ടാക്കി. ഇത് പ്രദേശവാസികളില്‍ അസ്വസ്ഥത സൃഷ്ടിച്ചു.