
പന്തളം: ഇടനാഴിയില്‍ കൂട്ടിയിട്ടിരുന്ന ഇലക്‌ട്രോണിക്, പേപ്പര്‍ മാലിന്യങ്ങളില്‍ നിന്ന് പുകഞ്ഞു കത്തി ഫ്‌ളാറ്റിന്റെ മൂന്നാം നിലയില്‍ തീപിടുത്തം. സ്ത്രീകളും കുട്ടികളുമടക്കം 15 പേരെ പ്രദേശവാസികള്‍ ചില്ലു തകര്‍ത്ത് രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ ചില്ല് തറച്ച് പരിസരവാസികളായ അഞ്ചുപേര്‍ക്ക് പരുക്ക്.
എന്‍.എസ്.എസ്. മെഡിക്കല്‍ മിഷന്‍ ആശുപത്രിക്ക് എതിര്‍വശം ഉദയ സദനത്തില്‍ ശശിധരന്റെ ഉടമസ്ഥതയിലുള്ള സുമി ആര്‍ക്കേഡ് എന്ന കെട്ടിടത്തിലാണ് തിങ്കളാഴ്ച രാത്രിഎട്ടുമണിയോടു കൂടി തീ പിടുത്തം ഉണ്ടായത്. തീ പടരുന്നതു കണ്ട പരിസരവാസികളും ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരും ഫ്‌ളാറ്റിന്റെ ചില്ലുകള്‍ എറിഞ്ഞു പൊട്ടിച്ച് അകത്തു കടന്ന് താമസക്കാരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം പതിനഞ്ചോളം പേര്‍ ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പരിസരവാസികളായ സുധീഷ് കുമാര്‍ (30), മനു (45), അയ്യപ്പന്‍ (45), അഭിജിത്ത് (19), അനന്ദു (28)എന്നിവര്‍ക്ക് നിസാര പരുക്കേറ്റു. ചില്ല് തറച്ചാണ് പരുക്ക്.
ഉടന്‍തന്നെ നാട്ടുകാര്‍ തീ പൂര്‍ണമായും അണച്ചതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. അടൂരില്‍ നിന്നും അഗ്‌നിരക്ഷാസേനയും പന്തളം പോലീസും സ്ഥലത്തെത്തിയിരുന്നു. കെ.എസ്.ഇ.ബി വൈദ്യുതി ബന്ധവും വിഛേദിച്ചു. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ മുറിയോട് ചേര്‍ന്നുള്ള ഇടനാഴിയില്‍ കൂട്ടി ഇട്ടിരുന്ന ഇലക്രേ്ടാണിക്ക്, പേപ്പര്‍ മാലിന്യങ്ങള്‍ക്ക് ആണ് തീ പിടിച്ചത്. മാലിന്യം പുകഞ്ഞ് കത്തി മുറികള്‍ക്കുള്ളില്‍ ആകെ പുക നിറഞ്ഞത് പരിഭ്രാന്തി പരത്തി. ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ നിയാസുദ്ദീന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്.