പത്തനംതിട്ട: നഗരത്തില്‍ ചിപ്‌സ് സെന്ററില്‍ തീപിടിത്തം പരിഭ്രാന്തി പരത്തി. നമ്പര്‍ വണ്‍ ചിപ്‌സ് സെന്ററില്‍ നിന്നും ഇന്നലെ രാവിലെ 9.30 ഓടെയാണ് തീയുംപുകയും ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇവിടെ തീ പിടിത്തത്തില്‍ കത്തി നശിച്ച കടയാണിത്.
കടയ്ക്കുള്ളില്‍ പയ ഹാര്‍ഡ് ബോര്‍ഡുകള്‍ കൂട്ടിയിട്ട ഭാഗത്താണ് തീ കണ്ടത്. ഉടന്‍ തന്നെ വിവരം അറിഞ്ഞ് അഗ്‌നിരക്ഷാ സേന എത്തിയപ്പോഴേക്കും കടയിലെ ജീവനക്കാര്‍ ചേര്‍ന്ന് തീ അണച്ചിരുന്നു. അശ്രദ്ധയോടെ പഴയ സാധന സാമഗ്രികള്‍ സൂക്ഷിക്കുന്നതായി കണ്ടെത്തി. വയറിംഗ് സംവിധാനത്തിലും പാകപ്പിഴകളുണ്ട്. ചിപ്‌സ് തയാറാക്കാനുള്ള ചീനച്ചട്ടി, മറ്റു സാമഗ്രികള്‍ ഇവയും കടയില്‍ സൂക്ഷിച്ചിരുന്നു. പാചകവാതകം നിറച്ച സിലിണ്ടറും കടയില്‍ കണ്ടെത്തി.
ഓര്‍മയിലെത്തിയത് എട്ടുമാസം മുന്പിലെ അപകടം
കഴിഞ്ഞ ജനുവരിയില്‍ സെന്‍ട്രല്‍ ജംഗ്ഷനിലെ ഇതേ ചിപ്‌സ് കടയില്‍ ഉപ്പേരി തയാറാക്കി കൊണ്ടിരിക്കേ ഗ്യാസ് സിലിണ്ടര്‍ ചേര്‍ന്ന് സമീപത്തെ അഞ്ച് കടകളാണ് കത്തി നശിച്ചത്. കടയിലെ ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കടകളിലെ സാധനങ്ങള്‍ മുഴുവന്‍ അന്നു കത്തി നശിച്ചു. റോഡിനോടു ചേര്‍ന്നായിരുന്നു എണ്ണ നിറച്ച വലിയ ചീനചട്ടി വച്ചിരുന്നത്. കടയ്ക്കുള്ളിലെ പാചക വാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് റോഡിലേക്ക് വീണു. അപകടത്തേ തുടര്‍ന്ന് റോഡിനോടു ചേര്‍ന്ന് തുറന്ന സ്ഥലത്ത് ചിപ്‌സ് നിര്‍മിക്കുന്നതു നിരോധിച്ചു. പിന്നീട് കടകള്‍ പുതുക്കി പണിതാണ് വീണ്ടും ഈ ഭാഗത്ത് വ്യാപാരം ആരംഭിച്ചത്. വെള്ളിയാഴ്ച രാവിലെ കടയ്ക്കുള്ളില്‍ പുക ഉയരുന്നത് കണ്ട് ഇവിടെയുണ്ടായിരുന്നവര്‍ പരിഭ്രാന്തിയിലായി. ചിപ്‌സ് നിര്‍മിക്കുന്നതിനുള്ള ഗ്യാസ് സിലിണ്ടര്‍ ഒഴിവാക്കണമെന്നും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കണമെന്നും അഗ്‌നി രക്ഷസേന മുമ്പ് പല തവണനിര്‍ദ്ദേശം നല്‍കിയതാണ്.