കുളനട: ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിലും കുളനട പഞ്ചായത്തിലും മാര്‍ക്കറ്റുകളില്‍ ഉണ്ടായ തീപിടുത്തം അട്ടിമറിയെന്ന ആരോപണം ബലപ്പെടുന്നു. തുടര്‍ച്ചയായ ദിവസങ്ങളിലാണ് രണ്ടിടത്തും തീപിടുത്തമുണ്ടായത്.
പന്തളത്ത് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള മത്സ്യമാര്‍ക്കറ്റിലെ പ്ലാന്റിനോട് ചേര്‍ന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് തീ പിടിച്ചത്. സമാന രീതിയില്‍ ബുധനാഴ്ച വൈകിട്ട് മൂന്നരയോടെ കുളനട പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള മത്സ്യ മാര്‍ക്കറ്റിന് സമീപം സ്ഥിതി ചെയ്യുന്ന മാലിന്യ സംഭരണ കേന്ദ്രത്തിന് തീ പിടിച്ചു. കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് ആണ് തീ പിടിച്ചത്. വിവരം അറിഞ്ഞ് സ്ഥലം എം.എല്‍.എ കൂടിയായ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫയര്‍ ഫോഴ്‌സിനെ വിളിക്കുകയായിരുന്നു. അടൂര്‍ നിന്നും രണ്ടു യൂണിറ്റ് ഫയര്‍ ഫോഴ്‌സ് ഉടന്‍ സ്ഥലത്തെത്തി അഗ്‌നിശമന പ്രവര്‍ത്തനം ആരംഭിച്ചു.
തുടര്‍ന്ന് പത്തനംതിട്ട, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോ യൂണിറ്റ് കൂടി എത്തിയാണ് സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയം ആക്കിയത്. ജെ.സി.ബി എത്തിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ചികഞ്ഞ് മാറ്റി ആണ് വെള്ളം പമ്പ് ചെയ്ത് തീ അണച്ചത്. അതേ സമയം മത്സ്യ മാര്‍ക്കറ്റിലെ തീപിടുത്തം അട്ടിമറി ആണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രന്‍ പറഞ്ഞു.
മാലിന്യങ്ങള്‍ തരംതിരിച്ച് ക്ലീന്‍ കേരള പദ്ധതി പ്രകാരം മാര്‍ക്കറ്റില്‍ നിന്നും ആലപ്പുഴയിലേക്ക് മാറ്റി മിനിറ്റുകള്‍ക്കകം തീപിടുത്തം ഉണ്ടായത് സംശയാസ്പദമാണെന്നും സംഭവത്തില്‍ അട്ടിമറിയുണ്ടെന്നും ഉദ്യോഗസ്ഥരും വിലയിരുത്തി. കഴിഞ്ഞ ഒരാഴ്ചയായി മത്സ്യ മാര്‍ക്കറ്റിന്റെ തെക്കുവശം പ്ലാന്റിന്റെ അരികില്‍ മാലിന്യങ്ങള്‍ തരംതിരിക്കുന്ന ജോലി പുരോഗമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ലോഡ് മാലിന്യം ഇവിടെ നിന്നും പുറപ്പെട്ടിരുന്നു. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെ ഇവിടെ നിന്നും ലോഡ് പുറപ്പെട്ടിരുന്നുവെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിലും കുളനട പഞ്ചായത്തിലും ഉണ്ടായ തീപിടുത്തം അട്ടിമറിയാണെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ജില്ലാ പ്രസിഡന്റ് അഡ്വ. വി.എസ്. സൂരജ് പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്ത് കമ്മറ്റിയുടെ കെടുകാര്യസ്ഥത മൂലം മാലിന്യ സംസ്‌കരണം ഉചിതമായ രീതിയില്‍ നടത്തുന്നില്ലെന്ന് സി.പി.എം ആരോപിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ എം.സി.എഫുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വീടുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുറത്താണ് വയ്ക്കുന്നത് ഇതുകൂടാതെ സര്‍ക്കാര്‍ സ്ഥാപനമായ കൃഷിഭവനിലും പാണില്‍ സ്ഥിതിചെയ്യുന്ന കമ്യൂണിറ്റി സെന്ററിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരിച്ചു വച്ചിട്ടുണ്ട്. ഇതിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ സമരം സംഘടിപ്പിച്ചിരുന്നു. പഞ്ചായത്തിന്റെ നിഷേധാത്മകമായ സമീപനമാണ് തീപിടുത്തത്തിന് കാരണം.
മത്സ്യഫെഡ് ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ച ബില്‍ഡിങ്ങ്‌സില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചതും വന്‍ തീപിടുത്തത്തിന് സാഹചര്യം ഉണ്ടാക്കി. ഇതിന് സമീപത്തായി അനേകം വീടുകള്‍ ഉള്ളതാണ് ജനങ്ങളുടെ ജീവനും സ്വത്തിനും യാതൊരു വിലയും കല്‍പ്പിക്കാത്ത പഞ്ചായത്തിന്റെ നെറികേട് അവസാനിപ്പിക്കണം. മാലിന്യ സംസ്‌കരണത്തിലെ പഞ്ചായത്തിന്റെ അനാസ്ഥയ്‌ക്കെതിരെ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സായിറാം പുഷ്പന്‍ പറഞ്ഞു.