
റാന്നി: ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടാന്‍ സ്ഥാപിച്ച കൂട്ടില്‍ മുള്ളന്‍ പന്നി കുടുങ്ങി. പെരുനാട് ബഥനി മലയില്‍ റബര്‍ തോട്ടങ്ങളില്‍ തുടര്‍ച്ചയായി വളര്‍ത്തു മൃഗങ്ങളെ കൊന്നു തിന്നുന്ന കടുവയെ കുടുക്കാനായി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മുള്ളന്‍ പന്നി കുടുങ്ങിയത്.
കൂട്ടില്‍ കടുവ കുടുങ്ങിയെന്ന് വാര്‍ത്ത പരന്നതോടെ നിരവധി പേര്‍ പ്രദേശത്തേക്ക് ഒഴുകിയെത്തി കൂട്ടില്‍ കുടുങ്ങിയത് മുള്ളന്‍പന്നിയാണെന്ന് മനസിലായതോടെ നിരാശയോടെ സ്ഥലം വിട്ടു. കൗതുകം കൊണ്ട് പലരും കൂടിനരികിലെത്തി ചിത്രങ്ങളെടുത്തു. കഴിഞ്ഞ മാസം ഇതേ സ്ഥലത്ത് മാമ്പറത്ത് എബ്രഹാമിന്റെ രണ്ടു ആടുകളെ കടുവ കൊന്നിരുന്നു. ഇതിനു സമീപമാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. നേരത്തെ ഇതേ കൂട്ടില്‍ മറ്റൊരു സ്ഥലത്തു വച്ച് തെരുവുനായ അകപ്പെട്ടിരുന്നു. മുള്ളന്‍ പന്നി അകപ്പെട്ട വിവരം അറിഞ്ഞു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കൂടു തുറന്നു വിട്ടു. തുടരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചു മാസങ്ങള്‍ പിന്നിട്ടിട്ടും കടുവയെ പിടികൂടുന്നതില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വേണ്ടത്ര ശ്രദ്ധ നല്‍കാത്തതില്‍ നാട്ടുകാര്‍ക്ക് അമര്‍ഷമുണ്ട്.
കടുവ മറ്റു പല സ്ഥലങ്ങളിലും എത്തി വളര്‍ത്തു മൃഗങ്ങളെ കൊല്ലുന്നത് പതിവായിട്ടുണ്ട്. വനം വകുപ്പ് പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും കൂട്ടില്‍ മാംസ അവശിഷ്ടങ്ങളോ ഇരകളോ ഇടുന്നുണ്ടായില്ല എന്നും ആരോപണം ഉണ്ട്. മുമ്പ് ഇരയാക്കിയ ആടുകളെ തന്നെയാണ് കൂട്ടില്‍ കടുവയെ ആകര്‍ഷിക്കാന്‍ സ്ഥാപിച്ചിരുന്നത്. ഇതിന്റെ എല്ല് മാത്രമാണ് നിലവില്‍ അവശേഷിക്കുന്നത്. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ കൂട്ടില്‍ ജീവനുള്ള ഇരയെ എത്തിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.