കുമ്പഴയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം: പ്രതി അലക്‌സ് പാണ്ഡ്യന്‍ കുറ്റക്കാരന്‍: ശിക്ഷവ്യാഴാഴ്ച വിധിക്കും

0 second read
0
0

പത്തനംതിട്ട: ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളായ അഞ്ചു വയസുകാരിയെ ലൈംഗികമായും അല്ലാതെയും ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ രണ്ടാനച്ഛന്‍ കുറ്റക്കാരനെന്ന് കോടതി. വ്യാഴാഴ്ച ശിക്ഷിവിധിക്കും. അഡീഷണല്‍ ഒന്നാംക്ലാസ് പോക്‌സോ കോടതിയാണ് കേസ് പരിഗണിച്ചത്. കുട്ടിയുടെ രണ്ടാനച്ഛനും രാജപാളയം സ്വദേശിയുമായ അലക്‌സ് പാണ്ഡ്യനെയാണ് കുറ്റക്കാരനെന്നു കണ്ടെത്തിയത്.
2021 ഏപ്രില്‍ അഞ്ചിന് ഇവര്‍ താമസിച്ചിരുന്ന കുമ്പഴയിലെ വാടക വീട്ടിലായിരുന്നു സംഭവം. മര്‍ദ്ദിച്ചും ലൈംഗികമായി പീഡിപ്പിച്ചും കുട്ടിയെ കൊന്നതായാണ് കേസ്. കൊടുംക്രൂരത കാട്ടിയ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പെണ്‍കുട്ടിയുടെ അമ്മയും കുമ്പഴയിലെ നാട്ടുകാരും.

പത്തനംതിട്ട പോലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളിലും പോക്‌സോ നിയമപ്രകാരവുമാണ് പ്രതി കുറ്റക്കാരനായി കോടതി കണ്ടെത്തിയത്. കേസ് പരിഗണിക്കുന്ന ഒന്നാം ക്ലാസ് പോക്‌സോ കോടതി ജഡ്ജി ജയകുമാര്‍ ജോണ്‍ വ്യാഴാഴ്ച ശിക്ഷ സംബന്ധിച്ച് പ്രോസിക്യൂഷന്‍ വാദം കേള്‍ക്കും.

തമിഴ്‌നാട് രാജപാളയം സ്വദേശികളായ അലക്‌സ് പാണ്ഡ്യനും കനകയും കുന്പഴയിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. കനകയുടെ ആദ്യവിവാഹത്തിലെ രണ്ടുമക്കളില്‍ മൂത്ത കുട്ടിയാണ് പീഡനത്തിന് ഇരയായത്. കുട്ടിയുടെ അമ്മ സമീപത്തെ വീട്ടില്‍ ജോലിക്കുപോയി മടങ്ങിവന്നപ്പോള്‍ ശരീരം മുഴുവന്‍ കത്തികൊണ്ടു വരിഞ്ഞ നിലയില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടാനച്ഛനായ അലക്‌സ് പാണ്ഡ്യനൊപ്പം കുട്ടിയെ വീട്ടിലിരുത്തിയശേഷമാണ് മാതാവ് ജോലിക്കു പോയിരുന്നത്. കുഞ്ഞിന് എന്തു സംഭവിച്ചുവെന്നു ചോദിച്ചപ്പോള്‍ അമ്മയെ ഇയാള്‍ മര്‍ദിച്ചു. നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ കണ്ട ഡോക്ടര്‍മാര്‍ പോലീസിനെ വിവരം അറിയിച്ചു.

ജനറല്‍ ആശുപത്രിയിലെത്തിയ മാതാവിന്റെ മൊഴിയിലാണ് സംഭവം കൊലപാതകമെന്ന് തിരിച്ചറിയുന്നത്. രണ്ടാനച്ഛന്‍ കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് മാതാവ് കനക പോലീസിനോട് പറഞ്ഞു.
കുട്ടിക്കു ശരീരമാസകലം മുറിവേറ്റിരുന്നു. കൂടാതെ രഹസ്യ ഭാഗങ്ങളില്‍ നീര്‍ക്കെട്ട് ഉള്ളതായും കണ്ടെത്തി. കുട്ടിയെ അലക്‌സ് മര്‍ദ്ദിക്കുന്നത് പതിവായിരുന്നെന്ന് മാതാവ് പോലീസിന് മൊഴിനല്‍കിയിരുന്നു. ക്രൂരമായ ലൈംഗിക പീഡനത്തിനും അഞ്ചുവയസുകാരി ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 67 മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നു. കത്തി കൊണ്ടു വരിഞ്ഞതും സ്പൂണ്‍ കൊണ്ട് കുത്തിയതുമായിരുന്നു മുറിവുകള്‍. കോട്ടയം മെഡിക്കല്‍ കോളജിലാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്.
പ്രതി ലഹരിക്ക് അടിമയായിരുന്നതായി പറയുന്നു. കുന്പഴയില്‍ നിന്നും സംഭവദിവസം തന്നെ കസ്റ്റഡിയിലെടുത്ത ഇയാള്‍ ആദ്യം ജീപ്പില്‍ നിന്നു പുറത്തുചാടി ചില്ല് തകര്‍ത്തിരുന്നു. രാത്രിയില്‍ വിലങ്ങുമായി ലോക്കപ്പ് ചാടിയും ശ്രദ്ധേയനായി. രാത്രി മുഴുവന്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഇയാളെ കുന്പഴ തുണ്ടുമണ്‍കരയില്‍ നിന്നു കണ്ടെത്തി.
പത്തനംതിട്ട എസ്എച്ച്ഒ ആയിരുന്ന ബിനീഷ് ലാലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡിവൈഎസ്പി പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നു. അന്വേഷണം പൂര്‍ത്തീകരിച്ച് കോടതിയില്‍ കുറ്റപത്രം എത്തിയതിനു പിന്നാലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നവീന്‍ എം. ഈശോയെ സര്‍ക്കാര്‍ നിയമിച്ചു.

കേസിന്റെ വിചാരണ സമയത്ത് എല്ലാ സാക്ഷികളും കൃത്യമായി മൊഴി നല്‍കിയത് പ്രോസിക്യൂഷന് ഗുണകരമായി. കൊലപാതകം, ലൈംഗിക അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നവീന്‍ എം.ഈശോ പറഞ്ഞു. ശക്തമായ സാഹചര്യത്തെളിവുകളും കുട്ടി നേരത്തെ പലരോടും പറഞ്ഞിട്ടുള്ള മൊഴികളും കേസിന് അനുകൂലമായി. കുട്ടിയുടെ മരണമൊഴിയെന്ന വണ്ണമാണ് സാക്ഷി മൊഴികളെ കോടതി കണ്ടത്. ഡിഎന്‍എ അടക്കം ശാസ്ത്രീയ തെളിവുകളും ഉണ്ടായിരുന്നു. യാതൊരു ഭാവഭേദവുമില്ലാതെയാണ് പ്രതി കോടതിയില്‍ നിന്നത്. മീശ പിരിച്ചും ചിരിച്ചുമായിരുന്നു ഇയാളുടെ പെരുമാറ്റം.

Load More Related Articles
Load More By Veena
Load More In CRIME

Leave a Reply

Your email address will not be published. Required fields are marked *

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…