പത്തനംതിട്ട: അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി 11 ലേക്ക് മാറ്റി. തമിഴ്‌നാട് രാജപാളയം സ്വദേശി അലക്‌സ് പാണ്ഡ്യന്‍ (26) കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഇന്നലെ കേസ് വീണ്ടു പരിഗണിച്ച കോടതി ശിക്ഷ സംബന്ധിച്ച് ഇരുഭാഗങ്ങളുടെയും വാദങ്ങള്‍ പൂര്‍ത്തിയാക്കി വിധി പറയാനായി 11 ലേക്ക് മാറ്റി. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എസ്. ജയകുമാര്‍ ജോണാണ് കേസ് പരിഗണിക്കുന്നത്.
സംഭവം നടക്കുമ്പോള്‍ പ്രതിക്ക് പ്രായം കുറവായിരുന്നെന്നും മുമ്പ് മറ്റ് കുറ്റകൃത്യങ്ങളിലൊന്നും ഏര്‍പ്പെട്ട ആളല്ലെന്നും പ്രതിഭാഗം വാദിച്ചു. കള്ളക്കേസ് ആണെന്നും താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും രാജപാളയത്തെ വീട്ടില്‍ അമ്മയും സഹോദരിയും ഉള്ളതിനാല്‍ അവരെ കാണാനായി തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്നും പരിഭാഷകന്‍ മുഖേന പ്രതി അലക്‌സ് പാണ്ഡ്യന്‍ കോടതിയോടു പറഞ്ഞു.
എന്നാല്‍, മനുഷ്യത്വ രഹിതമായ കുറ്റകൃത്യം ചെയ്തിട്ട് പ്രായം കുറവാണെന്നതില്‍ യാതൊരു കാര്യവുമില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഗുരുതര സ്വഭാവമുള്ള കേസായതിനാല്‍ പ്രതി മുന്‍പ് കുറ്റകൃത്യം ചെയ്തിട്ടില്ലെന്നതിനും പ്രസക്തിയില്ല. പൈശാചികമായ കുറ്റമാണ് പ്രതി ചെയ്തത്. നിസഹായയായ കുഞ്ഞ് കൊടിയ പീഡനത്തിന് ഇരയായി. പ്രതി യാതൊരു ദയ അര്‍ഹിക്കുന്നില്ലെന്നും അതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അഡ്വ. നവീന്‍ എം. ഈശോ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി ഹാജരായി. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. സീന എസ്. നായരാണ് ഹാജരായത്.
കൊലപാതകം, ബലാത്സംഗം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പെടെ പ്രതിക്കെതിരേ ചുമത്തിയ 16 വകുപ്പുകളില്‍ പ്രതി കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. 2021 ഏപ്രില്‍ അഞ്ചിന് കുമ്പഴയിലെ വാടക വീട്ടിലായിരുന്നു കൊലപാതകം. കുഞ്ഞിന്റെ ശരീരത്തില് 67 മുറിവുകളുണ്ടെന്നും മരണകാരണം നെഞ്ചിനേറ്റ ക്ഷതമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പുറത്തു വന്നിരുന്നു. കത്തിവച്ച് മുറിവേല്പിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും തെളിഞ്ഞു. പത്തനംതിട്ട ഡിവൈ.എസ്.പി ആയിരുന്ന പ്രദീപ്കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്.എച്ച്.ഒ ആയിരുന്ന ബിനീഷ് ലാലാണ് കേസ് അന്വേഷിച്ചു 2021 ജൂലൈ അഞ്ചിന് കുറ്റപത്രം സമര്‍പ്പിച്ചത്.