
കോഴഞ്ചേരി: കായാമ്പൂ കണ്ണില്‍ വിടരും…നദി എന്ന ചിത്രത്തിന് വേണ്ടി വയലാര്‍ എഴുതി ദേവരാജന്‍ ഈണം പകര്‍ന്ന സര്‍വകാല ഹിറ്റ് ഗാനമാണ്. പക്ഷേ, പുതുതലമുറ ഈ കായാമ്പു കണ്ടിട്ടില്ല. എന്താണ് കായാമ്പൂവെന്ന് ചോദിക്കുന്നവര്‍ക്ക് മറുപടിയേടി അതങ്ങനെ പൂത്തു വിലസുകയാണ് ഗ്രാമീണ മേഖലകളില്‍.
ഒരു കാലത്ത് പറമ്പിലും കാവുകളിലും എല്ലാം പൂ വിടര്‍ത്തിയിരുന്ന കായാമ്പൂ പെട്ടെന്നാണ് അപ്രത്യക്ഷമായത്. പിന്നീടിത് നഴ്സറികളില്‍ മാത്രമാണ് വളര്‍ത്തു പുഷ്പമായി കാണപ്പെട്ടിരുന്നത്. കാലാവസ്ഥ വ്യതിയാനത്താല്‍ വംശനാശം സംഭവിച്ചെന്ന് കരുതിയ ഈ ചെടി ഇപ്പോള്‍ വീണ്ടും പുഷ്പിച്ചിരിക്കുകയാണ്. കാഴ്ചക്കുള്ള ഭംഗിക്കപ്പുറം ഔഷധ സസ്യം കൂടിയാണ് കായാമ്പൂ.
ഇതിപ്പോള്‍ വീട്ടുപറമ്പുകളില്‍ പൂക്കുന്നത് പുതുതലമുറക്ക് കൗതുകമാവുകയാണ്. ജില്ലയില്‍ അയിരൂര്‍, കുറിയന്നൂര്‍ പന്തളം, കോന്നി എന്നിവിടങ്ങളില്‍ ഒക്കെ ഈ ഔഷധ ചെടി പൂത്തിട്ടുണ്ട്.
അയിരൂര്‍ കാഞ്ഞീറ്റുകര ശ്രീജിത്തിന്റെ പറമ്പിലാണ് കായാമ്പൂ വിടരുന്നത്. കോന്നി മങ്ങാരം ചിറയ്ക്കല്‍ ജോണിക്കുട്ടിയുടെ വീട്ടുമുറ്റത്തോടു ചേര്‍ന്നുള്ള പറമ്പിലാണ് കായാമ്പൂ വിടര്‍ന്നിട്ടുള്ളത്. പന്തളം കുരമ്പാല ആര്.മോഹന്റെ വീട്ടുമുറ്റത്തും അടുത്തിടെ കായാമ്പൂ വിടര്‍ന്നിട്ടുണ്ട്. കുന്നിന് പ്രദേശങ്ങളിലും കുറ്റിക്കാടുകളിലും വളര്‍ന്നിരുന്ന കായാമ്പൂ അന്യം നിന്നു പൊയ്ക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇക്കുറി പലയിടത്തും ഇത് പൂത്തത്. ഇതിന്റെ ഔഷധ മൂല്യം യൗവനം നിലനിര്‍ത്തുന്നതിനായി ഉപയോഗിച്ചിരുന്നുവത്രേ.
ചെടിയുടെ വേര് മുതല്‍ ഇല വരെ ഔഷധ ഗുണമുള്ളതാണ്. വര്‍ഷത്തില്‍ ഒരു തവണ ഇതു പൂക്കും. ചെറിയ സുഗന്ധവുമുണ്ട്. കനലി, കശാവ് എന്നൊക്കെ വിളിക്കാറുള്ള ഈ ചെടിയുടെ കമ്പുകള്‍ക്ക് നല്ല കട്ടിയാണുള്ളത്. വേരിനും ബലമുള്ളതിനാല്‍ ചരിഞ്ഞ പ്രദേശങ്ങളില്‍ മണ്ണൊലിപ്പു തടയാനും ഈ ചെടി കാരണമായിരുന്നു. മുന്‍പ് സ്കൂളുകളില്‍ കാശാവിന്‍ കമ്പ് മോണിറ്റര്‍മാര്‍ കൊണ്ടുവന്ന് ക്ലാസ് അധ്യാപകര്‍ക്ക് നല്‍കിയിരുന്നു.ഇത് ഉപയോഗിച്ചാണ് കുട്ടികളെ അച്ചടക്കം പഠിപ്പിച്ചിരുന്നത്. എന്തായാലും ഇപ്പോള്‍ വീണ്ടും കായാമ്പൂ പുഷ്പ്പിക്കുന്നത് അത്ഭുതത്തോടെയാണ് പുതു തലമുറ കാണുന്നത്.