അടിവാങ്ങി മടുത്തു: പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം കറുത്ത ബലൂണ്‍ പറത്തി വിട്ട്: സംസ്ഥാന സെക്രട്ടറി അടക്കം കരുതല്‍ തടങ്കലില്‍

0 second read
Comments Off on അടിവാങ്ങി മടുത്തു: പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം കറുത്ത ബലൂണ്‍ പറത്തി വിട്ട്: സംസ്ഥാന സെക്രട്ടറി അടക്കം കരുതല്‍ തടങ്കലില്‍
0

പത്തനംതിട്ട: വഴിയരികില്‍ കരിങ്കൊടി കാണിച്ച് അടി വാങ്ങാനും ഡിവൈഎഫ്‌ഐക്കാരുടെ ജീവന്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഇരയാകാനും പത്തനംതിട്ടയിലെ യൂത്ത് കോണ്‍ഗ്രസുകാരില്ല. പകരം അവരുടെ പ്രതിഷേധം എയറിലായിരുന്നു. മഴയും തണുപ്പുമൊക്കെ പിടിച്ച് വഴി വക്കില്‍ നിന്ന് കരിങ്കൊടി കാട്ടി പൊലീസിന്റെയും ഗണ്‍മോന്മാരുടെയും കുട്ടിസഖാക്കളുടെയും അടി കൊള്ളുന്നത് ഒഴിവാക്കിയാണ് അവര്‍ കറുത്ത ബലൂണ്‍ പറത്തി പ്രതിഷേധിച്ചത്.

നവകേരള സദസിന്റെ ആറന്മുള മണ്ഡലത്തിലെ വേദിയായ ജില്ലാ സ്‌റ്റേഡിയത്തിലേക്കാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ കറുത്ത നിറമുള്ള ഹൈഡ്രജന്‍ ബലൂണ്‍ പറത്തി വിട്ടത്. ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.യൂത്ത് കോണ്‍ഗ്രസ് പതാകയും കരിങ്കൊടിയും ബലൂണുകളുടെ അടിയില്‍ കെട്ടി വച്ച ശേഷം സമീപത്തെ കെട്ടിടത്തിന് മുകളില്‍ നിന്ന് പറത്തി വിടുകയായിരുന്നു.

പിണറായിയും ക്യാബിനറ്റും പങ്കെടുക്കുന്ന നവകേരള സദസ് ജില്ലാ ആസ്ഥാനത്ത് എത്തിയതിന് മുന്നോടിയായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് ഭക്ഷണവും സഹായങ്ങളും നല്‍കി കൊണ്ടിരുന്ന സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട അടക്കമുള്ള പ്രവര്‍ത്തകരെയാണ് പൊലീസ് സര്‍വവിധ സന്നാഹങ്ങളുമായി വന്ന് ഇടിവണ്ടിയില്‍ കയറ്റിയത്.

ജില്ലാ സ്‌റ്റേഡിയത്തില്‍ തയാറാക്കിയ വേദിയിലാണ് നവകേരള സദസ് നടന്നത്. അതിന് മുന്നോടിയായി പിണറായി വിശിഷ്ടാതിഥികളെ കണ്ടത് തൊട്ടടുത്തു തന്നെയുള്ള മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തിലായിരുന്നു. ഇവിടെ തന്നെയാണ് പത്രസമ്മേളനവും നടത്തിയത്. ഇവിടെ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്.

മണ്ഡലകാലം തുടങ്ങിയ നാള്‍ മുതല്‍ ബസ് സ്റ്റാന്‍ഡില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടേക്കാണ് ഇടിവണ്ടിയുമായി പൊലീസ് വന്ന് പ്രവര്‍ത്തകരെ ഓടിച്ചിട്ട് പിടിച്ച് കരുതല്‍ തടങ്കലിലാക്കിയത്.
ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ലിനു മാത്യു, കുമ്പഴ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി, അഖില്‍ സന്തോഷ്, കാര്‍ത്തിക് , അസ്‌ലം കെ. അനുപ്, ഷെഫിന്‍ ഷാനവാസ്, അജ്മല്‍ അലി,റോബിന്‍ വല്യയന്തി, ഷാനി കണ്ണങ്കര എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.

പത്തനംതിട്ടയില്‍ നിന്ന് റാന്നിയിലേക്ക് പോകുന്ന മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു കരുതല്‍ തടങ്കല്‍.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

52 വര്‍ഷത്തെ ചതി, വഞ്ചനയും വിളിച്ചു പറഞ്ഞ എ. പത്മകുമാര്‍ പുറത്ത്: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചു: രണ്ടു പുതുമുഖങ്ങള്‍

പത്തനംതിട്ട: ചതി, വഞ്ചന, 52 വര്‍ഷത്തെ ബാക്കിപത്രം..ലാല്‍സലാം എന്ന് സപിഎം സംസ്ഥാന സമ്മേളനത്…