തിരുവല്ല: ഡല്‍ഹി അന്തര്‍ദേശീയ വിമാനത്താവളത്തിനുള്ളിലെ ദോശ ഫാക്ടറിയില്‍ നിന്ന് മസാലദോശ കഴിച്ച തിരുവല്ല സ്വദേശികളടങ്ങുന്ന കുടുംബത്തിന് ഭക്ഷ്യവിഷബാധ. പരാതിപ്പെട്ടപ്പോള്‍ തെറ്റു പറ്റിയെന്നും പണം മടക്കി നല്‍കാമെന്നും സമ്മതിച്ച് കമ്പനി ജനറല്‍ മാനേജരുടെ മറുപടി.
കഴിഞ്ഞ് 18 ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം നമ്പര്‍ ടെര്‍മിനല്‍ വഴി ജയ്പുരിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ രാത്രി 08.45 ന് യാത്ര ചെയ്ത തിരുവല്ല സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്കാണ് വിഷബാധ ഉണ്ടായത്. .ടെര്‍മിനല്‍ രണ്ടിലുള്ള ദോശ ഫാക്ടറി എന്ന ഭക്ഷണശാലയില്‍ നിന്നും 778 രൂപ കൊടുത്താണ് മൂന്നു മസാല ദോശ വാങ്ങിയത്. ദോശയിലെ മസാലയില്‍ അരുചി തോന്നിയെങ്കിലും ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലെ ഭക്ഷണശാലയില്‍ പഴകിയ ഭക്ഷണം ഉണ്ടാക്കാനിടയില്ല എന്നാ വിശ്വാസത്തില്‍ കഴിച്ചുവെന്ന് ഇവര്‍ പറയുന്നു.
എങ്കിലും കൗണ്ടറില്‍ പരാതി അറിയിച്ചു. തുടര്‍ന്ന് പാചകക്കാരന് ഒരു സ്പൂണ്‍ മസാല എടുത്തു രുചിച്ചു നോക്കുകയും രുചി വ്യത്യാസം ഉണ്ടെന്നു തോന്നിയിട്ടാകണം ഉടന്‍ തന്നെ മസാല പാത്രം എടുത്തു മാറ്റുകയും ചെയ്തു. ഇതോടെ പരാതിക്കാര്‍ക്ക് സംശയം ഇരട്ടിച്ചു. ജയ്പൂരില്‍ എത്തിയ ഇവര്‍ക്ക് പിറ്റേ ദിവസം വയറിനു സുഖമില്ലാതായി. ആശുപത്രിയില്‍ ചികില്‍സ തേടിയാണ് വയറിന്റെ പ്രശ്നം പരിഹരിച്ചത്.
പരാതി ഇ-മെയില്‍ മുഖേന ദോശ ഫാക്ടറി നടത്തുന്ന എച്ചഎംഎസ് ഹോസ്റ്റ് എന്ന് കമ്പനിക്ക് അയച്ചു. ക്ഷമാപണത്തോടെ ജനറല്‍ മാനേജര്‍ മറുപടി അയച്ചു. തങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നും ഇനി ചെല്ലുമ്പോള്‍ പണം മടക്കി നല്‍കാമെന്നും ജനറല്‍ മാനേജരുടെ കത്തില്‍ പറയുന്നു. തങ്ങള്‍ എപ്പോഴും ക്വാളിറ്റി നിലനിര്‍ത്തുന്ന കമ്പനിയാണെന്നും ഇത്തരമൊരു അനുഭവം ആദ്യത്തേതാണെന്നും അവര്‍ അവകാശപ്പെടുന്നു.
കേന്ദ്ര സിവില്‍ എവിയേഷന്റെയും ഭക്ഷ്യ വകുപ്പിന്റെയും മന്ത്രിമാര്‍ക്കും സിവില്‍ ഏവിയേഷന്‍ മേലധികാരികള്‍ക്കും പരാതി അയച്ചിട്ടുള്ളതായി കുടുംബം അറിയിച്ചു.