വിദേശജോലി വാഗ്ദാനം ചെയ്ത സംസ്ഥാന വ്യാപക തട്ടിപ്പ്: വിദേശത്ത് നിന്ന് നാട്ടില്‍ വന്ന മേരി സാബു ഡല്‍ഹി എയര്‍പോര്‍ട്ടില്‍ പിടിയില്‍: കൂട്ടാളി രക്ഷപ്പെട്ടു

0 second read
Comments Off on വിദേശജോലി വാഗ്ദാനം ചെയ്ത സംസ്ഥാന വ്യാപക തട്ടിപ്പ്: വിദേശത്ത് നിന്ന് നാട്ടില്‍ വന്ന മേരി സാബു ഡല്‍ഹി എയര്‍പോര്‍ട്ടില്‍ പിടിയില്‍: കൂട്ടാളി രക്ഷപ്പെട്ടു
0

കാലടി: അസര്‍ബെജാനില്‍ ഓയില്‍ റിഗില്‍ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തിയ കേസിലെ മൂന്നാം പ്രതിയെ അറസ്റ്റ് ചെയ്തു. വിദേശത്ത് നിന്ന് വന്നിറങ്ങിയപ്പോള്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞു വച്ച തൃശൂര്‍ പുറത്തൂര്‍ മേരി സാബുവിനെ (34)നെയാണ് കാലടി പോലീസ് അവിടെ ചെന്ന് കസ്റ്റഡിയില്‍ എടുത്തത്. തട്ടിപ്പ് നടത്തിയ ഏഷ്യാഓറിയ കമ്പനിയുടെ എച്ച്ആര്‍ മാനേജരാണ് മേരി.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അരുണ്‍ കുര്യന്‍ എന്ന ആദം ജോണ്‍ എമിഗ്രേഷന്‍ അധികൃതരെ വെട്ടിച്ച് കടന്നു. ഈ കേസില്‍ ഒന്നാം പ്രതി കിഷോര്‍ ചൗധരിയെ മുംബൈയില്‍ നിന്ന് കാലടി എസ്എച്ച്ഓയുടെ നേതൃത്വത്തിലുള്ള സംഘം നവംബര്‍ 10 ന് സാഹസികമായി പിടികൂടി നാട്ടിലെത്തിച്ച് റിമാന്‍ഡ് ചെയ്തു. വിവിധ സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള തട്ടിപ്പ് കേസുകളില്‍ പ്രതികളായിട്ടുള്ള അരുണ്‍ കുര്യന്‍, സത്യജ ശങ്കര്‍, ജോസഫ് ജോഗി എന്നിവരെ ഇനിയും പിടികിട്ടാനുണ്ട്.

കാലടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലാണ് അറസ്റ്റ്. 588/23 നമ്പര്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ സിബിന്‍ വര്‍ഗീസ് ആണ് പരാതിക്കാരന്‍. പ്രതികള്‍ അസര്‍ബെജാനില്‍ ജോലി വാഗ്ദാനം ചെയ്ത് കഴിഞ്ഞ വര്‍ഷം നവംബര്‍ 16 ന് 1.25 ലക്ഷം ഗൂഗിള്‍ പേ മുഖേനെ വാങ്ങിയെടുത്തുവെന്നാണ് പരാതി. ജോലിയോ പണമോ കിട്ടാതെ വന്നതോടെയാണ് പരാതി നല്‍കിയത്.
കാലടി പൊലീസ് 589/23 നമ്പര്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള രണ്ടാമത്തെ എഫ്‌ഐആറിലും പ്രതികള്‍ ഇവര്‍ മൂന്നു പേരും തന്നെയാണ്. സോജിന്‍ പോള്‍ എന്നയാളാണ് പരാതിക്കാരന്‍. അര്‍ബെജാനില്‍ ജോലി വാഗ്ദാനം ചെയ്ത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പല തവണയായി 2.25 ലക്ഷം രുപ കബളിപ്പിച്ചെടുത്തുവെന്നാണ് പരാതി.

പാലക്കാട് കൊങ്ങാട് പൊലീസ് സ്‌റ്റേഷനില്‍ കേരളശേരി സ്വദേശി അഖില്‍ എന്ന യുവാവ് നല്‍കിയ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ മേരിസാബു, അരുണ്‍ കുര്യന്‍, സത്യജ ശങ്കര്‍ എന്നിവരാണ് പ്രതികള്‍. വിദേശ ജോലി വാഗ്ദാനം ചെയ്ത് രണ്ടു ലക്ഷം രൂപയാണ് അഖിലില്‍ നിന്ന് കൈപ്പറ്റിയത്. ബാങ്ക് അക്കൗണ്ട് മുഖേനെയാണ് പണം നല്‍കിയത്.

ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ സ്‌റ്റേഷനില്‍ ആറാട്ടുപുഴ കള്ളിക്കാട് സ്വദേശി അര്‍ജൂന്‍ നല്‍കിയ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ അരുണ്‍ കുര്യന്‍, മേരി സാബു, ജോസഫ് ജോഗി എന്നിവരാണ് പ്രതികള്‍. അര്‍ജുനും സുഹൃത്തായ അശ്വിനും അര്‍ബെജാനില്‍ റിഗില്‍ റോസറ്റ് ബോട്ട് എന്ന തസ്തികയില്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. മുംബൈ സാന്‍പാഡാ എന്ന സ്ഥലത്തുള്ള അസ്റ്റാ ഓറിയ എന്ന കമ്പനിയുടെ ആള്‍ക്കാരാണെന്ന് പറഞ്ഞാണ് അരുണ്‍ കുര്യന്‍, മേരി സാബു, ജോസഫ് ജോഗി എന്നിവര്‍ ചേര്‍ന്ന് ആറു ലക്ഷം രൂപ അക്കൗണ്ട് മുഖേനെ വാങ്ങിയെടുത്തത്.

കാലടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിദേശത്തുള്ള മേരി സാബു, അരുണ്‍ കുര്യന്‍ എന്ന ആദം ജോണ്‍ എന്നിവര്‍ക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ വിവരം അറിയാതെ വന്നിറങ്ങിയപ്പോഴാണ് മേരി എയര്‍ പോര്‍ട്ടില്‍ പിടിയിലായത്. സമീപകാലത്ത് വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന് നിരവധി ട്രാവല്‍ ഏജന്‍സി ഉടമകള്‍ അറസ്റ്റിലായിരുന്നു. ഇവരെയെല്ലാം പറ്റിച്ചത് ഏഷ്യാ ഓറിയ കമ്പനിയാണെന്നാണ് പറയപ്പെടുന്നത്. വിവിധ ട്രാവല്‍ ഏജന്‍സികള്‍ ഉദ്യോഗാര്‍ഥികളെ ക്യാന്‍വാസ് ചെയ്ത് വിദേശജോലിക്ക് പണം വാങ്ങുകയും തട്ടിപ്പുകാരെന്ന് അറിയാതെ ഏഷ്യ ഓറിയ ഏജന്‍സിക്ക് കൈമാറുകയുമായിരുന്നുവെന്ന് പറയുന്നു.

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

ബി.ജെ.പി പത്തനംതിട്ട ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു:അയിരൂര്‍ പ്രദീപ്, വിജയകുമാര്‍ മണിപ്പുഴ, അഡ്വ.കെ ബിനുമോന്‍ ജനറല്‍ സെക്രട്ടറിമാര്‍: ആര്‍. ഗോപാലകൃഷ്ണന്‍ കര്‍ത്ത ട്രഷറര്‍

പത്തനംതിട്ട: ബി.ജെ.പി ജില്ലാ ഭാരവാഹികളെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ അനുമതിയോ…