വൈക്കം: റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പേരില്‍ വ്യാജരേഖ ചമച്ചതിന് പുറമെ ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ നിരവധി ആളുകളില്‍ നിന്ന് കോടികള്‍ തട്ടിയ ചേര്‍ത്തല വാരനാട് ലിസ്യു നഗര്‍ തറയില്‍ സുജിത്തിനെതിരെ റിസര്‍വ് ബാങ്ക് നല്കിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് അലംഭാവം. സുജിത്തിന്റെ വൈക്കത്തെ ഒളിയിടം സംബന്ധിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചെങ്കിലും അറസ്റ്റ് വൈകിപ്പിച്ച് ഇയാള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നതായാണ് ആക്ഷേപം.
ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്താണ് സുജിത്ത് പലരില്‍ നിന്നും പണം തട്ടിയത്. പ്രമുഖ ട്രേഡിങ് കമ്പനികളുടെ വെബ്‌സൈറ്റുകള്‍ നിര്‍മ്മിച്ച് അതിലെ വാലറ്റില്‍ തനിക്ക് കോടികള്‍ നിക്ഷേപമുണ്ടെന്ന് കാണിച്ചായിരുന്നു ഇരകളെ വീഴ്ത്തിയിരുന്നത്. പണം പിരിക്കാനായി ഇയാള്‍ ഇടനിലക്കാരെയും നിയോഗിച്ചിരുന്നു.ഒരു ലക്ഷം രൂപയ്ക്ക് ഇരുപത്തി അയ്യായിരം രൂപയായിരുന്നു കമ്മിഷനായി നല്‍കിയിരുന്നത്. വിവിധ ജില്ലകളില്‍ നിന്നായി കോടികള്‍ ഇത്തരത്തില്‍ പിരിച്ചെടുത്തതായാണ് വിവരം.ആദ്യം ചെറിയ തുക നിക്ഷേപിക്കുന്നവര്‍ക്ക് കൃത്യമായി ലാഭ വിഹിതം നല്കി വിശ്വാസം നേടിയ ശേഷം കൂടുതല്‍ തുക തട്ടിയെടുക്കുന്നതാണ് സംഘത്തിന്റെ രീതി. എന്നാല്‍ വാഗ്ദാനം ചെയ്ത ലാഭ വിഹിതം ലഭിക്കാതെ വരുന്നതോടെ നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെടുമ്പോള്‍ വിവിധ സാങ്കേതിക പ്രശ്‌നങ്ങള്‍ നിരത്തി ഇരകളെ മടക്കും.
സുജിത്തിന്റെയും കൂട്ടാളികളുടെയും ഇടപെടലില്‍ സംശയം തോന്നിയ ചിലര്‍ കഴിഞ്ഞ നവംബറില്‍ ഇയാള്‍ താമസിച്ചിരുന്ന വൈക്കത്തെ ഹോട്ടലില്‍ എത്തി പണം ആവശപ്പെട്ട് ബഹളം വച്ചിരുന്നു. വിഷയം രൂക്ഷമാകുമെന്ന് കണ്ടതോടെ ഡിസംബര്‍ ആദ്യവാരം പണം നല്കാമെന്ന് സുജിത്തും ഇയാളുടെ സഹായിയായ വൈക്കത്തുകാരനും ഇടപാടുകാര്‍ക്ക് ഉറപ്പ് നല്കി. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഇയാളുടെ സംഘത്തില്‍പ്പെട്ട ചിലര്‍ തട്ടിപ്പിന് ഇരയായവര്‍ക്ക് വാട്‌സാപ്പിലൂടെ സന്ദേശം അയച്ച് വീണ്ടും പണം ആവശ്യപ്പെട്ടു.
ഇതോടെ സുജിത്തിനെ ബന്ധപ്പെട്ടപ്പോള്‍ പണം ലഭിക്കാന്‍ കാലതാമസമുണ്ടെന്നും റിസര്‍വ് ബാങ്ക് നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം മാത്രമെ പണം നല്കാന്‍ കഴിയുവെന്നും പറഞ്ഞു. ഇതിന് തെളിവായി റിസര്‍വ് ബാങ്ക് ഗവര്‍ണറുടെതെന്ന് തോന്നിപ്പിക്കുന്ന ഉത്തരവും വാട്‌സപ്പില്‍ അയച്ചു നല്കി.
എന്നാല്‍ സുജിത്ത് അയച്ചു നല്‍കിയ ഉത്തരവ് കണ്ട് സംശയം തോന്നിയവര്‍ റിസര്‍വ് ബാങ്കില്‍ തിരക്കിയപ്പോഴാണ് വ്യാജനാണെന്ന് മനസിലായത്. തുടര്‍ന്ന് റിസര്‍വ് ബാങ്ക് തിരുവനന്തപുരം റീജണല്‍ മാനേജര്‍ ക്രൈംബ്രാഞ്ചിന് പരാതി നല്കുകയായിരുന്നു. ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുജിത്തിനെ പ്രതിയാക്കി ചേര്‍ത്തല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.എന്നാല്‍ വൈക്കം കേന്ദ്രീകരിച്ചുള്ള ചില തട്ടിപ്പുകാരുടെ സഹായത്തോടെ മേഖലയിലെ ഹോട്ടലുകളില്‍ ഇയാള്‍ മാറി മാറി താമസിച്ചു വരുന്നതായാണ് വിവരം.