മൂവര്‍ സംഘത്തിന്റെ ഭരണം പത്തനംതിട്ടയില്‍ പാര്‍ട്ടിയെ ഇല്ലാതാക്കി: ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസിലെ അസംതൃപ്തര്‍ യോഗം ചേര്‍ന്നു

0 second read
Comments Off on മൂവര്‍ സംഘത്തിന്റെ ഭരണം പത്തനംതിട്ടയില്‍ പാര്‍ട്ടിയെ ഇല്ലാതാക്കി: ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസിലെ അസംതൃപ്തര്‍ യോഗം ചേര്‍ന്നു
0

പത്തനംതിട്ട: മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട നേതാക്കളുടെ യോഗം. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടവരും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരും പുറത്താക്കപ്പെട്ടവരുമായവര്‍ പങ്കെടുത്തു. ഒന്നിച്ച് നിന്ന ജില്ലയിലെ പാര്‍ട്ടിയില്‍ ശുദ്ധികലശം നടത്താനാണ് തീരുമാനിച്ചത്.

മുതിര്‍ന്ന നേതാവ് പി.ജെ. കുര്യന്‍, ആന്റോ ആന്റണി എം.പി, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് ജില്ലയില്‍ പാര്‍ട്ടിയെ ഉന്മൂലനം ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് പത്തനംതിട്ടയില്‍ ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു. പി.ജെ. കുര്യന് രാജ്യസഭാ സീറ്റ് നല്‍കാത്തതിന്റെ പേരില്‍ പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. എംപി എന്ന നിലയില്‍ ആന്റോ ആന്റണി പരാജയമായത് പാര്‍ട്ടിക്ക് തിരിച്ചടിയാണ്. ഡിസിസി പ്രസിഡന്റ് പിജെ കുര്യന്റെ ഇച്ഛയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നു. എതിര്‍ക്കുന്ന നേതാക്കളെ പുറത്താക്കുന്നു. ഇത് ഈ രീതിയില്‍ മുന്നോട്ട് പോകാന്‍ അനുവദിക്കാന്‍ കഴിയില്ലെന്നും യോഗം വിലയിരുത്തി.

നേതാക്കളുടെ ഏകാധിപത്യ പ്രവണത എതിര്‍ത്ത് പാര്‍ട്ടിയെ ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗമെന്ന് നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടവരെ മുഴുവന്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റിന് നിവേദനം നല്‍കും. ഇതിനായി യോഗം ബാബു ജോര്‍ജിനെ ചുമതലപ്പെടുത്തി. മല്ലപ്പള്ളി കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് സ്ഥാനത്തു നിന്നും ഡോ. സജി ചാക്കോയെ അവിശ്വാസത്തിലൂടെ പുറത്താക്കാന്‍ ശ്രമിക്കുന്നതിനെ യോഗം അപലപിച്ചു. കെ.പി.സി.സി ഇതില്‍ ഇടപെടണമെന്നും ആവശ്യം ഉയര്‍ന്നു.

ഉടന്‍ തന്നെ ജില്ലയിലെ സമാന അഭിപ്രായമുള്ളവരുടെ കണ്‍വന്‍ഷന്‍ വിളിക്കും. എല്ലാ ബ്ലോക്ക് കമ്മറ്റികളില്‍ നിന്നും അസംതൃപ്തരെ പങ്കെടുപ്പിക്കും. അതിന് ശേഷം വിശാലമായ പൊതുയോഗം വിളിച്ചു ചേര്‍ക്കും. കെപിസിസി നേതൃത്വം വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് നടപടി എടുക്കും വരെ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും നേതാക്കള്‍ പറഞ്ഞു.

 

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …