പത്തനംതിട്ട: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കൂടല്‍ മുറിഞ്ഞകല്‍ ഗുരുമന്ദിരത്തിന് സമീപം എയര്‍പോര്‍ട്ടില്‍ നിന്ന് മടങ്ങിയവരുടെ കാറും ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും കൂട്ടിയിടിച്ച് നവദമ്പതികള്‍ അടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു.
കോന്നി മല്ലശേരി പുത്തന്‍ തുണ്ടിയില്‍ വീട്ടില്‍ മത്തായി ഈപ്പന്‍, മകന്‍ നിഖില്‍ മത്തായി, തെങ്ങുംകാവ് പുത്തന്‍വിള കിഴക്കേതില്‍ ബിജു പി. ജോര്‍ജ്, മകള്‍ അനു എന്നിവരാണ് മരിച്ചത്.
നിഖിലും അനുവും നവദമ്പതികളാണ്. ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്ട് കാര്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തെലങ്കാന സ്വദേശികളുടെ ബസുമായി കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന മൂന്നു പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി അനുവും മരിച്ചു. മൃതദേഹങ്ങള്‍ കോന്നി താലൂക്കാശുപത്രിയില്‍.
വീടണയാന്‍ ഏഴു കിലോമീറ്റര്‍ മാത്രം ഉള്ളപ്പോഴാണ് അപകടം. നവംബര്‍ 30 നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. രണ്ടു ദിവസം കഴിഞ്ഞ് മലേഷ്യയില്‍ ഹണിമൂണ്‍ ട്രിപ്പിന് പോയതായിരുന്നു ഇരുവരും. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ ഇവരെ കൂട്ടി വരുന്നതിനാണ് നിഖിലിന്റെ പിതാവ് മത്തായി ഈപ്പനും അനുവിന്റെ പിതാവ് ബിജു പി. ജോര്‍ജും പോയത്. ബിജുവാണ് വാഹനം ഓടിച്ചിരുന്നത്. ബിജു ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് കരുതുന്നു. കാര്‍ അമിത വേഗതയില്‍ ബസിലേക്ക് പാഞ്ഞു കയറുകയായിരുന്നുവെന്ന് ബസിലുണ്ടായിരുന്നവര്‍ പറയുന്നു. നിഖിലിന്റെ മൃതദേഹം തലകീഴായിട്ടാണ് കിടന്നിരുന്നത്.
വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ സമിപവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫയര്‍ഫോഴ്‌സിനെയും പോലീസിനെയും വിവരം അറിയിച്ചു. മൂന്നു മൃതദേഹങ്ങള്‍ കാറിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു.ബിജുവും ഈപ്പന്‍ മത്തായിയുമായിരുന്നു കാറിന്റെ മുന്‍സീറ്റിലുണ്ടായിരുന്നത്. അനുവും നിഖിലും പിന്‍സീറ്റിലാണ് ഉണ്ടായിരുന്നത്. എയര്‍ ബാഗൊന്നുമില്ലാത്ത പഴയ കാറാണ് അപകടത്തില്‍ പെട്ടത്. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. തലകീഴായി കിടന്ന നിലയിലാണ് നിഖിലിനെ പുറത്തെടുത്തത്. അപകടം നടന്ന ആളുകള്‍ ഓടിക്കൂടുമ്പോള്‍ അനുവിന് ജീവനുണ്ടായിരുന്നു. കാറിന്റെ ഒരു ഡോര്‍ മാത്രമാണ് അപ്പോള്‍ തുറക്കാന്‍ കഴിയുമായിരുന്നത്. അതിലൂടെ അനുവിനെ വേഗം പുറത്തേക്ക് എടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലേക്കുള്ള വഴിയില്‍ അനു മരിച്ചു. ബാക്കിയുള്ളവരെ കാര്‍ വെട്ടിപൊളിച്ചാണ് പുറത്തേക്ക എടുത്തത്. അപ്പോഴേക്കും അവര്‍ മരിച്ചിരുന്നു.
നവീകരിച്ചതിന് ശേഷം പുനലൂര്‍-മൂവാറ്റുപുഴ പാതയില്‍ അപകടം പതിവാണ്. എന്നാല്‍ മരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. അമിത വേഗതയും ഉറക്കവും തന്നെയാണ് ദുരന്തകാരണമെന്ന വിലയിരുത്തലിലാണ് പോലീസും മോട്ടോര്‍ വാഹന വകുപ്പും.