
പത്തനംതിട്ട: പ്ലസ് വണിന് പഠിക്കുന്ന പതിനാറുകാരിയെ സമൂഹമാധ്യമം വഴി പരിചയപ്പെടുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ നാലു പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. 12 പേരെക്കൂടി പിടികൂടാനുണ്ട്. അഞ്ചാം പ്രതി ചിറ്റാര്‍ ഓലിക്കല്‍ വീട്ടില്‍ അനന്തു (27), ളാഹ വാലുപറമ്പില്‍ വിഷ്ണു ഷാജി (24), ആറാം പ്രതി ചിറ്റാര്‍ പന്നിയാര്‍ പുത്തന്‍വീട്ടില്‍ ആഷിഖ് ആസാദ് (25), 20-ാം പ്രതി പത്തനംതിട്ട താഴേവെട്ടിപ്രം മംഗലത്ത് പ്ലാസയില്‍ നവനീത് (24) എന്നിവരാണ് ബുധാഴ്ചയും ഇന്നലെയുമായി അറസ്റ്റിലായത്.
ഇതില്‍ ആഷിഖ് ആസാദ് ഡിവൈഎഫ്‌ഐ നേതാവാണ്. കേസില്‍ പ്രതിയായി എന്നറിഞ്ഞതോടെ ഇയാള്‍ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തിരുന്നു. ഡിവൈഎഫ്‌ഐയുടെ പേജുകളില്‍ നിന്നും ഇയാള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങള്‍ അപ്രത്യക്ഷമായി. ആകെ 20 പ്രതികളുളള പെരുനാട് പീഡനക്കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ ഡിവൈഎഫ്‌ഐ നേതാവാണ് ആഷിഖ്. പെരുനാട് മേഖലാ പ്രസിഡന്റ് ജോയല്‍ തോമസിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥനായ മുഹമ്മദ് റാഫി, പ്രായപൂര്‍ത്തിയാകാത്ത ആള്‍, കാരികയം സ്വദേശി സജാദ് എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായിട്ടുള്ളത്.
സിപിഎമ്മിനും ഡിവൈഎഫ്‌ഐക്കും വന്‍തിരിച്ചടിയാണ് പോക്‌സോ കേസില്‍ ഡിവൈഎഫ്‌ഐ നേതാക്കളുടെ അറസ്റ്റ്. മേഖലാ പ്രസിഡന്റ് ജോയല്‍ തോമസ് കീഴടങ്ങുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടും മാധ്യമങ്ങള്‍ക്ക് നല്‍കിയില്ല. ഈ വിവരം സ്ഥിരീകരിക്കാന്‍ പോലും റാന്നി ഡിവൈഎസ്പി അടക്കം മടിക്കുകയായിരുന്നു. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴിയുള്ളതിനാല്‍ ജോയലിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നിര്‍ബന്ധിതരാവുകയായിരുന്നു. പക്ഷേ, മറച്ചു വച്ചതിന്റെ ഇരട്ടി വിവരങ്ങളുമായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതോടെ പോലീസിന്റെ രക്ഷാപ്രവര്‍ത്തനം വൃഥാവിലായി.
ആഷിഖിന്റെ കാര്യത്തിലും ഇതേ നയം തന്നെയാണ് പൊലീസ് പിന്തുടരുന്നത്. സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം ചിത്രങ്ങള്‍ നീക്കിയെങ്കിലും പ്രയോജനമില്ല. ആഷിഖിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. 2021 ജൂണ്‍ മുതല്‍ കഴിഞ്ഞ മാസം വരെയാണ് പെണ്‍കുട്ടിയ്ക്ക് പലരില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടി വന്നിരിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം 20 പ്രതികളാണുള്ളത്. ഇതില്‍ 16 പേര്‍ ലൈംഗിക പീഡനം നടത്തിയിട്ടുണ്ട്. ശേഷിച്ച നാലു പേര്‍ കുട്ടിയുടെ നഗ്‌നവീഡിയോയും ദൃശ്യങ്ങളും പ്രചരിപ്പിച്ചവരാണ്. പത്തനംതിട്ട ടൗണിലെ സ്റ്റാര്‍ ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ കാറില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി എന്നറിയുന്നു. അതിജീവതയ്ക്ക് 16 വയസാണുള്ളത്. പത്തനംതിട്ട, കണ്ണൂര്‍, കോട്ടയം ജില്ലകളില്‍ നിന്നുള്ളവരാണ് പ്രതികള്‍. ചെറുപ്രായത്തില്‍ തന്നെ കുട്ടിയെ പിതാവ് ഉപേക്ഷിച്ചു പോയി. മാതാവ് വിദേശത്താണുള്ളത്. 16 വയസുള്ള കുട്ടി അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നത്.