പത്തനംതിട്ട ഓമല്ലൂരില്‍ നാലു വാഹനങ്ങളുടെ കൂട്ടയിടി: മാരുതി കാര്‍ തവിടു പൊടി: അഞ്ചു പേര്‍ക്ക് പരുക്ക്

0 second read
Comments Off on പത്തനംതിട്ട ഓമല്ലൂരില്‍ നാലു വാഹനങ്ങളുടെ കൂട്ടയിടി: മാരുതി കാര്‍ തവിടു പൊടി: അഞ്ചു പേര്‍ക്ക് പരുക്ക്
0

പത്തനംതിട്ട: ഓമല്ലൂര്‍ കുരിശടി ജംഗ്ഷനില്‍ നാലു വാഹനങ്ങളുടെ കൂട്ടയിടി. മലയാലപ്പുഴ വാസന്തിമഠത്തില്‍ ശോഭന (42) ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ (42)എന്നിവരടക്കം അഞ്ചു പേര്‍ക്ക് പരുക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ലെങ്കിലും ഒരു മണിക്കൂറോളം രണ്ടു റോഡുകളിലും ഗതാഗത തടസം നേരിട്ടു.

ഉളനാട് സ്വദേശികളായ കുറ്റിപ്പാല നില്‍ക്കുന്നതില്‍ ഹരികുമാര്‍ (53), സഹോദരങ്ങളായ രവീന്ദ്രന്‍ (56), മധു (50)എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. ഇവര്‍ സഞ്ചരിച്ച മാരുതി ഓള്‍ട്ടോ 800 കാര്‍ പൂര്‍ണമായി തകര്‍ന്നു.

ഉച്ചയ്ക്ക് 1.15 നാണ് അപകടം നടന്നത്. പത്തനംതിട്ടയില്‍ നിന്നും കുളനട മെഡിക്കല്‍ ട്രസ്റ്റിലേക്ക് രോഗിയെ കൊണ്ടുവരാന്‍ പോയ സേവാഭാരതിയുടെ ആംബുലന്‍സ്, പത്തനംതിട്ടയില്‍ നിന്ന് ഉളനാട് ഭാഗത്തേക്ക് പോയ മാരുതി 800 കാര്‍, എതിരേ വന്ന ഹ്യൂണ്ടായ് ഐ 10, പത്തനംതിട്ട അമ്പലക്കടവ് കുളനട വഴി പന്തളത്തിന് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് എന്നീ വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

പത്തനംതിട്ടയില്‍ നിന്ന് വന്ന ആംബുലന്‍സിന് മുന്നിലേക്ക് മാരുതി കാര്‍ കുരിശടി ജംഗ്ഷനില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞതാണ് അപകടത്തിന് കാരണമായത്. കാര്‍ ഒതുക്കി എന്ന് വിചാരിച്ചാണ് ആംബുലന്‍സ് അമിത വേഗതയില്‍ പോയത്. പെട്ടെന്ന് കാര്‍ വലത്തേക്ക് എടുത്തതിനെ തുടര്‍ന്ന് ആംബുലന്‍സ് കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എതിരേ വന്ന ഹ്യൂണ്ടായ് ഐ 10 കാറിലേക്കാണ് മാരുതി കാര്‍ ചെന്നിടിച്ചത്. നിയന്ത്രണം വിട്ട ഹ്യൂണ്ടായ് കാര്‍ കുരിശടി സ്‌റ്റോപ്പില്‍ നിര്‍ത്തി ആളു കയറുകയായിരുന്ന നിവേദ് എന്ന സ്വകാര്യ ബസിന് പിന്നില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിന്റെ ടാങ്ക് പൊട്ടി ഡീസല്‍ റോഡിലേക്ക് ചീറ്റിയൊഴുകി. മാരുതി കാറിന്റെ മുന്നിലെ രണ്ട് എയര്‍ ബാഗുകളും വിടര്‍ന്നതിനാല്‍ യാത്രക്കാരുടെ പരുക്ക് ഗുരുതരമല്ല. ഈ വാഹനത്തിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. ആംബുലന്‍സിന്റെ ടാങ്കില്‍ നിന്ന് ചോര്‍ന്ന ഡീസല്‍ ഫയര്‍ ഫോഴ്‌സ് എത്തി സോപ്പു പൊടി ഉപയോഗിച്ച് കഴുകി. പരുക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും മാറ്റി. പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് ഒരു മണിക്കുറോളം എടുത്ത് വാഹനങ്ങള്‍ മാറ്റി.

പത്തനംതിട്ട പന്തളം, അടൂര്‍, പത്തനംതിട്ട ഇലവുംതിട്ട റോഡിലും ഒരു മണിക്കുറോളം ഗതാഗത തടസം നേരിട്ടു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…