തിരുവല്ല: എല്‍ഡിഎഫ് ഭരിക്കുന്ന നെടുമ്പ്രം ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ പദ്ധതികളുടെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നുവെന്ന് സൂചന. സിഡിഎഡ് ചെയര്‍പേഴ്‌സണും വിഇഓയും ചേര്‍ന്ന് പദ്ധതികളുടെ പണം തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് ആരോപണം. കഴിഞ്ഞദിവസം പഞ്ചായത്ത് ഓഫീസില്‍ എത്തിയ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഡിറ്റ് വിഭാഗം 2013 മുതല്‍ ഉള്ള പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച ഫയലുകളും മറ്റ് രേഖകളും പരിശോധനയ്ക്കായി കൊണ്ടുപോയി.
നടപ്പിലാക്കാത്ത കുടുംബശ്രീ പദ്ധതികളുടെയും സംരംഭങ്ങളുടെയും പേരില്‍ അനുവദിച്ച ലക്ഷക്കണക്കിന് രൂപ സിഡിഎസ് ചെയര്‍പേഴ്‌സണും മുന്‍ വിഇഓയും തങ്ങളുടെ അക്കൗണ്ടുകളിലേക്ക് മാറ്റി എന്ന ആരോപണമാണ് പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തുന്നത്. 2021 മുതലുള്ള കാലഘട്ടത്തിലാണ് ഫണ്ടുകളില്‍ ക്രമക്കേട് നടന്നതെന്നാണ് ലഭിക്കുന്ന വിവരം. സിഡിഎസിന്റെ പഞ്ചായത്ത് കമ്മിറ്റി അടിയന്തരമായി വിളിച്ചു ചേര്‍ക്കാന്‍ ജില്ലാ മിഷന്‍ ഒരാഴ്ച മുമ്പ് ആവശ്യപ്പെട്ടെങ്കിലും ചെയര്‍പേഴ്‌സണ്‍ അടക്കമുള്ളവര്‍ അതിന് തയാറായിട്ടില്ല.
ഫണ്ട് വിനിയോഗം സംബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബശ്രീയുടെ ഫണ്ട് വിനിയോഗം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് സിഡിഎസ് ചെയര്‍പേഴ്‌സനും വിഇഓയും ആണെന്നും ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഇതുവരെയും ലഭിച്ചിട്ടില്ലെന്നും കിട്ടുന്ന മുറയ്ക്ക് തുടര്‍നടപടി സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി പറഞ്ഞു.