റാന്നി: മദ്യവില്‍പ്പന ശാലയ്ക്ക് മുന്നില്‍ നടന്ന അടിപിടിക്കും വീട്ടില്‍ ചെന്നുള്ള വെല്ലുവിളിക്കും പിന്നാലെ യുവാവിനെ കാറിടിപ്പിച്ച് കൊന്ന കേസില്‍ നാലു പ്രതികള്‍ അറസ്റ്റില്‍. കീക്കോഴൂരില്‍ വാടകയ്ക്ക് താമസിക്കുന്ന വെട്ടിക്കല്‍ വീട്ടില്‍ സുരേഷിന്റെ മകന്‍ അമ്പാടി സുരേഷ് (24) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍പ്പോയ റാന്നി ചേത്തയ്ക്കല്‍ നടമംഗലത്ത് വീട്ടില്‍ കുട്ടു എന്ന് വിളിക്കുന്ന അരവിന്ദ് (30), ചേത്തയ്ക്കല്‍ മലയില്‍ വീട്ടില്‍ അജോ എം. വര്‍ഗീസ് (30), നടമംഗലത്ത് വീട്ടില്‍ ശ്രീക്കൂട്ടന്‍ എന്ന് വിളിക്കുന്ന ഹരിശ്രീ വിജയന്‍ (28), നീരേറ്റുകാവ് കക്കുടുമണ്‍ താഴത്തേക്കൂറ്റ് വീട്ടില്‍ അക്‌സം (25) എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ അക്‌സം ഒഴികെ മൂന്നു പേരെയും എറണാകുളത്ത് നിന്നും റാന്നി ഡിവൈ.എസ്.പി ആര്‍. ജയരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു. അക്‌സം കൃത്യത്തില്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടില്ല. ഇയാളെ വീട്ടില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്.
ഞായറാഴ്ച രാത്രി എട്ടിന് മന്ദമരുതി തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്. കൂട്ടുകാര്‍ക്കൊപ്പം നിന്നിരുന്ന അമ്പാടി സുരേഷിനെ അമിത വേഗതയില്‍ വന്ന മാരുതി സ്വിഫ്ട് കാര്‍ കൊണ്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ശേഷം അമ്പാടിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കിയതായും പറയുന്നു. അരവിന്ദ്, അജോ, ശ്രീക്കുട്ടന്‍ എന്നിവരാണ് സ്വിഫ്ട് കാറിലുണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ അമ്പാടിയെ ആദ്യം റാന്നിയിലെയും പിന്നീട് കോഴഞ്ചേരിയിലെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വെറുമൊരു വാഹനാപകടമായി പോകുമായിരുന്ന കേസ് കൊലപാതകമാണെന്ന് പോലീസിന് വിവരം ലഭിച്ചത് അമ്പാടിയുടെ സുഹൃത്തുക്കളുടെ മൊഴിയില്‍ നിന്നാണ്. കൊലയ്ക്ക് ശേഷം അരവിന്ദും അജോയും ശ്രീക്കുട്ടനും കാര്‍ വെച്ചൂച്ചിറ കുന്നത്ത് ഉപേക്ഷിച്ച ശേഷം മറ്റൊരു വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു.
പുലര്‍ച്ചെ നാലു മണിയോടെ സ്വിഫ്ട് കാര്‍ ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തി കസ്റ്റഡിയില്‍ എടുത്തു. പ്രതികളുടെ വാട്‌സാപ്പ് സന്ദേശത്തില്‍ നിന്നും അക്‌സത്തെ കുറിച്ച് പോലീസിന് സൂചന ലഭിക്കുകയും ഇയാളെ ആദ്യം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് മറ്റു പ്രതികളുടെ നീക്കം നിരീക്ഷിച്ച് വലയിലാക്കുകയായിരുന്നു.
ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെ ബിവറേജസ് കോര്‍പ്പറേഷന്റെ റാന്നി മദ്യവില്‍പ്പനശാലയ്ക്ക് മുന്നില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. കൊല്ലപ്പെട്ട അമ്പാടിയുടെ സഹോദരങ്ങളായ വിനു, വിഷ്ണു, സുഹൃത്തായ മത്തി എന്ന് വിളിക്കുന്ന മിഥുന്‍ എന്നിവരുമായി ഉണ്ടായ തര്‍ക്കമാണ് പിന്നീട് കൊലപാതകത്തില്‍ കലാശിച്ചത്. വിനുവും വിഷ്ണുവും ബന്ധുവായ എരുമേലി സ്വദേശിയുടെ വിവാഹവുമായി ബന്ധപ്പെട്ട് മദ്യം വാങ്ങാന്‍ ബിവറേജിലെത്തിയിരുന്നു. ഈ സമയം പ്രതികളില്‍ ഒരാളായ അജോ വര്‍ഗീസ് അവിടെ വരികയും മിഥുനെ കണ്ടപ്പോള്‍ അസഭ്യം പറയുകയും ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു. ഇതിന് ശേഷം അഞ്ചു മണിയോടെ അജോ മിഥുന്റെ വീട്ടിലെത്തി അസഭ്യവര്‍ഷവും വെല്ലുവിളിയും നടത്തി. ഈ സമയം മിഥുന്‍ വീട്ടില്‍ ഇല്ലായിരുന്നു. തുടര്‍ന്ന് മിഥുനെ ഫോണില്‍ വിളിച്ച് അജോ അസഭ്യം പറയുകയും മന്ദമരുതിയിലേക്ക് വരാന്‍ വെല്ലുവിളിക്കുകയും ചെയ്തു. രാത്രി എട്ടു മണിയോടെ വിനു, വിഷ്ണു, മിഥുന്‍ എന്നിവര്‍ ഹ്യൂണ്ടായി ഐ ടെന്‍ കാറില്‍ മന്ദമരുതിയിലേക്ക് പുറപ്പെട്ടു. പോകുന്ന വഴി എസ്.സി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള മാവേലില്‍ പമ്പിന് മുന്നില്‍ നിന്ന് അമ്പാടിയെയും കാറില്‍ കയറ്റി.
മന്ദമരുതിയില്‍ ചെന്നപ്പോള്‍ അജോയുടെ സുഹൃത്തും അരവിന്ദിന്റെ ബന്ധുവുമായ ശ്രീക്കുട്ടനും അക്‌സവും സ്‌കൂട്ടറില്‍ വന്നു. ഇരുകൂട്ടരും തമ്മില്‍ അടിപിടിയുണ്ടായി. അതിന് ശേഷം ശ്രീക്കുട്ടനും അക്‌സവും സ്‌കൂട്ടറില്‍ സ്ഥലം വിട്ടു. മിഥുന്‍, വിനു, വിഷ്ണു എന്നിവര്‍ കാറില്‍ കയറി. കാറിന്റെ സമീപത്തായി റോഡില്‍ നിന്ന അമ്പാടിയെ പ്ലാച്ചേരി ഭാഗത്ത് നിന്ന് വന്ന സ്വിഫ്ട് കാര്‍ ഇടിച്ചു തെറിപ്പിച്ചു. താഴെ വീണ അമ്പാടിയുടെ ശരീരത്തില്‍ കൂടി കയറ്റിയിറക്കിയ കാര്‍ നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട മൂന്നു പ്രതികളും എറണാകുളത്ത് ഉണ്ടെന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ നിന്ന് മനസിലാക്കി ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അരവിന്ദ് റാന്നി സ്‌റ്റേഷനില്‍ മൂന്നും വളപട്ടണം സ്‌റ്റേഷനിലും കേസുകളില്‍ പ്രതിയാണ്. അമ്പാടി സുരേഷ് വാഹനത്തില്‍ പൈനാപ്പിള്‍ കച്ചവടം ചെയ്യുന്ന ജോലി നടത്തി വരികയായിരുന്നു.