
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രഭരണം ആധുനിക രീതിയില്‍ കമ്പ്യൂട്ടര്‍വല്‍കരിക്കപ്പെടുന്നു.നാഷണല്‍ ഇന്‍ഫര്‍മേറ്റിക് സെന്ററി (എന്‍ഐസി)ന്റെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പൂര്‍ണ്ണ കമ്പ്യൂട്ടര്‍വത്ക്കരണം നടപ്പിലാക്കുന്നത്. അതിനായി ദേവസ്വം ബോര്‍ഡും എന്‍ഐസിയുമായി ധാരണാ പത്രത്തില്‍ ഒപ്പിട്ടു. എട്ട് മാസം
മുന്‍പ് സൈബര്‍ ഫോറന്‍സിക് വിദഗ്ധന്‍ ഡോ. വിനോദ് ഭട്ടതിരിപ്പാട് ചീഫ് അഡൈ്വസറായി എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയ്ക്ക് ദേവസ്വം ബോര്‍ഡ് രൂപം നല്‍കിയിരുന്നു. ദേവസ്വത്തിന്റെ വിവിധ ഫങ്ഷണല്‍ ഡോമേയ്‌നുകളുടെ റിക്വയര്‍മെന്റ് അനാലിസിസ് ദേവസ്വം ഉദ്യേഗസ്ഥര്‍ തന്നെ പൂര്‍ത്തിയാക്കി. തുടര്‍ന്ന് എന്‍ഐസി സോഫ്റ്റ് വെയര്‍ വികസനവും പൂര്‍ത്തിയാക്കി.
പൈലറ്റ് ടെസ്റ്റിങ്ങ് ജനുവരിയില്‍ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ നടക്കും. തുടര്‍ന്ന് ശബരിമലയും മറ്റു ക്ഷേത്രങ്ങളും ഈ സംവിധാനത്തിനു കീഴില്‍ കൊണ്ടുവരും. അതോടെ ദേവസ്വം ബോര്‍ഡിനു കീഴിലെ 1252 ക്ഷേത്രങ്ങളിലെ വഴിപാടുകള്‍ മുതല്‍ മരാമത്തു പണികള്‍ വരെ എല്ലാം വിവിധ ജില്ലകളിലുള്ള ഓഫീസുകളിലിരുന്ന് ക്‌ളൗഡ് ബേസ്ഡ് കമ്പ്യൂട്ടര്‍ ശൃംഖല വഴി ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രിക്കാനാകും.
ഈ ഓണ്‍ലൈന്‍ സൗകര്യമുപയോഗിച്ച് ഭക്തര്‍ക്ക് ലോകത്തെവിടെയിരുന്നും വഴിപാടുകള്‍ ബുക്ക് ചെയ്യാനാകും. ഭക്തര്‍ റസീതാക്കിയ വഴിപാടുകളുടെ വിവരങ്ങള്‍ മേല്‍ശാന്തിക്കും ക്ഷേത്ര ചുമതലക്കാര്‍ക്കും അപ്പപ്പോള്‍ അറിയാനുമാകും.
ഓരോ ക്ഷേത്രത്തിന്റെ മരാമത്തു പണികള്‍ക്കും പുനരുദ്ധാരണത്തിനും വേണ്ട ബജറ്റ് ആവശ്യങ്ങളും നിര്‍ദേശങ്ങളും ഈ സംവിധാനമുപയോഗിച്ച് തയ്യാറാക്കാനും ബോര്‍ഡിലേക്ക് സമര്‍പ്പിക്കാനും സാധിക്കും. അത്തരം നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും ബോര്‍ഡിന്റെ ഇനിയുള്ള കാലത്തെ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും ഉണ്ടാവുക.
വഴിപാടുകള്‍ റസീതാക്കാനായി ഭക്തര്‍ക്ക് ഈ സംവിധാനം മൊബൈല്‍ ഫോണിലെ ഗൂഗിള്‍ ക്രോം അടക്കമുള്ള ബ്രൗസറുകളുടെ സഹായത്തോടെ ഉപയോഗപ്പെടുത്താനാകും. മാത്രമല്ല, ഈ സൗകര്യങ്ങളെല്ലാമടങ്ങിയ ആന്‍ഡ്രോയിഡ് ആപ്പുകളും ഐഒഎസ് ആപ്പുകളും ഇതോടൊപ്പം ഭക്തര്‍ക്ക് പ്ലേസ്‌റ്റോറില്‍ ലഭ്യവുമാക്കും.
തിരുവാഭരണങ്ങളടക്കമുള്ള ക്ഷേത്രസ്വത്തുകളുടെ വിവരങ്ങള്‍ ഡിജിറ്റെൈലസ് ചെയ്ത് സൂക്ഷിക്കാനുള്ള സംവിധാനവും ഈ സോഫ്റ്റ് വെയറില്‍ ലഭ്യമാണ്. റവന്യു വകുപ്പ് ജിയോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗിച്ച് ഡിജിറ്റൈസ് ചെയ്ത് വെച്ചിട്ടുള്ള ലാന്‍ഡ് റെക്കോര്‍ഡുകളിലെ ക്ഷേത്രഭൂസ്വത്തു വിവരങ്ങള്‍ ഈ സോഫ്‌റ്റ്വേയറുമായി ബന്ധപ്പെടുത്താനും അതുവഴി ക്ഷേത്രത്തിന്റെ ഭൂസ്വത്തുക്കള്‍ ഭാവിയില്‍ കൈമാറ്റം ചെയ്യപ്പെടാനാകാതെ സംരക്ഷിക്കാനും സാധിക്കും.
ക്ഷേത്രങ്ങളിലെ ആനകളുടെ വ്യക്തിവിവരങ്ങളും ചികിത്സാവിവരങ്ങളും എഴുന്നള്ളിപ്പുവിവരങ്ങളും ഈ സംവിധാനത്തിനു ഭാഗമാക്കും.
ഈ സംവിധാനം നിലവില്‍ വരുന്നതിന്റെ ഭാഗമായി ഓരോ ക്ഷേത്രത്തിലും ഹെസ്പീഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും വൈഫൈയും ലഭ്യമാക്കും. ശബരിമലയില്‍ ഈ സംവിധാനം നിലവില്‍ വരുന്നതിന്റെ ഭാഗമായി നിലക്കല്‍ മുതല്‍ പമ്പ വരെ വനഭൂമിയിലൂടെ കേബിള്‍ ഡക്റ്റുകള്‍ വഴിയും പമ്പ മുതല്‍ സന്നിധാനം വരെ പോസ്റ്റുകള്‍ വഴിയും പരിസ്ഥിതി സൗഹൃദമായി ഡാറ്റാ കേബിളുകളെത്തിക്കും. വന്യമൃഗങ്ങള്‍ ഡാറ്റാ കേബിളുകള്‍ നശിപ്പിക്കാതിരിക്കാനുള്ള സംവിധാനവും ഒരുക്കും.
ഭക്തരുടെ സ്വകാര്യവിവരങ്ങളുടെ സംരക്ഷണാര്‍ത്ഥം ഡിജിറ്റല്‍ വിവരങ്ങള്‍ സ്‌റ്റേറ്റ് ഡാറ്റാ സെന്ററിലാകും സൂക്ഷിക്കപ്പെടുക. മാത്രമല്ല, ഭക്തരുടെ സൗകര്യാര്‍ത്ഥം സംസ്ഥാന സര്‍ക്കാരിന്റെ പേയ്‌മെന്റ് ഗെയ്റ്റ് വേ മാത്രമല്ല വിവിധ ബാങ്കുകളുടെ പേയ്‌മെന്റ് ഗെയ്റ്റ് വേകളും ഈ സോഫ്‌റ്റ്വേയറിന്റെ ഭാഗമാക്കും.
ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ദേവസ്വം കമ്മിഷണര്‍ സി.വി. പ്രകാശ്, ചെന്നൈ എന്‍ഐസി ഡെപ്യൂട്ടി ഡയറക്റ്റര്‍ ജനറല്‍ ഗീതാറാണി എന്നിവര്‍ ചേര്‍ന്ന് ഒപ്പുവെച്ചു. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് അഡ്വ. പി. എസ്. പ്രശാന്ത്, മെമ്പര്‍ അഡ്വ. എ. അജികുമാര്‍, ചീഫ് ഐടി അഡ്വൈസര്‍ ഡോ. പി. വിനോദ് ഭട്ടതിരിപ്പാട്, ചീഫ് എഞ്ചിനീയര്‍ രഞ്ചിത്ത് ശേഖര്‍, ഓട്ടോമേഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഒ. ജി. ബിജു, ചെന്നൈ എന്‍ഐസി സീനിയര്‍ ടെക്‌നിക്കല്‍ ഡയറക്റ്റര്‍ ആര്‍. ഗോവിന്ദന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.