ഇലന്തൂര്‍: രോഹ്താങ്ങിലെ മഞ്ഞുമലയില്‍ 56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കൊല്ലപ്പെട്ട ഒടാലില്‍ വീട്ടില്‍ തോമസ് ചെറിയാന് ജന്മനാട്ടില്‍ അന്ത്യവിശ്രമം.സ്വാതന്ത്ര്യ സമര നായകരുടെ സ്മരണകള്‍ ഉയരുന്ന ഇലന്തൂരിലെ മണ്ണ് ധീര ജവാന്റെ ഭൗതിക ശരീരം ഏറ്റുവാങ്ങി. മാതാപിതാക്കള്‍ക്കും ജ്യേഷ്ഠസഹോദരനുമൊപ്പം ഇനി തോമസിനും നിത്യനിദ്ര.
സംസ്ഥാന സര്‍ക്കാരിന്റെയും പൂര്‍ണ്ണ സൈനിക ബഹുമതികളോടെയും മതാചാരങ്ങള്‍ക്കനുസരിച്ചും കാരൂര്‍ സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടന്ന സംസ്‌കാര കര്‍മ്മങ്ങളില്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരങ്ങളാണ് അന്ത്യോപചാരമര്‍പ്പിക്കാനായി
എത്തിച്ചേര്‍ന്നത്. ഇന്നലെ രാവിലെ 10 മണിയോടെ പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്നും തോമസ് ചെറിയാന്റെ മൃതദേഹവും വഹിച്ചു കൊണ്ട് പ്രത്യേകം അലങ്കരിച്ച വാഹനത്തില്‍ ഇലന്തൂര്‍ മാര്‍ക്കറ്റ് ജംഗ്ഷനിലെത്തിച്ചേര്‍ന്നു. ഇവിടെ പൊതു ദര്‍ശനത്തിന് ശേഷം തുടര്‍ന്ന് വിലാപയാത്രയായി ഭഗവതിക്കുന്നിലെ ഒടാലില്‍ വീട്ടിലേക്ക് നീങ്ങി. രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത സൈനികന്റെ മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ മത സാമൂഹ്യ രാഷ്ര്ടീയ സാമൂഹ്യ മണ്ഡലങ്ങളിലെ പ്രമുഖരടക്കം ആയിരങ്ങളാണ് എത്തിച്ചെര്‍ന്നത്.
ഒടാലില്‍ കുടുംബ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം 12.40 ഓടെ വിലാപയാത്രയായി മൃതദേഹം കാരൂര്‍ സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെത്തിച്ചു. തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ പ്രത്യേകം തയാറാക്കിയ കല്ലറയില്‍ സംസ്‌കരിച്ചു.
പള്ളിയിലെ ശുശ്രൂഷകള്‍ക്ക് കുര്യാക്കോസ് മാര്‍ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. മെത്രാപ്പോലീത്തമാരായ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്, ജോസഫ് മാര്‍ ദിവന്നാസിയോസ്, ജോഷ്വാ മാര്‍ നിക്കോദിമോസ്, ഏബ്രഹാം മാര്‍ സെറാഫിം എന്നിവര്‍ ദേവാലയത്തിലും ഭവനത്തിലുമായി നടന്ന ശുശ്രൂഷകളില്‍ കാര്‍മികരായിരുന്നു. ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ സന്ദേശം തുമ്പമണ്‍ ഭദ്രാസന സെക്രട്ടറി ജോണ്‍സണ്‍ കല്ലിട്ടതില്‍ കോര്‍ എപ്പിസ്‌കോപ്പ വായിച്ചു. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ സന്ദേശം ആന്റോ ആന്റണി എംപിയും വായിച്ചു.
ഓര്‍ത്തഡോക്‌സ് സഭ വൈദിക ട്രസ്റ്റി ഫാ. തോമസ് വര്‍ഗീസ് അമയില്‍, അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍, മുന്‍ സെക്രട്ടറി ജോര്‍ജ് ജോസഫ് തുടങ്ങിയവരും ആദരാഞ്ജലി അര്‍പ്പിച്ചു.
രണ്ടാം മദ്രാസ് റെജിമെന്റില്‍ നിന്ന് കേണല്‍ ജോണ്‍ മാത്യു, കമാന്റിങ് ഓഫീസര്‍ കേണല്‍ എ. കെ സിംഗ്, കേണല്‍ സഞ്ജു ചെറിയാന്‍, ലെഫ്. കേണല്‍ സുമീത് എസ് കുല്‍കര്‍ണി മേജര്‍ പങ്കജ് എന്നിവര്‍ പങ്കെടുത്തു. എന്‍ സി സി 14-ാം ബറ്റാലിയന്‍ കേണല്‍ മായങ്ക് ഖാര്‍കെയുടെ നേതൃത്വത്തില്‍ ആകെ അറുപതു പേര്‍ സംബന്ധിച്ചു.
ടീം പത്തനംതിട്ട സോള്‍ജിയേഴ്‌സ് പ്രസിഡന്റ് രാജീവ് കെ. നായര്‍, രക്ഷാധികാരി രാജ് മോഹന്‍ എന്നിവരടക്കം 50 പേരും തോമസ് ചെറിയാന്‍ ജോലി ചെയ്തിരുന്ന ഇഎംഇ കോര്‍പ്‌സില്‍ നിന്ന് മേജര്‍ പങ്കജ്, സുബൈദാര്‍ മേജര്‍ ജയ പ്രകാശ്, ഹവില്‍ദാര്‍ സിഎസ് ലാല്‍, ഹവില്‍ദാര്‍ ബന്‍വര്‍ ലാല്‍ എന്നിവരും സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് , ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ എന്നിവര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.