കേരളത്തില്‍ നിന്നുളള ചീട്ടുകളി കമ്പക്കാര്‍ കമ്പത്ത് തമ്പടിക്കുന്നു: നഷ്ടമാകുന്നത് ലക്ഷങ്ങളും വാഹനങ്ങളും

0 second read
0
0

ഉത്തമപാളയം: മലയാളികളെ ലക്ഷ്യമിട്ട് തമിഴ്‌നാട്ടിലെ കമ്പത്ത് വമ്പന്‍ ചീട്ടുകളി സംഘം. പ്രമുഖ ബാര്‍ കേന്ദ്രീകരിച്ചുള്ള ക്ലബിലാണു സംസ്ഥാനത്തുട നീളമുള്ള മലയാളികള്‍ മേശയ്ക്ക് അപ്പുറമിപ്പുറം നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. ജീവനക്കാരായ തമിഴ്‌നാട് സ്വദേശികളൊഴിച്ചാല്‍ ക്ലബിന്റെ പൂര്‍ണ നിയന്ത്രണം മലയാളികള്‍ക്കാണ്.

ഹൈറേഞ്ച് സ്വദേശികളായ പ്രമുഖ ചീട്ടുകളിക്കാരാണ് ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നത്. മറ്റു സ്ഥലങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ ചീട്ടുകളിക്കാരെ സഭയില്‍ എത്തിക്കുന്നത് ഇവരാണ്. തലയൊന്നിന് 2000 രൂപ ഇവര്‍ക്കു കമ്മീഷനായി ലഭിക്കും. 2000 രൂപ പ്രവേശന ഫീസ് (ചീട്ടുമേശ) നല്‍കിയാല്‍ കളി ആരംഭിക്കാം. പ്രധാനമായും റമ്മി, വെട്ടിമലര്‍ത്ത്, മുച്ചിട്ട് എന്നിവയാണു കളികള്‍. ലക്ഷക്കണക്കിനു രൂപ മറിയുന്നതു വെട്ടിമലര്‍ത്തിലാണ്. ഏഴ് വര്‍ഷം മുമ്പാണ് കമ്പത്തെ സ്വകാര്യ ബാറിലെ ക്ലബിന്റെ നിയന്ത്രണം മലയാളികള്‍ ഏറ്റെടുക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇടുക്കിയുടെ വിവിധ ഭാഗങ്ങളിലായി പണം വച്ചു ചീട്ടുകളി സജീവമായിരുന്നു.

അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിനു സമീപത്തെ വീടായിരുന്നു പ്രധാന താവളം. കൂടാതെ നെടുങ്കണ്ടത്തെ ലോഡ്ജ് കേന്ദ്രീകരിച്ചും പണം വച്ചു ചീട്ടുകളി സജീവമായിരുന്നു. പിന്നീട് പൊലീസ് തുടര്‍ച്ചയായി പിടികൂടിയതോടെ ഇവര്‍ അതിര്‍ത്തിക്കപ്പുറത്തേയ്ക്കു ചേക്കേറുകയായിരുന്നു.

നിലവില്‍ ഏഴ് വര്‍ഷമായി എല്ലാ ദിവസവും ഇവിടെ ചീട്ടുകളി നടക്കുന്നുണ്ട്. ആകെ കിട്ടുന്ന വരുമാനത്തിന്റെ 70 ശതമാനം നടത്തിപ്പുകാര്‍ക്കും 30 ശതമാനം ബാറുടമയ്ക്കുമാണ്. ക്ലബിന്റെ മേല്‍നോട്ടക്കാരായ ഹൈറേഞ്ചുകാര്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ചീട്ടുകളിക്കാരെ ഇവിടേയ്ക്ക് എത്തിച്ചു തുടങ്ങി. കാറുകളില്‍ ക്ലബിലെത്തിക്കുന്നതും തിരികെ കൊണ്ടുപോകുന്നതും ഏജന്റുമാരുടെ ചുമതലയാണ്. ബാറിനുള്ളിലെ ശീതികരിച്ച മുറികളിലാണു കളി.

ഏതുസമയത്തും ഭക്ഷണം മുറികളില്‍ എത്തിച്ചു നല്‍കും. മുന്‍കൂര്‍ പണം നല്‍കിയാല്‍ മദ്യവും റെഡി. മുമ്പ് ഇടുക്കിക്കാരായ കളിക്കാര്‍ മാത്രമായിരുന്നുവെങ്കില്‍ ഇപ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇവിടുത്തെ സ്ഥിരം സന്ദര്‍ശകരാണ്. കാഞ്ഞിരപ്പള്ളി, തൊടുപുഴ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രധാന കളിക്കാരും ഇവിടെ എത്തുന്നുണ്ട്.

നേട്ടം കൊയ്യുന്നത് ഇടനിലക്കാരും ബ്ലേഡ് സംഘങ്ങളും

ചീട്ടു കളിക്കാരെ എത്തിക്കുന്ന ഏജന്റുമാര്‍ക്കാണ് ഏറെ നേട്ടം. കമ്മിഷന്‍ തുകയ്‌ക്കൊപ്പം ഭക്ഷണവും മദ്യവും ഇവര്‍ക്ക് സൗജന്യമാണ്. തമിഴ്‌നാട് പൊലീസിനു കൃത്യമായി പടി നല്‍കുന്നതിനാല്‍ പരിശോധനകളും ഉണ്ടാകാറില്ല. മത്സര ഫലത്തെ ചൊല്ലിയും കളിക്കാര്‍ തമ്മില്‍ കൈയ്യാങ്കളിയും സംഘര്‍ഷവും വരെ ഉണ്ടാകാറുണ്ട്. ചീട്ടുകളിയിലൂടെ സര്‍വവും നഷ്ടപ്പെട്ട് പാപ്പരായ നിരവധിയാളുകളുമുണ്ട്.

ചീട്ടു കളിച്ച് പണം നഷ്ടപ്പെട്ടാല്‍ അടുത്ത കളിക്ക് പണം നല്കാന്‍ ബ്ലേഡ് സംഘങ്ങളും തയ്യാറാണ്.പക്ഷേ വാഹനം ഈട് നല്കണമെന്ന് മാത്രം.കഴിഞ്ഞ ദിവസം കൈയിലുണ്ടായിരുന്ന മുഴുവന്‍ പണവുമിറക്കി ചീട്ടുകളിച്ച കുമളി സ്വദേശിക്ക് നഷ്ടമായത് വാഹനം കൂടിയാണ്. പണം നഷ്ടമായതോടെ. കളിയില്‍നിന്നു പിന്‍വാങ്ങാന്‍ തുടങ്ങിയ ഇയാള്‍ക്കു മുമ്പില്‍ ഉപദേശകരുടെ രൂപത്തില്‍ ഇടനിലക്കാര്‍ എത്തി. കാര്‍ പണയപ്പെടുത്തി ഒരു ലക്ഷം രൂപ തരപ്പെടുത്തി നല്‍കാമെന്നായിരുന്നു വാഗ്ദാനം. കളിയുടെ ലഹരിയിലിരുന്നതിനാല്‍ വണ്ടിയുടെ താക്കോല്‍ നല്‍കി തുടര്‍ന്നു. ഒടുവില്‍ വണ്ടിയും പണവും നഷ്ടപ്പെട്ടു.

പണം തട്ടാനും സംഘങ്ങള്‍

ചീട്ടുകളിയിലൂടെ വന്‍ തുക നേടി മടങ്ങുന്നവരെ ആക്രമിച്ച് പണം തട്ടുന്ന സംഘവും അതിര്‍ത്തി വന മേഖലകളില്‍ സജീവം. രാത്രികാലങ്ങളില്‍ കമ്പം അടിവാരം, ലോവര്‍ ക്യാമ്പ് പ്രദേശങ്ങളിലാണ് ഇത്തക്കാര്‍ തമ്പടിക്കുന്നത്. കളി വിജയിച്ച് പണവുമായി പോകുന്നവരുടെ വാഹന നമ്പറുകള്‍ അടക്കമുള്ള വിവരങ്ങള്‍ ബാര്‍ ജീവനക്കാര്‍ തട്ടിപ്പുകാര്‍ക്ക് നല്കും. ഇവരുടെ വാഹനം വനപാതയിലെത്തുമ്പോള്‍ തടഞ്ഞ് നിര്‍ത്തി ആക്രമിച്ചാണ് പണം തട്ടുന്നത്. പൊലീസ് യൂണിഫോം ധരിച്ച് വാഹന പരിശോധന എന്ന പേരിലാണ് വാഹനങ്ങള്‍ തടയുന്നത്. ഇത്തരം സംഘത്തിന് തമിഴ്‌നാട് പൊലീസിലെ ചിലരുടെ സഹായവും ലഭിക്കുന്നുണ്ടെന്നും പറയപ്പെടുന്നു.

Load More Related Articles
Load More By Veena
Load More In EXCLUSIVE

Leave a Reply

Your email address will not be published. Required fields are marked *

Check Also

കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന്‍ മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ…