പന്തളം: കുട്ടികള്‍ക്ക് ഭക്ഷണവും വാങ്ങി മടങ്ങുന്നതിനിടെ യുവാവിനെ നാലു ബൈക്കുകളിലായി എത്തിയ ഏഴംഗ സംഘം തടഞ്ഞു നിര്‍ത്തി ക്രൂരമായി മര്‍ദിച്ചുവെന്ന് പരാതി. കുളനട പനങ്ങാട് കൈപ്പുഴ കിഴക്ക് ശിവാജിസദനത്തില്‍ അരുണ്‍രാജിനാ(42) ണ് മര്‍ദനമേറ്റത്. ശനിയാഴ്ച രാത്രി പത്തിനായിരുന്നു സംഭവം. എം.സി റോഡില്‍ കുളനട ടി.ബി ജങ്ഷനില്‍ വച്ചാണ് ഒരു കൂട്ടം യുവാക്കള്‍ അരുണിനെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചത്.
പന്തളത്ത് ഹോട്ടലില്‍ നിന്നും കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങി വീട്ടിലേക്കു വരുന്ന വഴി കുളനട പഞ്ചായത്ത് ഓഫിസിന് സമീപം വച്ച് നാലു ഇരുചക്ര വാഹനങ്ങളിലായി വന്ന ഏഴോളം പേര്‍ തടഞ്ഞു നിര്‍ത്തുകയും മര്‍ദിക്കുകയുമായിരുന്നു. തലയ്ക്കും മുഖത്തും കണ്ണിനും നെഞ്ചിനും പരുക്കേറ്റ അരുണ്‍ രാജിനെ ബന്ധുക്കള്‍ എത്തിയാണ് പന്തളം മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചത്.
തന്റെ ഭാഗത്ത് നിന്നും യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ല എന്നും
തന്നെ മര്‍ദിക്കുമ്പോള്‍ പലരും കണ്ടു നിന്നതേയുള്ളുവെന്നും അരുണ്‍രാജ് പറഞ്ഞു. പന്തളം പോലീസില്‍ പരാതി നല്‍കി. സിസിടിവിയില്‍ പതിഞ്ഞ മര്‍ദനദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടന്നു വരികയാണ്. കുളനടയിലെ ബാറില്‍ നിന്ന് ഇറങ്ങി വന്നവരാണ് മര്‍ദിച്ചതെന്ന് പറയുന്നു. അടി കൊണ്ടതിന് ശേഷം ആള്‍ക്കാരെ അരുണ്‍ രാജ് തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ട് ചിലരെ തിരിച്ചറിയുകയും അവരുടെ പേര് പൊലീസില്‍ മൊഴിയായി നല്‍കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധവും ആരോപിക്കപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പന്തളം ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാര്‍ പറഞ്ഞു.