തിരുവല്ല: കടപ്രയിലെ സിനിമ തീയറ്ററിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ മൂന്ന് പേരെ വെട്ടിപ്പരുക്കല്‍പ്പിച്ച കേസില്‍ മുഖ്യപ്രതിയായ ഗുണ്ടാ നേതാവ് പുളിക്കീഴ് പോലീസിന്റെ പിടിയില്‍. കടപ്ര വളഞ്ഞവട്ടം കൂരാലില്‍ വീട്ടില്‍ നിഷാദ് (കൊച്ചുമോന്‍-35) ആണ് അറസ്റ്റിലായത്. കടപ്ര ഗ്രാന്‍ഡ് മാളില്‍ പ്രവര്‍ത്തിക്കുന്ന ആശീര്‍വാദ് സിനിമാസില്‍ സിനിമ കാണാനെത്തിയ പരുമല സ്വദേശികളായ ശ്രീഹരി, ആദിത്യന്‍, ജയസൂര്യ എന്നിവരെ വെട്ടിപ്പരുക്കേ ല്‍പ്പിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ആയിരുന്നു കേസിനാസ്പദമായ സംഭവം.
സിനിമ കാണുന്നതിനിടെ ഉണ്ടായ വാക്കേറ്റം കൈയാങ്കളിയുടെ വക്കിലെത്തിയതോടെ ജീവനക്കാര്‍ ഇരു സംഘങ്ങളെയും തിയേറ്ററില്‍ നിന്നും പുറത്താക്കി. പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് പോയ പരുമല സ്വദശികളെ പിന്തുടര്‍ന്ന നിഷാദും കൂട്ടുപ്രതി ചെങ്ങന്നൂര്‍ പാണ്ടനാട് നോര്‍ത്ത് മുറിയായിക്കരയില്‍ കൂട്ടുമ്മത്തറ വീട്ടില്‍ ശ്രുതീഷും ചേര്‍ന്ന് മൂവരെയും വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.
പൊലീസ് എത്തും മുമ്പ് ഇരുവരും വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെട്ടു. ഒളിവില്‍ പോയ ശ്രുതീഷിനെയും ചെങ്ങന്നൂരിലെ ലോഡ്ജില്‍ ഒളിത്താവളം ഒരുക്കി നല്‍കിയ ചെങ്ങന്നൂര്‍ സ്വദേശി സുജിത്ത് കൃഷ്ണനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. പോലീസിനെ കണ്ട് രക്ഷപ്പെട്ട നിഷാദിനെ വളഞ്ഞവട്ടത്ത് നിന്നുമാണ് പോലീസ് പിടികൂടിയത്.
ഗുണ്ടാത്തലവന്‍ ലിജു ഉമ്മനുമായി ചേര്‍ന്ന് 2006 ല്‍ മാവേലിക്കര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടത്തിയ കൊലപാതകവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ പത്തോളം വധശ്രമക്കേസും രണ്ട് പോക്‌സോ കേസുകളും തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറിയും അടക്കം 25 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ നിഷാദ് എന്ന് പോലീസ് പറഞ്ഞു.