പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ സ്‌കൂള്‍ കുട്ടികളുടെ തമ്മിലടിയില്‍ പൊറുതി മുട്ടി യാത്രക്കാരും വ്യാപാരികളും: ലഹരി ഉപയോഗവും വ്യാപകം

2 second read
Comments Off on പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ സ്‌കൂള്‍ കുട്ടികളുടെ തമ്മിലടിയില്‍ പൊറുതി മുട്ടി യാത്രക്കാരും വ്യാപാരികളും: ലഹരി ഉപയോഗവും വ്യാപകം
0

പത്തനംതിട്ട: മണി നാലടിച്ചാല്‍ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ അടി പൊട്ടുകയായി. സ്‌കൂള്‍ കുട്ടികളുടെ ഗ്യാങ് വാറാണ് നടക്കുന്നത്. ചേരി തിരിഞ്ഞ്, കൂട്ടം കൂടി തമ്മിലടിക്കുന്നത് പരിസരം പോലും അവഗണിച്ചാണ്. സംഘട്ടനം വ്യാപിച്ച് തൊട്ടടുത്ത വ്യാപാര സ്ഥാപനങ്ങളിലേക്കും ബസ് കാത്തു നില്‍ക്കുവന്നര്‍ക്ക് ഇടയിലേക്കും ചെന്നെത്തും. അടി പതിവായിട്ടും ഇവന്മാര്‍ക്കിട്ട് രണ്ട് അടി കൊടുക്കാന്‍ പൊലീസ് എത്തുന്നില്ലെന്ന പതിവാണ് വ്യാപാരികള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും.

പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ കുട്ടികളുടെ തമ്മിലടി ഒരു പുതിയ സംഭവമല്ല. ഒരേ സ്‌കൂളിലെ വിവിധ ബാച്ചുകളിലെയും രണ്ടു സ്‌കൂളുകളിലെയും കുട്ടികളാകും പലപ്പോഴും തമ്മിലടിക്കുക. പെണ്ണു കേസാണ് മിക്കപ്പോഴും ഗ്യാങ് വാറിന് കാരണമാകുന്നതെന്ന് ബസ് യാത്രക്കാരും വ്യാപാരികളും പറയുന്നു. സ്‌കൂളില്‍ നേരിടുന്ന അപമാനത്തിന് പ്രതികാരം ചെയ്യുന്നത് ബസ് സ്റ്റാന്‍ഡില്‍ എത്തിയാണ്. ഇതിന്റെ പരിണിത ഫലലം അനുഭവിക്കേണ്ടി വരുന്നതാകട്ടെ യാത്രക്കാരും കച്ചവടക്കാരുമാണ്.

സ്‌കൂള്‍ വിട്ട് സ്റ്റാന്‍ഡിലെത്തിയാല്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ മണിക്കുറുകളോളം ഇവിടെ തങ്ങുന്നത് പതിവാണ്. ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സിന്റെ രണ്ടാം നില പൂര്‍ണമായും ഒഴിഞ്ഞ് കിടക്കുന്നതും കുട്ടികള്‍ക്ക് ഇവിടെ ഏറെ സമയം തങ്ങാന്‍ സൗകര്യമൊരുക്കുന്നുണ്ട്. ലഹരി ഉപയോഗവും ഉണ്ട്. മിക്കവാറും എല്ലാ ദിവസങ്ങളിലും യൂണിഫോം ധരിച്ച വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചേരി തിരിഞ്ഞ് തല്ലുന്നു. സ്റ്റാന്‍ഡില്‍ പൊലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും അവിടെ ഡ്യൂട്ടിക്ക് പൊലീസുകാര്‍ ഉണ്ടാവാറില്ല. അതുകൊണ്ട് തന്നെ കാര്യമായ എയ്ഡ് അവരുടെ ഭാഗത്തു നിന്നുമുണ്ടാകാറില്ല. വിദ്യാര്‍ത്ഥികളുടെ സംഘര്‍ഷം അറിയിച്ചാലും പൊലീസ് കാര്യമായ നടപടികളൊന്നും എടുക്കാറുമില്ല.

പത്തനംതിട്ട സ്‌റ്റേഷനില്‍ ആവശ്യത്തിന് പോലീസുകാര്‍ ഇല്ലാത്തതും ഒരു കാരണമാണ്. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണി മുതല്‍ 6 മണിവരെ രണ്ട് മണിക്കൂറോളം നീണ്ടു നിന്ന കൂട്ടപ്പൊരിച്ചിലാണ് ഇവിടെ നടന്നത്. കൂട്ട അടിക്കിടെ വിദ്യാര്‍ത്ഥികള്‍ വ്യാപാര സ്ഥാപനങ്ങളിലേക്കും യാത്രക്കാര്‍ക്കിടയിലേക്കും ഓടിക്കയറിയതോടെ നിരവധി യാത്രക്കാര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും വ്യാപാര സ്ഥാപനങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. പോലീസ് എത്തിയതോടെ സംഘര്‍ഷം താത്ക്കാലികമായി അവസാനിച്ചെങ്കിലും അവര്‍ മടങ്ങിയതോടെ വീണ്ടും കൂട്ടത്തല്ല് ആരംഭിച്ചു.

വീണ്ടും പൊലീസ് എത്തിയെങ്കിലും ഇത്തവണ ഇടവേള കൊടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല. സംഘര്‍ഷം നടത്തിയ സംഘത്തിലുണ്ടായിരുന്ന ഒരു വിദ്യാര്‍ഥിയെ പൊലീസ് പിടികൂടിയപ്പോള്‍ മറ്റൊരാള്‍ എത്തി സുഹൃത്തിനെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കയര്‍ത്തു. അവസാനം രണ്ട് പേരെയും പൊലീസ് പിടികൂടിയതോടെ മറ്റ് വിദ്യാര്‍ത്ഥികള്‍ മുങ്ങി.

ഒരു ദിവസത്തെ സംഘര്‍ഷത്തിന്റെ ബാക്കിയായി അടുത്ത ദിവസം വീണ്ടും തമ്മിലടിക്കുകയാണ് പതിവ്. ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് മയക്ക് മരുന്ന് ക്യാരിയര്‍മാരാണെന്നും പറയപ്പെടുന്നു. ഇവരുടെ ഗ്യാങില്‍ ചേര്‍ന്ന് കരിയര്‍മാരാവാത്ത വിദ്യാര്‍ത്ഥികളെ ഇത്തരക്കാര്‍ ഉപദ്രവിക്കുന്നത് പതിവാണെന്നും ആരോപണമുണ്ട്. ഇത്തരം ആരോപണങ്ങളെപ്പറ്റി പോലീസ് അധികൃതര്‍ വിശദമായ അന്വേഷണം നടത്തി കര്‍ശന നടപടികള്‍ സ്വീകരിക്കാത്ത പക്ഷം സ്ഥിതി കൂടുതല്‍ വഷളാകാനാണ് സാധ്യത.

 

 

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…