വണ്ടന്മേട് (ഇടുക്കി): പെയിന്റിങ് വര്‍ക്ക് ഷോപ്പിന്റെ മറവില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന രണ്ടു പേരെ എക്‌സൈസ് സംഘം പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നും എത്തിക്കുന്ന കഞ്ചാവ് ചെറിയ പൊതികളിലാക്കി വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്തുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉടുമ്പന്‍ചോല എക്‌സൈ സ് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. പ്രതികളില്‍ നിന്നും പൊതികളാക്കിയ കഞ്ചാവും കണ്ടെടുത്തു.
ചേറ്റുകുഴിയില്‍ ഇന്‍സ്‌പെയര്‍ സ്‌പ്രേ പെയിന്റിങ് വര്‍ക്ക്‌ഷോപ്പ് നടത്തുന്ന പഴയ കൊച്ചറ പുളിക്കല്‍ പി.എസ്. ബിബിന്‍, ചേറ്റുകുഴി പുത്തന്‍വീട്ടില്‍ മിഥുന്‍ എന്നിവരെയാണ് കഞ്ചാവുമായി എക്‌സൈസ് സംഘം പിടി കൂടിയത്. ബിബിന്റെ നേതൃത്വത്തിലാണ് മേഖലയിലെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ബിബിനെതിരെ മുമ്പ് കമ്പംമെട്ട് പൊലീസ് സ്‌റ്റേ്റ്റഷനിലും സമാനമായ കേസുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് എത്തിച്ച് ചെറിയ പൊതികളിലാക്കി 500 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയിരുന്നത്. വിദ്യാര്‍ഥികള്‍ ആയിരുന്നു പ്രധാന ഇരകള്‍.
സ്‌പ്രേ പെയിന്റിങ് വര്‍ക്ക്‌ഷോപ്പ് മറയാക്കിയായിരുന്നു വില്‍പ്പന തകൃതിയായി നടന്നിരുന്നത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തിയപ്പോള്‍ ചില വിദ്യാര്‍ഥികളെയും സംഭവസ്ഥലത്തുവെച്ച് കണ്ടിരുന്നു. എന്നാല്‍ ഇവരില്‍ നിന്നും ലഹരിവസ്തുക്കള്‍ ഒന്നും തന്നെ കണ്ടെത്തുവാനായില്ല.
തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി ഇവ രെ പറഞ്ഞയച്ചു. ബിബിനും മിഥുനും വലിയ അളവില്‍ മേഖലയില്‍ ലഹരി വസ്തുക്കളുടെ വില്‍പ്പന നടത്തുന്നതാണ് എക്‌സൈസിന് ലഭിച്ചിരുന്ന വിവരം. എം.ഡി.എം.എ അടക്കമുള്ള ലഹരി വസ്തുക്കള്‍ ഇവര്‍ വില്‍പ്പന നടത്തുന്നതായും എക്‌സൈസിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഉടുമ്പഞ്ചോല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. ജയരാജിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ സിവില്‍ എക്‌സൈസ് ഓഫീസറുമാരായ വി.രവി, ജെ.പ്രകാശ്, എം.ആര്‍. രതീഷ് കുമാര്‍, അരുണ്‍ രാജ്, ഷിബു ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.