ഉപ്പായി മാപ്ലയെ അനശ്വരനാക്കിയ കാര്‍ട്ടൂണിസ്റ്റ് ജോര്‍ജ് കുമ്പനാട് അന്തരിച്ചു: നിരവധി കാര്‍ട്ടൂണിസ്റ്റുകള്‍ ജീവന്‍ പകര്‍ന്ന കഥാപാത്രമായി ഉപ്പായി മാപ്ലയും ചരിത്രം സൃഷ്ടിച്ചു

0 second read
0
0

പത്തനംതിട്ട: പ്രസിദ്ധമായ കാര്‍ട്ടുണ്‍ കഥാപാത്രം ഉപ്പായി മാപ്ലയുടെ സൃഷ്ടാവ് കുമ്പനാട് മറ്റത്ത് മലയില്‍ കുടുംബാഗമായ എം. വി. ജോര്‍ജ് (94) (കാര്‍ട്ടൂണിസ്റ്റ് ജോര്‍ജ് കുമ്പനാട്) അന്തരിച്ചു. കുമ്പനാട് മാര്‍ത്തോമ ഫെല്ലോഷിപ്പ് ആശുപത്രിയില്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 9.30 നായിരുന്നു അന്ത്യം. കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗമാണ്. പരേതയായ ജോയമ്മയാണ് ഭാര്യ. മക്കള്‍: ഉഷ ചാണ്ടി, സുജ രാജു, ഷേര്‍ളി റോയ്, സ്മിത സുനില്‍. മരുമക്കള്‍ കെ.ചാണ്ടി (അച്ചന്‍കുഞ്ഞ്), രാജു പി. ജേക്കബ്, റോയ് എബ്രഹാം, സുനില്‍ എം മാത്യു. സംസ്‌കാരം പിന്നീട് .

മലയാളികളുടെ മനസില്‍ മായാതെ നില്‍ക്കുന്ന ഉപ്പായി മാപ്ല എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം സൃഷ്ടിച്ചത് ജോര്‍ജ് കുമ്പനാടാണ്. ഉപ്പായി മാപ്ല എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം പ്രശസ്തമായത് പ്രമുഖരായ കാര്‍ട്ടൂണിസ്റ്റുകള്‍ അവരുടെ രചനകളില്‍ കടം കൊണ്ടതോടെയാണ്. കാര്‍ട്ടൂണിസ്റ്റ് റ്റോംസ് ബോബനും മോളിയിലും പി.കെ. മന്ത്രി പാച്ചുവും കോവാലനിലും കെ.എസ്.രാജന്‍ ലാലു ലീലയിലുമാണ് ഉപ്പായി മാപ്ലയെ വരച്ച് ചേര്‍ത്തത്. ലോക കാര്‍ട്ടൂണ്‍ ചരിത്രത്തില്‍ ഇത്തരം സമാനമായ ഒരു സംഭവം ഉണ്ടാകാന്‍ ഇടയില്ല എന്ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ സുധീര്‍നാഥ് സ്മരിച്ചു.

ജോര്‍ജ് കാര്‍ട്ടൂണിസ്റ്റായ കഥ

1950 കളുടെ അവസാനം. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജില്‍ ജോര്‍ജ് പഠിക്കുന്ന കാലം. വരയില്‍ അല്‍പ്പം താത്പര്യമുണ്ടായിരുന്നത് എല്ലാവര്‍ക്കും അറിയാം. പഠനം പൂര്‍ത്തീകരിച്ചപ്പോള്‍ പ്രിന്‍സിപ്പല്‍ പുത്തന്‍കാവ് മാത്തന്‍ തരകന്‍ ജോര്‍ജിനെ വിളിച്ചിട്ട് പറഞ്ഞു. ‘ഞാന്‍ ഒരു കത്ത് തരും, അതുമായി കോട്ടയത്ത് കെ എം ചെറിയാനെ പോയി കാണണം.’
പുത്തന്‍കാവ് മാത്തന്‍ തരകന്റെ കത്തിന്റെ ബലത്തില്‍ മലയാള മനോരമയില്‍ വരക്കാരനായി ജോലിയില്‍ കയറി. കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ പറഞ്ഞു. വരയ്ക്കാന്‍ അറിയാമെന്നല്ലാതെ ആശയം വേണ്ടേ… ? കെ.എം. മാത്യു സഹായിയായി. ശങ്കര്‍, ലക്ഷമണ്‍ തുടങ്ങിയവരുടെ കാര്‍ട്ടൂണുകള്‍ അദ്ദേഹം ജോര്‍ജിനെ കാണിച്ചു. ശങ്കറിന്റെയും ലക്ഷ്മണിന്റെയും കാര്‍ട്ടൂണ്‍ സമാഹാരങ്ങള്‍ കണ്ട് അതുപോലെ കാര്‍ട്ടൂണുകള്‍ വരച്ചു. എഡിറ്റോറിയല്‍ ജീവനക്കാരുടെ സഹായത്താല്‍ കാര്‍ട്ടൂണും ചിത്രീകരണവുമായി മലയാള മനോരമയില്‍ ഒന്നര വര്‍ഷം ജോലി ചെയ്തു.

വിമോചന സമരമായി. സമരത്തിന് പിന്തുണയുമായി അമേരിക്കയില്‍ നിന്നും വന്ന ഡോക്ടര്‍ ജോര്‍ജ് തോമസും ഭാര്യ റേച്ചല്‍ തോമസും കേരളധ്വനി എന്ന പത്രം തുടങ്ങുവാന്‍ കോട്ടയത്തെത്തി. അമേരിക്കയിലെ പത്രങ്ങളില്‍ കമ്മ്യൂണിസ്റ്റ് വളര്‍ച്ച തടയാന്‍ കേരളത്തില്‍ ഒരു പത്രം തുടങ്ങാന്‍ സഹായം അഭ്യര്‍ത്ഥിച്ച് പരസ്യം ചെയ്തു. കമ്മ്യൂണിസം തകര്‍ക്കാന്‍ അമേരിക്കയിലെ പലരും സംഭാവനകള്‍ നല്‍കി. സംഭാവന ലഭിച്ച വലിയ തുകയുമായിട്ടാണ് ഇരുവരും പത്രം തുടങ്ങാന്‍ കോട്ടയത്ത് എത്തിയത്. കേരളത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ ശമ്പളം നല്‍കി പ്രമുഖ മാധ്യമ പ്രവര്‍ത്തകരെ അവര്‍ കൂടെ ചേര്‍ത്തു. ഒപ്പം വരക്കാരനായി ജോര്‍ജിനേയും. കേരള ധ്വനി എന്ന പത്രം അങ്ങിനെ കോട്ടയത്ത് നിന്ന് 1960ല്‍ ആരംഭിച്ചു.

കേരളധ്വനിയില്‍ രണ്ടാം ലക്കം മുതല്‍ ആദ്യ പേജില്‍ ഒരു ബോക്‌സ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു. പേര് ഉപ്പായി മാപ്ല. ആദ്യത്തെ നാല് കാര്‍ട്ടൂണില്‍ ജോര്‍ജ് കുമ്പനാട് ഒപ്പിട്ടു. ഇനി കാര്‍ട്ടൂണിന് കീഴില്‍ ഒപ്പിടണ്ട, ധ്വനി എന്ന് എഴുതിയാല്‍ മതിയെന്ന് ഡോക്ടര്‍ ജോര്‍ജ് തോമസ് പറഞ്ഞു. ജോര്‍ജ് പിന്നീട് സ്വന്തം പേരോ, ധ്വനി എന്നോ കാര്‍ട്ടൂണില്‍ എഴുതിയില്ല. ദിവസവും നല്ല തമാശ ഉണ്ടാക്കുക ജോര്‍ജിന് വിഷമമായി. ഡോക്ടര്‍ ജോര്‍ജ് തോമസിനോട് കാര്യം അവതരിപ്പിച്ചു. കാര്‍ട്ടൂണിന് തമാശ ഉണ്ടാക്കാന്‍ ഒരാളെ കൂട്ടിന് ചേര്‍ത്തു. വേളൂര്‍ കൃഷ്ണന്‍ കുട്ടി. ഇരുവരും ദിവസവും കോട്ടയം പട്ടണത്തിലൂടെ ഉച്ചയ്ക്ക് ശേഷം നടക്കാന്‍ ഇറങ്ങും. മടങ്ങി വരുന്നത് പിറ്റേന്നുള്ള ഉപ്പായി മാപ്ലയ്ക്കുള്ള നല്ല കുറച്ച് കമന്റുകളുമായാണ്. നല്ല ഒരു കമന്റ് തിരഞ്ഞെടുത്ത് ഉപ്പായി മാപ്ല പൂര്‍ത്തിയാക്കും.

ഒരിക്കല്‍ കോട്ടയം ബേക്കറി ജങ്ഷനിലൂടെ ജോര്‍ജ് കുമ്പനാടും വേളൂര്‍ ക്യഷ്ണന്‍ കുട്ടിയും പതിവു പോലെ നടക്കുകയായിരുന്നു. ഒരു പോലീസുകാരന്‍ ഇരുവരുടെ അടുത്ത് വന്ന് പൊട്ടിത്തെിച്ചു. അയാള്‍ക്ക് തോന്നിയതൊക്കെ വിളിച്ച് പറഞ്ഞ് ഇവര്‍ക്ക് നേരെ അലറി അടുത്തു. അന്നത്തെ ഉപ്പായി മാപ്ലയില്‍ തലേന്ന് പോലീസുകാരന്‍ ഉള്‍പ്പെട്ട വിഷയമായിരുന്നു പരാമര്‍ശിച്ചിരുന്നത്. കാര്‍ട്ടൂണില്‍ പോലീസുകാരനെ കഥാപാത്രവുമാക്കി. പോലീസുകാരന് പ്രതികളെ പിടികിട്ടി. അയാള്‍ അയാളുടെ ദേഷ്യം പരസ്യമാക്കി.

കേരളധ്വനിയും ഉപ്പായി മാപ്ലയും പ്രശസ്തമായി. നാട്ടുകാര്‍ ജോര്‍ജിനെ ഉപ്പായി മാപ്ല എന്നായിരുന്നു വിളിച്ചത്. ജോര്‍ജ് നല്ല ഫോട്ടോഗ്രാഫര്‍ കൂടിയായിരുന്നു. മനോരമയിലും കേരളധ്വനിയിലും ജോര്‍ജിന്റെ ഒട്ടേറെ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനിടയില്‍ ആഫ്രിക്കയില്‍ സോമാലി ലാന്‍ഡില്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ ഫോട്ടോഗ്രാഫിയും ചിത്രകലയും ഉണ്ടായിരുന്നതിനാല്‍ നല്ല ജോലി ലഭിച്ചു. കേരളധ്വനിയും ഉപ്പായി മാപ്ലയും ഉപേക്ഷിച്ച് ജോര്‍ജ് ആഫ്രിക്കയിലെത്തി. അറേബ്യന്‍ പ്രിന്റിങ്ങ് ആന്‍ഡ് പബ്ലിഷിങ്ങ് ഹൗസ് പുറത്തിറക്കിയ അറബി പ്രസിദ്ധീകരണത്തില്‍ ജോലി കിട്ടിയപ്പോള്‍ ആഫ്രിക്കയിലെ ജോലി ഉപേക്ഷിച്ചു. അവിടെനിന്ന് ബ്രിട്ടീഷുകാരോടൊപ്പം അബുദാബി ടിവിയില്‍ ജോലി തുടങ്ങി. 1991ല്‍ ജൂലൈയില്‍ അബുദാബി ടിവിയിലെ ജോലി ഉപേക്ഷിച്ച് കുമ്പനാട് മടങ്ങി എത്തി. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഭാര്യ മരിച്ചു.

ഉപ്പായി മാപ്ല എന്ന ബോക്‌സ് കാര്‍ട്ടൂണ്‍ ജോര്‍ജ് കുമ്പനാട് പോയ ശേഷം കാര്‍ട്ടൂണിസ്റ്റ് റ്റോംസാണ് പിന്നീട് വരച്ചത്. റ്റോംസ് ഉപ്പായി മാപ്ലയെ ബോബനും മോളിയിലും കഥാപാത്രമാക്കി മനോരമയില്‍ പ്രസിദ്ധീകരിച്ചത് പ്രശ്‌നമായി. ബോബനും മോളിയില്‍ വരച്ചിരുന്ന ഉപ്പായി മാപ്ലയ്ക്ക് പകരമായി വരച്ച കഥാപാത്രമാണ് ചേട്ടന്‍. ഉപ്പായി മാപ്ല കേരളധ്വനിയുടെ സ്വന്തമാണെന്ന് വരുത്തി തീര്‍ക്കാന്‍ പ്രസാധകനായ ഡോക്ടര്‍ ജോര്‍ജ് കാര്‍ട്ടൂണിസ്റ്റ് മന്ത്രിയേയും, കെ. എസ്. രാജനേയും കൊണ്ട് അവരുടെ കാര്‍ട്ടൂണ്‍ കോളത്തില്‍ ഉപ്പായി മാപ്ലയെ വരപ്പിക്കുകയായിരുന്നു. ലോക കാര്‍ട്ടൂണ്‍ ചരിത്രത്തില്‍ ഇത്തരം സമാനമായ ഒരു സംഭവം ഉണ്ടാകാന്‍ ഇടയില്ല.

Load More Related Articles
Load More By Veena
Load More In SPECIAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാരുടെ ഏറ്റുമുട്ടല്‍: തകര്‍ന്ന കണ്ണാടിച്ചില്ല് കണ്ണില്‍ തറച്ച് യാത്രക്കാരിക്ക് പരുക്ക്

പത്തനംതിട്ട: സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ റോഡിലും ബസ് സ്റ്റാന്‍ഡിലും നടത്തിയ ഏറ്റുമുട…