പത്തനംതിട്ട: മൈലപ്ര പുതുവല്‍ സ്‌റ്റോഴ്‌സ് ഉടമ ജോര്‍ജ് ഉണ്ണൂണ്ണിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ കസ്റ്റഡിയില്‍. പത്തനംതിട്ട കുലശേഖരപതിയായ ഓട്ടോഡ്രൈവര്‍, തമിഴ്‌നാട് തെങ്കാശി സ്വദേശികളായ മുരുകന്‍, ബാലസുബ്രഹ്മണ്യന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഓട്ടോഡ്രൈവര്‍ നേരത്തേ പൊലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നു. മുരുകനെയും ബാലസുബ്രഹ്മണ്യനെയും തെങ്കാശിയില്‍ നിന്ന് പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാര്‍, പൊലീസ് ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. സ്വര്‍ണവും പണവും കൈക്കലാക്കുന്നതിന് വേണ്ടി നടത്തിയ കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ പത്തനംതിട്ട സ്വദേശിയായ ഓട്ടോഡ്രൈവറാണ്. ജോര്‍ജ് എതിര്‍ത്തപ്പോള്‍ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചുവെന്നാണ് അറിയുന്നത്.
സിസിടിവി ദൃശ്യങ്ങള്‍, മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ എന്നിവ ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചാണ് പ്രതികള്‍ കൃത്യം നടത്തിയത്. എന്നാല്‍ കൊല നടന്ന ദിവസം പകല്‍ രണ്ടിനും വൈകിട്ട് ആറിനും സംസ്ഥാന പാതയിലൂടെ കടന്നു പോയ വാഹനങ്ങളുടെ ഡാഷ് ബോര്‍ഡ് കാമറകളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളിലേക്ക് സൂചന കിട്ടിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഓട്ടോറിക്ഷയിലേക്ക് അന്വേഷണം നീളുകയും ഇത് ഏഴംകുളം തൊടുവക്കാട് സ്വദേശിയുടേതാണെന്ന് തിരിച്ചറിയുകയും ചെയ്തു. ഓട്ടോ ഉടമയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ താന്‍ ഓട്ടോ അടൂര്‍ സ്വദേശിക്ക് വിറ്റുവെന്ന് പറഞ്ഞു. വാഹന വ്യാപാരിയായ അടൂര്‍ സ്വദേശി താന്‍ ഓട്ടോ വിറ്റത് പത്തനംതിട്ട കുലശേഖരപതി സ്വദേശിക്കാണെന്ന് മൊഴി നല്‍കി. തുടര്‍ന്നാണ് കുലശേഖരപതി സ്വദേശിയായ കസ്റ്റഡിയിലെടുത്തത്. ഇതോടെ മോഷണത്തിന്റെ ചുരുളഴിഞ്ഞെങ്കിലും പ്രതികളെ കിട്ടിയില്ല.
ഓട്ടോഡ്രൈവര്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. അറിയപ്പെടുന്ന ബാങ്ക് കവര്‍ച്ചക്കാരന്‍ പത്തനാപുരം സ്വദേശി ഫൈസല്‍ രാജിന്റെ ബന്ധുവുമാണ്. പത്തനാപുരം, കോട്ടയം കുറിച്ചി എന്നിവിടങ്ങളില്‍ ബാങ്ക് കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയായ ഫൈസല്‍ രാജ് കഴിഞ്ഞയാഴ്ച പ്രമാദമായ കവര്‍ച്ചക്കേസില്‍ പത്തനംതിട്ട കോടതിയില്‍ കീഴടങ്ങിയിരുന്നു. തമിഴ്‌നാട്ടിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് ഫൈസല്‍ രാജ് തെങ്കാശിയിലെ കോടതിയില്‍ പോയപ്പോള്‍ കുലശേഖരപതി സ്വദേശിയായ ഓട്ടോക്കാരനും ഒപ്പം പോയിരുന്നു. അവിടെ വച്ച് പരിചയപ്പെട്ട മോഷ്ടാക്കളെയും കൂട്ടിയാണ് മൈലപ്രയില്‍ കവര്‍ച്ചയ്ക്ക് ആസുത്രണം നടത്തിയത്. ഡിസംബര്‍ 30 ന് വൈകിട്ടാണ് ഇവര്‍ ഓട്ടോയില്‍ മൈലപ്രയില്‍ വന്നത്. മോഷണ സംഘത്തില്‍ ഓട്ടോ ഡ്രൈവര്‍ അടക്കം നാലു പേരുണ്ടായിരുന്നുവെന്ന് പറയുന്നു.