പത്തനംതിട്ട: പ്രണയത്തില്‍ നിന്ന് പിന്മാറിയ പതിനേഴുകാരിയെ ക്രൂരമായി മര്‍ദിച്ച മുന്‍ കാമുകനും സുഹൃത്തും അറസ്റ്റില്‍. പന്തളം തെക്കേക്കര സ്വദേശികളായ അയ്യപ്പന്, സൃഹത്ത് റിജുമോന്‍ എന്നിവരെയാണ് കൊടുമണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 12 ന് വൈകിട്ട് 5.45 നാണ് കേസിനാസ്പദമായ സംഭവം.
പന്തളം തെക്കേക്കര ചന്ദ്രവേലിപ്പടിക്ക് സമീപം റോഡിലൂടെ നടന്നു വരികയായിരുന്ന പെണ്‍കുട്ടിയെ ചവിട്ടി വീഴ്ത്തുകയും നിലത്തിട്ട് മര്‍ദിക്കുകയും ചെയ്തുവെന്നണാണ് പരാതി. ബൈക്കിലെത്തിയ അയ്യപ്പനും റിജുമോനും ചേര്‍ന്ന് പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് അയ്യപ്പന് പെണ്‍കുട്ടിയുടെ ഇടതു കവിളില്‍ അടിച്ചു. അടി കൊണ്ട് നിലത്തു വീണ പെണ്‍കുട്ടിയെ ഇടതു ചുമലിലും പിടലിക്കും മുഖത്തും ചവിട്ടിയ ശേഷം സ്ഥലം വിട്ടു. അവിടെ നിന്ന് എണീറ്റ് വീട്ടിലേക്ക് പെണ്‍കുട്ടി പോകുമ്പോള്‍ തിരികെയെത്തിയ പ്രതികള്‍ വീണ്ടും ആക്രമിക്കുകയായിരുന്നു. കൈ കൊണ്ട് മൂക്കിന് ഇടിച്ചുവെന്നും കല്ലുകൊണ്ട് ഇടത് നെറ്റിക്ക് ഇടിച്ചു താഴെയിട്ടുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ചികില്‍സയിലാണ്. 13 ന് വൈകിട്ടാണ് പ്രതികള്‍ പിടിയിലായത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.