ഗൂഗിള്‍ അമ്മായി വീണ്ടും വഴി തെറ്റിച്ചു: ചെങ്കുത്തായ മലഞ്ചരുവില്‍ നിന്ന് സോഫ്ട്‌വെയര്‍ എന്‍ജിനീയറെ രക്ഷിച്ചത് ഫയര്‍ഫോഴ്‌സ്‌

0 second read
0
0

അടൂര്‍: ഗൂഗിള്‍ മാപ്പ് വീണ്ടും പണി പറ്റിച്ചു. സോഫ്ട്‌വെയര്‍ എന്‍ജിനീയര്‍ സഞ്ചരിച്ചിരുന്ന കാര്‍ ചെങ്കുത്തായ മലഞ്ചരുവില്‍ കുടുങ്ങി. ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തി രക്ഷിച്ചു. കൊടുമണ്‍ ഐക്കാട് സ്വദേശിയും ബാംഗ്ലൂരില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറുമായ ഷൈബിയാണ് ആദിക്കാട്ടുകുളങ്ങര കരിമാന്‍കാവ് മറ്റപ്പള്ളി റബ്ബര്‍ എസ്റ്റേറ്റില്‍ അപകടാവസ്ഥയില്‍ അകപ്പെട്ടത്.

അവധി കഴിഞ്ഞ് നാളെ ബാംഗ്ലൂരിലേക്ക് പോകുവാന്‍ ഇരിക്കെ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോട് കൂടി നൂറനാട് ഭാഗത്തുനിന്ന് ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിക്കുകയായിരുന്നു ഷൈബി. കുടശനാട് വന്നപ്പോള്‍ വഴിതെറ്റി ആദികാട്ടുകുളങ്ങര യില്‍ നിന്നും കരിമാന്‍കാവ് അമ്പലത്തിന് സമീപത്ത് കൂടി മറ്റപള്ളി മലയില്‍ റബ്ബര്‍ എസ്റ്റേറ്റിലേക്കുള്ള് വഴിയിലേക്ക് പോയി. വഴിതെറ്റിയെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് വാഹനം തിരിക്കുവാന്‍ മുന്നോട്ടുപോവുകയും തുടര്‍ന്ന് 50 മീറ്ററോളം ചെങ്കുത്തായ സ്ഥലത്ത് എത്തപ്പെടുകയും ചെയ്തു. വാഹനം തിരികെ കൊണ്ടുവരാന്‍ കഴിയാത്ത അവസ്ഥയില്‍ ഇദ്ദേഹം ഇന്റര്‍നെറ്റ് വഴി ഏറ്റവും അടുത്തുള്ള ഫയര്‍ സ്റ്റേഷന്‍ നമ്പര്‍ എടുത്തു അടൂര്‍ അഗ്‌നി രക്ഷാനിലയത്തില്‍ അറിയിക്കുകയായിരുന്നു.

അടൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ബി. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ സജാദ്, ഓഫീസര്‍മാരായ സാനിഷ്, ദീപേഷ്, ഹോം ഗാര്‍ഡ് പി എസ് രാജന്‍ എന്നിവര്‍ ഫയര്‍ഫോഴ്‌സിന്റെ ഓഫ് റോഡ് വാഹനവുമായി സ്ഥലത്തെത്തി വളരെ സാഹസികമായി റോപ്പ് ഉപയോഗിച്ച് കാര്‍ റിവേഴ്‌സില്‍ സുഗമമായ സ്ഥലത്ത് എത്തിച്ചു.

ഈ സ്ഥലത്ത് മുന്‍പും ഇങ്ങനെ വാഹനങ്ങള്‍ വഴിതെറ്റി വന്നിട്ടുണ്ട്. കാണുന്ന വഴിതിരിച്ചു വിടാറുണ്ട് എന്നും നാട്ടുകാര്‍ പറഞ്ഞു. മുന്‍പ് ഈ സ്ഥലത്ത് മൂന്നു വാഹനങ്ങള്‍ തലകീഴായി മറിഞ്ഞിട്ടുണ്ടെന്നും നാട്ടുകാര്‍ അറിയിച്ചു. വിജനമായ സ്ഥലത്ത് കാര്‍ കയറിപ്പോയതിനാല്‍ അന്വേഷിച്ചു പോവുകയായിരുന്നു. നാട്ടുകാരില്‍ ചിലരാണ് ലൊക്കേഷന്‍ഫയര്‍ഫോഴ്‌സിനെ വ്യക്തമായി അറിയിച്ചത്. വലിയ ഒരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു എന്ന് ഷൈബി പറഞ്ഞു.

ഗൂഗിള്‍ മാപ്പ് വഴി സഞ്ചരിക്കുമ്പോള്‍ വിജനമായ സ്ഥലത്ത് കൂടി ആണ് പോകുന്നതെങ്കില്‍ ഇത് ശരിയായ വഴിയാണോ എന്ന് മറ്റു മാര്‍ഗങ്ങളില്‍ കൂടി അന്വേഷിച്ചു പോകുന്നത് ഇത്തരം അപകടങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ആകുമെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു.

Load More Related Articles
Load More By Veena
Load More In NEWS PLUS

Leave a Reply

Your email address will not be published. Required fields are marked *

Check Also

അഡ്മിറ്റ് കാര്‍ഡില്‍ പേരും വിലാസവും പരീക്ഷാ സെന്ററും അടക്കം വ്യത്യാസം: നീറ്റ് പരീക്ഷാര്‍ഥിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു: അഡ്മിറ്റ് കാര്‍ഡ് വ്യാജമായി നിര്‍മിച്ചതെന്ന് സംശയം

പത്തനംതിട്ട: നീറ്റ് പരീക്ഷയ്ക്ക് വന്ന വിദ്യാര്‍ഥിയുടെ അഡ്മിറ്റ് കാര്‍ഡില്‍ പേരും അഡ്രസൂം പ…