
അടൂര്‍: വസ്തു തര്‍ക്കത്തെ തുടര്‍ന്ന് ഗുണ്ടകളായ സഹോദരന്മാര്‍ വീടു കയറി ആക്രമിച്ചു. ആക്രമിക്കപ്പെട്ടവര്‍ നടത്തിയ തിരിച്ചടിയില്‍ ഗുണ്ടകളുടെ മാതാവിന് വെട്ടേറ്റ് ഗുരുതരപരുക്ക്. വീട് തകര്‍ക്കുകയും ഉപകരണങ്ങള്‍ വാരി കിണറ്റിലിടുകയും ചെയ്തു.
കുറുമ്പകര മുളയങ്കോട് ശനിയാഴ്ച രാത്രി എട്ടു മണിയ്ക്കാണ് അക്രമ സംഭവങ്ങളുടെ തുടക്കം. ശരണ്‍, സന്ധ്യ എന്നീ അയല്‍വാസികള്‍ തമ്മില്‍ വസ്തു സംബന്ധമായ തര്‍ക്കം നിലനിന്നിരുന്നു. സന്ധ്യയുടെ ബന്ധുവായ അനിയും ഇയാളുടെ സുഹൃത്തുക്കളും ഗുണ്ടകളുമായ മാരൂര്‍ ഒഴുകുപാറ സ്വദേശി സൂര്യലാല്‍, അനിയന്‍ ചന്ദ്രലാല്‍ എന്നിവര്‍ ചേര്‍ന്ന് ശരണിനെയും ബന്ധുക്കളെയും വീട് കയറി ആക്രമിച്ചു. ആക്രമിക്കപ്പെട്ട ശരണും സംഘവും ഞായറാഴ്ച രാത്രി 11 മണിയോടെ സൂര്യലാലിന്റെ വീട് കയറി ആക്രമിച്ചു. കാപ്പാക്കേസ് പ്രതിയാണ് സൂര്യലാല്‍. ഇയാളുടെ മാതാവ് സുജാതയ്ക്ക് വെട്ടേറ്റ് ഗുരുതരപരുക്കുണ്ട്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
അക്രമി സംഘം വീട്ടില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ വാരി കിണറ്റിലിട്ടു. വീടും അടിച്ചു തകര്‍ത്തു. അടൂര്‍ പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ് ഈ പ്രദേശം. ആദ്യം ആക്രമിക്കപ്പെട്ട ശരണിന്റെ വീട് ഏനാത്ത് പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ്. മാരൂര്‍ പ്രദേശത്ത് ക്രിമിനല്‍ പശ്ചാത്തലമുളള നിരവധി പേര്‍ താമസിക്കുന്നുണ്ട്. കഞ്ചാവ് വില്‍പ്പനയും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനവും ഇവിടെ പതിവാണ്. സൂര്യലാലിനെതിരേ അടൂര്‍ പോലീസ് കാപ്പ ചുമത്തിയിരുന്നു. രണ്ടു സംഭവങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്തു. പ്രദേശത്ത് പോലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.