സര്‍ക്കാരിന് ആനുകൂല്യങ്ങള്‍ നല്‍കാന്‍ പണമില്ല: സംസ്ഥാനത്ത് ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ നീക്കം

0 second read
Comments Off on സര്‍ക്കാരിന് ആനുകൂല്യങ്ങള്‍ നല്‍കാന്‍ പണമില്ല: സംസ്ഥാനത്ത് ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ നീക്കം
0

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ചര്‍ച്ചകളിലേക്ക്. സര്‍ക്കാര്‍ ഖജനാവിലെ പ്രതിസന്ധിയാണ് ഇതിന് കാരണം. പെന്‍ഷന്‍ പ്രായം കൂട്ടിയില്ലെങ്കില്‍ ഈ സാമ്പത്തിക വര്‍ഷം എന്തു ചെയ്യുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. 2024-05 സാമ്പത്തിക വര്‍ഷത്തില്‍ 25000ത്തോളം പേരാണ് സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിക്കുക. ഇതില്‍ 20000പേര്‍ വിരമിക്കുന്നത് മേയ് മാസത്തിലാണ്. ശരാശരി ഒരാള്‍ക്ക് വിരമിക്കുമ്പോള്‍ 40 ലക്ഷത്തോളം രൂപ സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്. 20000 പേര്‍ക്ക് ഇത്രയും തുക നല്‍കാന്‍ കുറഞ്ഞത് 8000 കോടി വേണം. ഈ സാഹചര്യത്തിലാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതില്‍ സര്‍ക്കാര്‍ ആലോചന തുടങ്ങുന്നത്.

പെന്‍ഷന്‍ പ്രായം അറുപതാക്കിയാല്‍ കേരളത്തിന്റെ സാമ്പത്തിക നില കൂടുതല്‍ സുസ്ഥിരമാകുമെന്ന് കരുതുന്നവരുമുണ്ട്. എന്നാല്‍ യുവാക്കളുടെ പ്രതിഷേധം അതിരുവിടും. അതു മനസ്സിലാക്കി പെന്‍ഷന്‍ പ്രായം 58 ആക്കാനാണ് ആലോചന. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും കാലമുണ്ട്. അതുകൊണ്ട് തന്നെ യുവാക്കളുടെ പ്രതിഷേധത്തിന് പരിഹാരമൊരുക്കാന്‍ സമയമുണ്ടെന്നാണ് വിലയിരുത്തല്‍. നയപരമായ തീരുമാനമായതിനാല്‍ ഇടതു മുന്നണിയും ഇത് അംഗീകരിക്കേണ്ടതുണ്ട്.

നിര്‍ണ്ണായക നടപടികള്‍ ഇതുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പ് ആലോചിക്കുന്നുണ്ട്. ഇപ്പോഴും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുണ്ട്. ജൂണ്‍ നാലിന് വോട്ടെടുപ്പ് കഴിയും വരെ അതു തുടരും. മേയ് മാസത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെങ്കില്‍ ഉടന്‍ തീരുമാനം എടുക്കണം. ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി അനിവാര്യമാണ്. ഇതിനുള്ള ചര്‍ച്ചകളും മറ്റും സെക്രട്ടറിയേറ്റില്‍ നടക്കുന്നുണ്ട്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയില്ലെങ്കില്‍ വലിയ പ്രതിസന്ധിയായി മാറുമെന്നാണ് ധനകാര്യ വകുപ്പിലേയും പ്രമുഖരുടെ നിലപാട്. എന്‍ജിഒ യൂണിയന്റെ മുന്‍നിര നേതാക്കളും മേയ് മാസത്തില്‍ പെന്‍ഷനാകാനുണ്ട്. ഇവരും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിന് അനുകൂലമാണ്.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുകയോ അടുത്ത സാമ്പത്തിക വര്‍ഷം എല്ലാവരും വിരമിക്കുന്ന രീതിയില്‍ ഏകീകരണമോ ആണ് ആലോചനയില്‍. നിലവില്‍ കടമെടുത്താണ് കേരളം മുമ്പോട്ട് പോകുന്നത്. ഏകദേശം 38000 കോടിയാകും കടമെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം അനുവദിക്കാന്‍ പോകുന്ന പരിധി. ഇതില്‍ പതിനായിരം കോടിയില്‍ അധികം പെന്‍ഷന്‍ ആനുകൂല്യം നല്‍കേണ്ടി വരുന്നത് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകര്‍ക്കും. കിഫ്ബിയുടേയും മറ്റു ഫണ്ടുകളുടേയും കടമെടുക്കല്‍ കണക്കും സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ കൊണ്ടു വന്നാല്‍ കേരളത്തിന് അനുവദനീയമായ ഈ സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പ് പരിധി 25000 കോടിയായി ചുരുങ്ങാനും സാധ്യത ഏറെ.

അങ്ങനെ 25000 കോടി മാത്രം കടമെടുക്കാന്‍ ആകുന്ന സാഹചര്യമുണ്ടാകുമ്പോള്‍ പെന്‍ഷന് വേണ്ടി അതില്‍ പകുതിയോളം കൊടുക്കുന്നതിലെ പ്രതിസന്ധി ചിന്തിക്കാനുന്നതിനും അപ്പുറമാണ്. അതുകൊണ്ട് കൂടിയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തി ഈ തുക വികസന ആവശ്യത്തിലേക്ക് മാറ്റാനുള്ള ആലോചന. സാമൂഹിക ക്ഷേമ പെന്‍ഷനും മറ്റും മുടങ്ങുന്ന സാഹചര്യം സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയേയും ബാധിക്കും. യുവാക്കള്‍ക്ക് ജോലി നഷ്ടം ഉണ്ടാകില്ലെന്ന സന്ദേശം നല്‍കി പെന്‍ഷന്‍ പ്രായം ഉയര്‍ത്തേണ്ട സാഹചര്യമുണ്ടെന്നാണ് വിലയിരുത്തല്‍.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…