ബംഗലുരു: ശിപാര്‍ശയുടെ പല അവസ്ഥാന്തരങ്ങളും നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍, ഇത്തരമൊരു മാരകവേര്‍ഷന്‍ ആദ്യമായിരിക്കും. മുത്തച്ഛനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധിയ്ക്ക് കര്‍ണാടകത്തില്‍ നിന്നുള്ള ഏഴു വയസുകാരിയുടെ കത്ത്. കോണ്‍ഗ്രസ് നേതാവ് ടി.ബി. ജയചന്ദ്രയുടെ കൊച്ചുമകളാണ് രാഹുലിന് ശിപാര്‍ശക്കത്ത് അയച്ചത്. അദ്ദേഹത്തിന് മന്ത്രിസ്ഥാനവും ക്യാബിനറ്റില്‍ പദവിയില്‍ കൊടുക്കാനാണ് കത്തില്‍ കൊച്ചുമകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
”പ്രിയപ്പെട്ട രാഹുല്‍ഗാന്ധി. ഞാന്‍ ടിബി ജയചന്ദ്രയുടെ കൊച്ചുമകളാണ്. മുത്തച്ഛന്‍ മന്ത്രിയാകാത്തതില്‍ തനിക്ക് വലിയ സങ്കടമുണ്ട്. അദ്ദേഹം കഠിനാദ്ധ്വാനിയും നാട്ടുകാര്‍ക്ക് പലവിധത്തിലുളള സഹായം ചെയ്യുന്നതിനാല്‍ ആളുകള്‍ ഏറെ സ്‌നേഹിക്കുന്നയാളുമാണ്. അദ്ദേഹം തീര്‍ച്ചയായും മന്ത്രിയാകേണ്ടയാളാണ്.” കത്തില്‍ ജയചന്ദ്രന്റെ കൊച്ചുമകള്‍ ആര്‍നാ സന്ദീപ് പറയുന്നു.
ജയചന്ദ്രന്റെ രണ്ടാമത്തെ മകന്റെ മകളായ ആര്‍ന മൂന്നാംക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. ടി.വി. കണ്ടുകൊണ്ടിരിക്കുമ്‌ബോഴാണ് കുടുംബാംഗങ്ങള്‍ മുത്തച്ഛന്‍ മന്ത്രിയാകുന്നില്ലെന്ന് പറഞ്ഞത്. ഇതുകേട്ട് ആര്‍നയ്ക്ക് വലിയ സങ്കടമായെന്നും കരച്ചിലോട് കരച്ചിലായെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.
കുട്ടിയെ ആശ്വസിപ്പിക്കാന്‍ വേണ്ടി രാഹുല്‍ഗാന്ധിയ്ക്ക് കത്തെഴുതാന്‍ പറഞ്ഞു. അത് കുട്ടി ഗൗരവത്തില്‍ എടുത്തെന്നും ഉടന്‍ പേപ്പറും പേനയും എടുക്കുകയായിരുന്നെന്നും ആര്‍നയുടെ പിതാവ് പറഞ്ഞു. കത്ത് കണ്ടെത്തിയ ജയചന്ദ്രന്റെ അനുയായികളാണ് അതിന്റെ ഫോട്ടോയെടുത്ത് സാമൂഹ്യമാധ്യമത്തില്‍ ഇട്ടത്. കത്ത് രാഹുല്‍ഗാന്ധിയ്ക്ക് അയയ്ക്കാനുള്ള നീക്കത്തിലാണ് കുട്ടിയുടെ കുടുംബം.