ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് മൂലം വമ്പന്‍ നഷ്ടം നേരിട്ട് വിതരണക്കാര്‍. ഗോഡൗണിന്റെ ശേഷി, കണക്ഷനുകളുടെ എണ്ണം എന്നിവ വച്ചു കണക്കാക്കുമ്പോള്‍ ഓരോ ഏജന്‍സിക്കും ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം രൂപ വരെ നഷ്ടം സംഭവിച്ചു. അതിനിടെ ഇന്നലെ വാണിജ്യ സിലിണ്ടറിന്റെ വില വീണ്ടും 163 കുറഞ്ഞ് 1565.50 രൂപയിലെത്തി. ഇതും ഏജന്‍സി ഉടമകളെ ബാധിച്ചു.
ഓരോ ഏജന്‍സിയും ഗോഡൗണിന്റെ ശേഷിയുടെ 85 ശതമാനം സിലിണ്ടറുകള്‍ സൂക്ഷിച്ചിരിക്കണമെന്നാണ് ഓയില്‍ കമ്പനികള്‍ നല്‍കുന്ന നിര്‍ദേശം. വില ഒറ്റയടിക്ക് വെട്ടിക്കുറച്ചതിലൂടെ അഡ്വാന്‍സായി ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടറുകളുടെ എണ്ണം വച്ച് നോക്കുമ്പോള്‍ ഓരോ ഏജന്‍സിക്കും ഒരു ലക്ഷം മുതല്‍ രണ്ടര ലക്ഷം വരെ രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നതെന്ന് എല്‍.പി.ജി ഫെഡറേഷന്‍ പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് അയച്ച നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയൊട്ടാകെയുള്ള 25,000 വിതരണക്കാര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം നേരിട്ടുവെന്നും നിവേദനത്തില്‍ പറയുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷമായി കമ്മിഷന്‍ വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയില്‍ കഴിയുകയായിരുന്നു വിതരണക്കാര്‍. ഗോഡൗണിലും വിതരണ വാഹനത്തിലുമുള്ള സിലിണ്ടറുകളെ ബാധിക്കുന്ന വിധം വില വെട്ടിക്കുറച്ചതിലൂടെ വമ്പന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയപ്പെട്ടു. പാചകവാതക വില കൂടുകയും കുറയുകയും ചെയ്തുന്നതിന് തടയാന്‍ വില സംരക്ഷണം (പ്രൈസ് പ്രൊട്ടക്ഷന്‍) എന്നുള്ളത് വിതരണക്കാരുടെ ഏറെ നാളായുള്ള ആവശ്യമായിരുന്നു. അത് പാലിക്കപ്പെട്ടില്ല. ഒറ്റയടിക്ക് 200 രൂപ വെട്ടിക്കുറച്ചതിലൂടെ തങ്ങള്‍ക്ക് നഷ്ടമായ തുക മടക്കി നല്‍കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു വര്‍ഷമായുള്ള കമ്മിഷന്‍ കുടിശിക എത്രയും വേഗം നല്‍കണമെന്നും വിതരണക്കാര്‍ ആവശ്യപ്പെടുന്നു.
അതേ സമയം, ഓരോ തവണയും സിലിണ്ടര്‍ വില വര്‍ധിച്ചപ്പോള്‍ നിങ്ങള്‍ക്ക് നേട്ടമുണ്ടായില്ലേ അതിനാല്‍ ഇക്കുറിയുള്ള നഷ്ടം സഹിക്കണമെന്നാണ് ഓയില്‍ കമ്പനികളുടെ നിലപാടെന്ന് വിതരണക്കാരുടെ സംഘടനകള്‍ പറയുന്നു.
200 രൂപ സബ്‌സിഡി നല്‍കുകയായിരുന്നുവെങ്കില്‍ തങ്ങള്‍ക്ക് അത് ആശ്വാസമാകുമായിരുന്നുവെന്നാണ് വിതരണക്കാര്‍ പറയുന്നത്. ബാങ്ക് മുഖേനെ സര്‍ക്കാരില്‍ നിന്ന് ആ തുക വിതരണം ചെയ്യപ്പെടുമായിരുന്നു. ഇതിപ്പോള്‍ കൈവശമുള്ള സിലിണ്ടറുകളെ വിലയെ കൂടി ബാധിക്കുന്ന തരത്തിലാണ് വെട്ടിക്കുറവ് പ്രഖ്യാപിച്ചത്. ഇതോടെ ബാധ്യത മുഴുവന്‍ വിതരണക്കാരുടെ തലയിലായി.
വാഹനങ്ങളുടെ വലിപ്പമനുസരിച്ച് ഒരു ലോഡ് എന്ന് പറയുന്നത് 306 മുതല്‍ 455 സിലിണ്ടര്‍ വരെയാണ്. 357 സിലിണ്ടറുളള ഒരു ലോഡിന്മേല്‍ വിതരണക്കാരന് വരുന്ന നഷ്ടം ഏകദേശം 70,000 രൂപയാണ്. ചില വിതരണക്കാര്‍ കൂടുതല്‍ ലോഡിനായി വില കുറയ്ക്കുന്നതിന്റെ തലേന്ന് പണമടച്ചിരുന്നു. ഇവര്‍ക്കുണ്ടായ നഷ്ടം 2.49 ലക്ഷം രൂപയാണ്. രാജ്യമൊട്ടാകെ വിതരണക്കാര്‍ക്ക് 500 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായിരിക്കുന്നതെന്ന് ഓള്‍ ഇന്ത്യ ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡിസ്ട്രിബ്യൂഷന്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി. ദക്ഷിണാമൂര്‍ത്തി പറയുന്നു.
എന്നാല്‍, ഓണ്‍ലൈന്‍ വഴി പണമടച്ച് ഗ്യാസ് ബുക്ക് ചെയ്ത ഉപയോക്താക്കള്‍ക്ക് നഷ്ടമില്ല. വില കുറച്ച ദിവസമാണ് സിലിണ്ടര്‍ കിട്ടുന്നതെങ്കില്‍ അവര്‍ക്ക് 200 രൂപ മടക്കി നല്‍കുകയും ചെയ്യുന്നുണ്ട്.