റാന്നി: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ ജില്ലയില്‍ ഗ്രൂപ്പുകള്‍ സജീവം. ഇവിടെ നിന്നുള്ള രാഹുല്‍ മാങ്കൂട്ടത്തിലാണ് എ ഗ്രൂപ്പിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനാര്‍ഥി എന്നുള്ളത് തെരഞ്ഞെടുപ്പ് രംഗം കൂടുതല്‍ സജീവമാക്കി.
ജില്ലയിലെ സമവാക്യങ്ങള്‍ മാറി മറിഞ്ഞെന്നും ഗ്രൂപ്പുകള്‍ ദുര്‍ബലമായെന്നും നേതൃത്വം അവകാശപ്പെടുമ്പോഴാണ് ഗ്രൂപ്പ് തിരിഞ്ഞുള്ള തെരഞ്ഞെടുപ്പ്. ഗ്രൂപ്പ് തിരിഞ്ഞുള്ള മത്സരത്തിന്റെ ഭാഗമായി എല്ലാ ഗ്രൂപ്പിന്റെയും യോഗം കൂടാന്‍ സംസ്ഥാന തലത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ എ ഗ്രൂപ്പിന്റെ ആദ്യ നിയോജക മണ്ഡലതല യോഗം റാന്നി വൈ.എം.സി.എ ഹാളില്‍ കൂടി. എ ഗ്രൂപ്പ് സംസ്ഥാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ യോഗത്തില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. മണ്ഡലം, ബ്ലോക്ക് ജില്ലാ തലത്തില്‍ റാന്നിയില്‍ നിന്നും മത്സരിക്കേണ്ടവരുടെ പട്ടിക തയാറാക്കി.
കോണ്‍ഗ്രസ് റാന്നി ബ്ലോക്ക് പ്രസിഡന്റ് സിബി താഴത്തില്ലത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റിങ്കു ചെറിയാന്‍, സാംജി ഇടമുറി, സിനാജ് ചാമക്കാല, പ്രമോദ്, ബെന്നി, അരവിന്ദ് വെട്ടിക്കല്‍, മാര്‍ട്ടിന്‍ ജോസഫ്, ഷിന്റു തേനാലില്‍, റിജോ തോപ്പില്‍, പ്രവീണ്‍ രാജ് രാമന്‍, ബോബന്‍ താഴമണ്‍, ഉദയന്‍ റാന്നി, നിഷാദ് കോട്ടാങ്ങള്‍, രാജേഷ് വടശേരിക്കര, ആല്‍ഫില്‍, ജിബിന്‍ അരയാഞ്ഞിലിമണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
റാന്നിയില്‍ നിന്നുമുള്ള ആരോണ്‍ ബിജിലിയാണ് കെ.സി. വേണുഗോപാല്‍ വിഭാഗത്തിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. ഐ വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി നഹാസ് പത്തനംതിട്ടയാണ്. ത്രികോണ മത്സരം നടന്നാല്‍ റാന്നിയില്‍ നിന്നും മഹാഭൂരിപക്ഷം വോട്ടുകള്‍ എ ഗ്രൂപ്പിന് അനുകൂലമാക്കുവാന്‍ തീരുമാനിച്ചു. എല്ലാ മണ്ഡലങ്ങളിലേക്കും പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളെയും നിശ്ചയിച്ചു.
പുതുതായി നിയമിതനായ കോണ്‍ഗ്രസ് റാന്നി ബ്ലോക്ക് പ്രസിഡന്റ് ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്തത് മറ്റ് ഗ്രൂപ്പുകളെ ചൊടിപ്പിച്ചു. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അപ്പുറം പല തലങ്ങളിലുള്ള സഹായങ്ങള്‍ നേടിയാണ് ഇദ്ദേഹം പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചത്. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പായി നിയുക്ത ബ്ലോക്ക് പ്രസിഡന്റ് ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്തതിന് എതിരെ കെപിസിസിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് മറ്റ് വിഭാഗങ്ങള്‍.