
തൊടുപുഴ: ജില്ലയിലെ തോട്ടം മേഖലകളിൽ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം അനിതരം വർധിക്കുമ്പോഴും ഇവരുടെ കൃത്യ വിവരങ്ങൾ തൊഴിൽ വകുപ്പിന് ലഭ്യമല്ല.ദിവസേന നൂറുകണക്കിന് തൊഴിലാളികളാണ് വിവിധ സ്ഥലങ്ങളിൽ ജോലിക്കായി എത്തുന്നത്.
പശ്ചിമബംഗാൾ, അസം, ഒഡിഷ, ഝാർഖണ്ഡ്, ബിഹാർ, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് തൊഴിലാളികൾ എത്തുന്നത്. ഇടനിലക്കാർ മുഖാന്തിരമാണ് ഇതര സംസ്ഥാന തൊഴിലാളികളെ തോട്ടങ്ങളിൽ ജോലിക്കായി എത്തിക്കുന്നത്.ഇത്തരത്തിൽ എത്തിക്കുന്നവർക്ക് അടിസ്ഥാന രേഖകൾ, തിരിച്ചറിയൽ വിവരങ്ങൾ, സുരക്ഷാ പരിശോധന എന്നിവ ഉണ്ടാകാറില്ല.
തൊഴിൽ വകുപ്പിനും പൊലീസിനും കൃത്യമായ വിവരങ്ങൾ കൈമാറണമെന്ന് നിർദ്ദേശമുണ്ടെങ്കിലും പലരും പാലിക്കാറില്ല. പ്രതിവാര റിപ്പോർട്ട് സമർപ്പിക്കണമെന്നു തൊഴിൽ വകുപ്പ് നിർദ്ദേശിച്ചിട്ടും, പലതോട്ടം ഉടമകളും വിവരങ്ങൾ നല്കുന്നില്ല. അവർ നൽകുന്നതും പൊരുത്തമില്ലാത്ത കണക്കുകളാണെന്നും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.