
പുതുവര്‍ഷത്തെ ആദ്യ നൂറു കോടി ക്ലബ് ചിത്രമായ മാളികപ്പുറത്തെ അഭിനന്ദിച്ച് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന് ഹരിഹരന്. തന്നെ നേരിട്ട് ഈ വിവരം അദ്ദേഹം ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ഫേസ്ബുക്കില്‍ കുറിച്ചു.
‘എത്ര അവാര്‍ഡ് കിട്ടിയാലും കിട്ടാത്ത ഒരു സന്തോഷമാണ് ഇന്ന് ഞങ്ങള്‍ മാളികപ്പുറം ടീമിന് കിട്ടിയത്, ഒരു വടക്കന്‍ വീരഗാഥയും, പഞ്ചാഗ്നിയും , പഴശ്ശിരാജയുമടക്കം മലയാളികള്‍ക്ക് സമ്മാനിച്ച ലെജന്‍ഡ് ഡയറക്ടര്‍ ഹരിഹരന് സാറിന്റെ ഒരു ഫോണ്‍ കോള്‍, മാളികപ്പുറം കണ്ട് അത്രയും ഇഷ്ടപ്പെട്ട സാര്‍ സ്ക്രിപ്റ്റിനെ പറ്റി എന്നോട് സംസാരിച്ച 20 മിനിറ്റ് ഇനിയൊരു 20 വര്‍ഷം കഥകള്‍ എഴുതാനുള്ള ഊര്‍ജ്ജമാണ് എനിക്ക് തന്നത് . സംഗീതം, സംവിധാനം, അഭിനയമടക്കമുള്ള എല്ലാ മേഖലയെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു,’ അഭിലാഷ് പിള്ള കുറിച്ചു.
ഉണ്ണി മുകുന്ദന് നായകനായ ‘മാളികപ്പുറം’ ഈ വര്‍ഷത്തെ ഏറ്റവും വലിയ കളക്ഷന്‍ രേഖപ്പെടുത്തിയ മലയാള ചിത്രം എന്ന നേട്ടത്തിലാണ്.