
ശബരിമല: സന്നിധാനത്ത് അയ്യപ്പ ഭക്തരെ സാക്ഷിയാക്കി നടന്ന ചടങ്ങില്‍ 2025 ലെ ഹരിവരാസനം പുരസ്‌കാരം കവിയും ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് മന്ത്രി വി.എന്‍. വാസവന്‍ സമ്മാനിച്ചു. ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും മറ്റ് ജീവനക്കാരുടെയും സന്നദ്ധസംഘടനകളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനകാലം കുറ്റമറ്റതാക്കാന്‍ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. പുരസ്‌കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍വ്വമത സാഹോദര്യത്തിനും സര്‍ഗ സമഭാവനക്കുമുള്ള സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതിനായി ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതാണ് ഹരിവരാസനം പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ദേവസ്വം സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ സി.വി. പ്രകാശ്, സംഗീതജ്ഞ ഡോ. കെ.ഓമനക്കുട്ടി എന്നിവരടങ്ങുന്നതായിരുന്നു പുരസ്‌കാര നിര്‍ണയ സമിതി.
സന്നിധാനം ശാസ്താ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തമിഴ്‌നാട് ഹിന്ദുമത ധര്‍മ്മസ്ഥാപന വകുപ്പ് മന്ത്രി പി.കെ. ശേഖര്‍ ബാബു മുഖ്യാതിഥിയായി. പ്രമോദ് നാരായണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്.പ്രശാന്ത്, പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍, റാന്നിപെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍, ശബരിമല എ.ഡി.എംഅരുണ്‍ എസ്. നായര്‍, പത്തനംതിട്ട സബ് കലക്ടര്‍ സുമിത്ത് കുമാര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. എ. അജികുമാര്‍, ജി. സുന്ദരേശന്‍, ദേവസ്വം കമ്മീഷണര്‍ സി വി പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു. റവന്യൂ (ദേവസ്വം)/വകുപ്പ് അഡീഷണല്‍ സെക്രട്ടറി ടി ആര്‍ ജയപാല്‍ പ്രശസ്തിപത്ര പാരായണം നടത്തി. സന്നിധാനത്തും പരിസരത്തും അയ്യപ്പന്റെ ചിത്രങ്ങള്‍ വരച്ച ഭിന്നശേഷിക്കാരനായ പത്തനാപുരം സ്വദേശി മനോജ് കുമാറിനെ ഒരു ലക്ഷം രൂപ നല്‍കി വേദിയില്‍ ആദരിച്ചു.
മാനവികതയും സാമൂഹ്യബോധവുമാണ്
പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്: കൈതപ്രം
സാംസ്‌കാരിക, സംഗീത സൃഷ്ടികള്‍ക്കുപരിയായി താന്‍ ജീവിതത്തില്‍ ഉയര്‍ത്തിപ്പിടിച്ച മാനവികതയും സാമൂഹികബോധവുമാണ് ഹരിവരാസനം പുരസ്‌കാരത്തിന് തന്നെ അര്‍ഹനാക്കിയതെന്ന് വിശ്വസിക്കുന്നതായി കൈതപ്രം ദാമോദരന്‍ നമ്പൂതിരി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. താനും ദേവസ്വം ബോര്‍ഡ് ജീവനക്കാരനായിരുന്നുവെന്നും തനിക്ക് ലഭിച്ച പുരസ്‌കാരം തീര്‍ഥാടന കാലത്ത് വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കായി വീതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എടപ്പഴഞ്ഞി പാങ്ങോട് ശാസ്താ ക്ഷേത്രത്തില്‍ ശാന്തിയായിരിക്കെ പ്രദേശത്ത് സാമുദായിക സൗഹാര്‍ദം വളര്‍ത്താനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പൂഞ്ഞാറില്‍ ശാന്തിയായി പ്രവര്‍ത്തിക്കവേ ശമ്പളവും ദക്ഷിണയും വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇത് അവിടുത്തെ ഭക്തരില്‍ വലിയ സ്വാധീനമുണ്ടാക്കി. നിവേദ്യച്ചോറ് സാധാരണ ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. വിശന്നു വലയുന്നവര്‍ക്ക് ഭക്ഷണം നല്‍കിയത് മഹാപുണ്യമായി ഭഗവാന്‍ കരുതും. സാമൂഹ്യസാംസ്‌കാരിക രംഗത്ത് നടത്തിയ ഇത്തരം പ്രവര്‍ത്തനങ്ങളാണ് ഹരിവരാസനം പുരസ്‌കാരത്തിന് തന്നെ അര്‍ഹനാക്കിയതെന്നാണ് വിശ്വസിക്കുന്നത്. എല്ലാവരും ഒന്നാണെന്ന വലിയ പാഠമാണ് അയ്യപ്പന്‍ പഠിപ്പിക്കുന്നത്. പുരസ്‌കാരം വാങ്ങാനെത്തിയ ദിവസം മഹാദര്‍ശനം കിട്ടി. മകരവിളക്ക് തന്ത്രിയെയും മേല്‍ശാന്തിയെയും വന്ദിക്കാന്‍ കഴിഞ്ഞു. ഇതുവരെ നേടാത്ത ദര്‍ശന പുണ്യമാണ് നേടിയത്. എല്ലാവരുടെയും സ്‌നേഹം അനുഭവിക്കുമ്പോള്‍ വലിയ ഭക്തനായി മാറുന്നു. അപ്പോഴാണ് കവിയും കലാകാരനുമാകാന്‍ കഴിയുന്നതെന്നും കൈതപ്രം പറഞ്ഞു.